പികെഎസ് പൊറത്തിശേരി ലോക്കല്‍ സമ്മേളനം
പൊറത്തിശേരി: ദീര്‍ഘകാലം സിപിഎം ഏരിയ കമ്മിറ്റിയംഗം, ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റ്, പൊറത്തിശേരി പഞ്ചായത്തിന്റെ പ്രഥമ വനിത പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ച പട്ടികജാതി വിഭാഗത്തില്‍ നിന്നുയര്‍ന്നു വന്ന വനിത നേതാവ് ശാരദ കുഞ്ഞന്റെ സ്മാരകമായി ഇരിങ്ങാലക്കുട നഗരസഭയിലെ 38ാം വാര്‍ഡില്‍ നിര്‍മിക്കുന്ന സാംസ്കാരിക നിലയത്തിന്റെ പേര് മാറ്റാനുള്ള നീക്കം തടയണമെന്നു പട്ടികജാതി ക്ഷേമ സമിതി (പികെഎസ്) പൊറത്തിശേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. കുഴിക്കാട്ടുകോണം അംബേദ്കര്‍ സാംസ്കാരിക നിലയത്തില്‍ ചേര്‍ന്ന സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി. ബാബു ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ഏരിയ സെക്രട്ടറി സി.ഡി. സിജിത്ത്, ജോയിന്റ് സെക്രട്ടറി കെ.വി. മദനന്, സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയംഗം എം.ബി. രാജുമാസ്റ്റര്‍, സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം കെ.ജെ. ജോണ്സന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.കെ. ബാബു (പ്രസിഡന്റ്), പി.കെ. സുരേഷ് (സെക്രട്ടറി), വി.സി. പ്രഭാകരന് (ട്രഷറര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.