പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
തുമ്പപ്പൂവും മുക്കുറ്റിയും തേടിയുള്ള ഓണക്കാലം ഓര്മ; ഇത്തവണ താരമായി കൃത്രിമ പൂക്കളങ്ങള്‍
ഇരിങ്ങാലക്കുട: തൊടിയില്‍ തുമ്പപ്പൂവും മുക്കുറ്റിയും തേടി ഓടിനടന്ന കുട്ടിക്കാലവും അതിരാവിലെ ചാണകം മെഴുകിയ വീട്ടുമുറ്റത്ത് പൂക്കളമൊരുക്കിയിരുന്ന ഓണക്കാലവും ഇന്ന് പലര്‍ക്കും ഓര്മ മാത്രം. തിരക്കേറിയ ജീവിതശൈലിയില്‍ ഓണത്തിന്റെ പൂക്കളവും റെഡിമെയ്ഡാകുമ്പോള് വിപണിയില്‍ തരംഗമായി മാറുകയാണ് കൃത്രിമ പൂക്കളങ്ങള്‍. കടകള്‍ കയറിയിറങ്ങി പൂക്കള്‍ വാങ്ങാനും മുറ്റത്ത് ഡിസൈന്‍ വരച്ച് മണിക്കൂറുകളോളം പൂക്കളമൊരുക്കാനും സമയമില്ലാത്തവര്ക്കാണ് റെഡിമെയ്ഡ് പൂക്കളങ്ങള്‍ ആശ്വാസമാകുന്നത്. അഹമ്മദാബാദില്‍ നിന്നും മധുരയില്‍ നിന്നുമാണ് വിവിധ ഡിസൈനുകളിലുള്ള കൃത്രിമ പൂക്കളങ്ങള്‍ ഇത്തവണ തൃശൂരിലെ ഓണവിപണിയിലെത്തിയിരിക്കുന്നത്. വീടുകളിലും ഓഫീസുകളിലും ഒരുപോലെ ഉപയോഗിക്കാമെന്നതിനാല്‍ ഇവയ്ക്ക് ആവശ്യക്കാരേറെയാണ്.
വിവിധ വലിപ്പത്തിലും ആകര്‍ഷകമായ ഡിസൈനുകളിലുമുള്ള പൂക്കളങ്ങളാണ് വിപണിയിലുള്ളത്.
ചെറിയ ലിവിംഗ് റൂമുകള്‍ക്ക് അനുയോജ്യമായവ മുതല്‍ വന്‍കിട ഓഫീസുകളിലെ വിശാലമായ ഹാളുകളില്‍ ഒരുക്കാവുന്ന വലിയ മോഡലുകള്‍ വരെ ലഭ്യമാണ്. കൃത്രിമ അസംസ്കൃത വസ്തുക്കള്‍ വാങ്ങി സ്വന്തമായി നിര്‍മിച്ചെടുക്കുന്ന മോഡലുകളും വിപണിയിലുണ്ട്. രണ്ടടി വലിപ്പമുള്ള ചെറിയ പൂക്കളങ്ങള്‍ക്ക് 260 രൂപ മുതലാണ് വില. മൂന്നരടി വലിപ്പമുള്ളവയ്ക്ക് 650 മുതല്‍ 900 രൂപ വരെയാണ് വില. വിശാലമായ ഇടങ്ങളില്‍ ഒരുക്കാവുന്ന അഞ്ചരടി വലിപ്പമുള്ള വലിയ പൂക്കളങ്ങള്‍ക്ക് 4,500, 5,500, 6,500 രൂപ എന്നിങ്ങനെയാണ് വില. ഒറിജിനല്‍ പൂക്കളത്തിന്റെ ഭംഗിയും ഈടും നല്കുന്ന പ്രത്യേക തുണിയില്‍ നിര്‍മിച്ച് ചട്ടയില്‍ ക്രമീകരിച്ച ചെണ്ടുമല്ലി മാല മോഡല്‍ പൂക്കളങ്ങള്‍ക്കും ആവശ്യക്കാരുണ്ട്. മധുരയില്നിന്നെത്തുന്ന ഇവയ്ക്ക് 350, 450, 700, 1,000 രൂപ നിരക്കുകളാണുള്ളത്. അഹമ്മദാബാദില്‍നിന്നുള്ള ജനപ്രിയ മാറ്റ് മോഡലുകള്‍ 350 മുതല്‍ 450 രൂപ വരെയുള്ള ബജറ്റ് നിരക്കിലും ലഭ്യമാണ്. പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, വര്‍ഷങ്ങളോളം ഉപയോഗിക്കാം എന്നതാണ് റെഡിമെയ്ഡ് പൂക്കളങ്ങളുടെ പ്രധാന ആകര്‍ഷണം. ഓണക്കാലത്തെ തിരക്കിനിടയിലും പൂക്കളത്തിന്റെ ഭംഗി ഒഴിവാക്കാന്‍ തയ്യാറല്ലാത്തവര്‍ ഏറെയായതോടെ ഇത്തവണയും റെഡിമെയ്ഡ് പൂക്കളങ്ങള്‍ക്ക് വിപണിയില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
കണ്ണ് പോയിട്ടും കാണാത്ത നീതി
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഓണവിപണി; നേന്ത്രക്കായ ചിപ്സിനും ശര്‍ക്കരവരട്ടിക്കും വന്‍ ഡിമാന്‍ഡ്
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
സെന്റ് ജോസഫ്സ് കോളജില്‍ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ