കത്തീഡ്രല്‍ പള്ളിയില്‍ നടന്ന കാല്‍കഴുകല്‍ ശുശ്രൂഷക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു
ഇരിങ്ങാലക്കുട: പെസഹാ വ്യാഴാഴ്ച സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന കാല്‍കഴുകല്‍ ശുശ്രൂഷക്കും തിരുകര്‍മങ്ങള്‍ക്കും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത്, അസിസ്റ്റന്റ് വികാരിമാരായ ഫാ. അനൂപ് പാട്ടത്തില്‍, ഫാ. ജെയിന് കടവില്‍, ഫാ. ഡെല്‍ബി തെക്കുംപുറം, നിത്യാരാധന കേന്ദ്രം വൈസ് റെക്ടര്‍ ഫാ. ജെയ്സണ്‍ പാറേക്കാട്ട്, സെക്രട്ടറി ഫാ. ഫെമിന്‍ പൊഴോലിപറമ്പില്‍, ഫാ. ഡേവിസ് കിഴക്കുംതല എന്നിവര്‍ സഹകാര്‍മികരായിരുന്നു. രാവിലെ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിനുശേഷം രാത്രി ഏഴുവരെ ആരാധന, രാത്രി ഏഴിന് പൊതു ആരാധന, തുടര്‍ന്ന് പെസഹ അപ്പം മുറിക്കല്‍ ശുശ്രൂഷ എന്നിവ നടന്നു. ഇന്ന് രാവിലെ ഏഴിന് പീഢാനുഭവശുശ്രൂഷ, ഉച്ചതിരിഞ്ഞ് മൂന്നിന് പീഢാനുഭവസന്ദേശം, തുടര്‍ന്ന് നഗരികാണിക്കല്‍ എന്നിവ നടക്കും. നാളെ രാവിലെ 6.30 ന് ജ്ഞാനസ്നാനവ്രത നവീകരണം, ദിവ്യബലി എന്നിവ നടക്കും. രാത്രി 11.30 ന് ഉയിര്‍പ്പിന്റെ തിരുകര്‍മങ്ങള്‍ ആരംഭിക്കും.