കൂടല്‍മാണിക്യം ക്ഷേത്രോത്സവം: ആറാട്ട് ഭക്തിസാന്ദ്രമായി
ഇരിങ്ങാലക്കുട: ആചാരാനുഷ്ഠാനങ്ങളാല്‍ സമ്പന്നമായ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് സമാപനം കുറിച്ചുള്ള ആറാട്ട് ഭക്തിസാന്ദ്രം. ഇന്നലെ രാവിലെ പള്ളിയുണര്ന്ന സംഗമേശ്വരന് ആറാട്ടിനായി കൂടപ്പുഴ ആറാട്ടുകടവിലേക്ക് എഴുന്നള്ളി. വൈഷ്ണവമന്ത്രമുഖരിതമായ അന്തരീക്ഷത്തിലാണ് സംഗമേശ്വരന്റെ ആറാട്ടെഴുന്നള്ളിപ്പ് ആരംഭിച്ചത്. ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയില്‍ തിങ്ങി നിറഞ്ഞ ഭക്തരെ സാക്ഷി നിര്‍ത്തി ഭഗവാനെ പുറത്തേക്ക് എഴുന്നള്ളിച്ചു. വലിയ ബലികല്ലില് ബലി തൂവി, കൊടിമരത്തിന് പ്രദക്ഷിണം ചെയ്ത് കയ്യിലേന്തിയ വിഗ്രഹവുമായി മേല്‍ശാന്തി പ്രദക്ഷിണം പൂര്‍ത്തിയാക്കി. തുടര്‍ന്ന് സംഗമേശ്വര ചൈതന്യത്തെ തിടമ്പിലേയ്ക്കാവാഹിച്ച് ആനപ്പുറത്ത് കയറ്റി കിഴക്കേ ഗോപുര കവാടം വഴി പുറത്തേക്ക് ഇറങ്ങി. അകമ്പടി സേവിക്കാന്‍ തോക്കുമായി പോലീസ് പുറത്ത് കാത്തുനിന്നു. തുടര്‍ന്ന് മൂന്നാനകളോടൊപ്പം ചാലക്കുടി കൂടപ്പുഴയിലേക്ക് പുറപ്പെട്ട ഭഗവാനെ നൂറുകണക്കിന് ആളുകള്‍ അനുഗമിച്ചു. തന്റെ തട്ടകത്തിലെ ജനങ്ങളെ കാണാന്‍ പുറത്തേക്കെഴുന്നള്ളിയ ദേവനെ വഴിയോരങ്ങളിലും വീട്ടുമുറ്റത്തും കാത്തുനിന്ന ഭക്തജനങ്ങള്‍ വണങ്ങി നമസ്കരിച്ചു. നിറപറയും കത്തിച്ചുവെച്ച വിളക്കുമായാണ് പലരും ദേവനെ സ്വീകരിക്കാന്‍ കാത്തുനിന്നത്. ചില വീടുകളുടെയും കടകളുടെയും മുന്നില്‍ കൊടിതോരണങ്ങളും ആലക്തിക ദീപങ്ങളും തൂക്കിയിരുന്നു. മൂന്ന് ആനകളുടെ അകമ്പടിയോടെയാണ് ഭഗവാന് ആറാട്ടിന് എത്തിയത്. ആചാരപ്രകാരം കൂടപ്പുഴ മരത്തോമ്പിള്ളി മനയില്‍ പറയെടുപ്പു നടത്തി. ആറാട്ടുകടവിലെ പടവുകളില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ പൂജകള്‍ നടത്തി. ഉരുളിയില്‍ തിടമ്പുവച്ചാണ് സംഗമേശ്വരന്റെ ആറാട്ടു നടത്തിയത്. ആറാട്ടിനു ശേഷം കൂടപ്പുഴ എന്‍എസ്എസ് കരയോഗത്തിന്റെ വക പ്രസാദവിതരണവും നടന്നു. തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടത്തിയ പൂജകള്‍ക്കുശേഷം തിടമ്പ് ഏന്തിക്കൊണ്ട് മൂന്നു പ്രാവശ്യം പുഴയില്‍ മുങ്ങി ആറാട്ടു നടത്തിയപ്പോള്‍ ഭക്തജനങ്ങള്‍ ആര്‍പ്പുവിളികളോടെ ആറാട്ടില്‍ പങ്കെടുത്ത് നിര്‍വൃതി നേടി. തുടര്‍ന്ന് മഞ്ഞള്‍പൊടികൊണ്ട് അഭിഷേകവും പൂജയും നടത്തിയ ശേഷം മഞ്ഞള്‍പൊടി ഭക്തജനങ്ങള്‍ക്ക് പ്രസാദമായി വിതരണം ചെയ്തു. തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് കഞ്ഞിയും പുഴുക്കും പപ്പടവും മാങ്ങക്കറിയും വിതരണം ചെയ്തു. രാവിലെ ഇരിങ്ങാലക്കുടയില്‍ നിന്നും കാല്‍നടയായി പുറപ്പെട്ട എഴുന്നള്ളിപ്പ് കൂടപ്പുഴ ആറാട്ട് കടവില്‍ എത്തിച്ചേര്‍ന്ന് ഉച്ചതിരിഞ്ഞ് 2.40 ഓടെയാണ് ആറാട്ട് നടന്നത്. വൈകീട്ട് അഞ്ചിനാണ് തിരിച്ചെഴുന്നള്ളിപ്പ് ആരംഭിച്ചത്. ഇരിങ്ങാലക്കുട പള്ളിവേട്ട ആല്‍ത്തറയ്ക്കല്‍ നിന്നും അഞ്ചാനകളുടെയും ഗംഭീര പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ദേവന് ക്ഷേത്രത്തിലേക്കെഴുന്നള്ളാന് തുടങ്ങി. പഞ്ചവാദ്യത്തിന് കോങ്ങാട് മധുവും സംഘവും നേതൃത്വം നല്കി. ആറാട്ടുവിളക്ക് എഴുന്നള്ളിപ്പ് കുട്ടന്‍കുളം പന്തലില്‍ എത്തിയതോടെ പാണ്ടിമേളം ആരംഭിച്ചു. ക്ഷേത്രം കിഴക്കേ നടയില്‍ പാണ്ടി അവസാനിപ്പിച്ച് രൂപകം കൊട്ടി ക്ഷേത്രത്തില്‍ കടന്ന് പഞ്ചാരിമേളത്തോടെ പ്രദക്ഷിണം നടത്തി. രാത്രി ഒന്നരയോടെ എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെ കൊടിക്കല്‍ പറ നിറച്ച് വിഗ്രഹം എഴുന്നള്ളിച്ച് പ്രദക്ഷിണം പൂര്‍ത്തിയാക്കി. കൊടിയിറക്ക് കര്‍മം നിര്‍വഹിച്ച് ഭഗവാനെ അകത്തേക്കെഴുന്നള്ളിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിനകത്ത് ആറാട്ട് കലശം നടത്തി. ഇതോടെ 10 ദിവസം നീണ്ടുനിന്ന സംഗമപുരിയിലെ ഉത്സവത്തിന് പരിസമാപ്തിയായി.