കൂടല്‍മാണിക്ക്യം തിരുവുത്സവം; സുവര്‍ണമുദ്ര സമര്‍പ്പണവും ഗുരുദക്ഷിണസമര്പ്പണവും
ഇരിങ്ങാലക്കുട: പല്ലാവൂര്‍ തൃപ്പേക്കുളം വാദ്യ ആസ്വാദക സമിതിയുടെ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ സഹകരണത്തോടെ സുവര്‍ണ മുദ്രയും ദക്ഷിണയും സമ്മാനിച്ചു. ആറു പതിറ്റാണ്ടോളം കാലം കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ പ്രധാന അനുഷ്ഠാന പ്രവര്‍ത്തികളുടെയും മേളം, പഞ്ചവാദ്യ വിഭാഗങ്ങളിലും പങ്കെടുത്തവര്‍ക്കാണ് സുവര്‍ണമുദ്രയും ഗുരുദക്ഷിണയും കിഴക്കേ നടപ്പുരയില്‍ നടന്ന ചടങ്ങില്‍ വെച്ചു മന്ത്രി ഡോ. ആര്. ബിന്ദു വിതരണം ചെയ്തത്. ചടങ്ങില്‍ ദേവന്റെ വിശേഷങ്ങളില്‍ മാത്രം നടന്നുവരാറുള്ള ‘വലിയപാണി’ എന്ന സുപ്രധാന അനുഷ്ഠാന ചടങ്ങു നിര്‍വഹിക്കാറുള്ള വടക്കൂട്ട്മാരാത്തെ തല മുതിര്ന്നംഗം അപ്പന്മാരാര്ക്കും ഉത്സവകാലങ്ങളില്‍ നിത്യവും ഭഗവാനു വിളക്ക്, പിടി എന്നീ അനുഷ്ഠാന മേഖലകളില്‍ നിസ്വാര്‍ത്ഥ സേവനമനുഷ്ഠിച്ചു വരുന്ന തെക്കേ വാരിയത്തെ കാരണവര്‍ കെ.വി. ചന്ദ്രന് വാരിയര്‍ക്കും സംഗമേശന്റെ മുദ്ര ആലേഖനം ചെയ്ത സുവര്‍ണ മുദ്രയും അരനൂറ്റാണ്ടു കാലമത്രയും ഉത്സവത്തിന്റെ പഞ്ചവാദ്യ മേള വിഭാഗങ്ങളില്‍ പങ്കാളികളായ ഇലത്താളപ്രമാണികളായ മണിയാംപറമ്പില്‍ മണി നായര്‍ക്കും പറമ്പില്‍ നാരായണന് നായര്‍ക്കും 10,000 രൂപയുടെ ഗുരുദക്ഷിണയും സമര്‍പ്പിച്ചു. തദവസരത്തില്‍ 40 വര്‍ഷം പിന്നിട്ട മേളപ്രമാണി പെരുവനം കുട്ടന്മാരാരെയും മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗം അഡ്വ. കെ.ജി. അജയകുമാര്‍, പല്ലാവൂര്‍ തൃപ്പേക്കുളം സമിതി പ്രസിഡന്റ് കലാമണ്ഡലം ശിവദാസ്, വി.പി. രാധാകൃഷണന്, ആദരണിയവരുടെ കുടുംബാംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.