കോടതി വിധി പ്രസ്താവിച്ച ഉടനെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു, നാട്ടിക സ്വദേശിയായ പ്രതി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍…
ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിവിധ വകുപ്പുകള്‍ പ്രകാരം 48 വര്‍ഷം കഠിനതടവ് പ്രഖ്യാപിച്ചതിന് പിന്നാലെ വിധി കേട്ട പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരിങ്ങാലക്കുട പോക്സോ കോടതിയിലാണ് സംഭവം. 2018 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി പ്രസ്താവിച്ചത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു സംഭവം. വലപ്പാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നാട്ടിക ചേര്‍ക്കര സ്വദേശി ചേന്നംകാട് വീട്ടില്‍ കൊച്ചുമോന് മകന് ഗണേശനെ (63) ആണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യല്‍ കോടതി (പോക്സോ) ജഡ്ജ് കെ.പി. പ്രദീപ്കുമാര്‍ ശിക്ഷ വിധിച്ചത്. വിധി പ്രസ്താവിച്ച് അല്പസമയത്തിന് ശേഷം പ്രതി ചുവന്ന നിറത്തിലുള്ള പൊടി വിഴുങ്ങുന്നത് കണ്ട പോലീസുകാര്‍ ഉടനെ വായ കഴുകിച്ച് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വയറും കഴുകിച്ചതിന് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപകടനില തരണം ചെയ്ത പ്രതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എന്‍. സിനിമോള്‍ ഹാജരായി. 11 വയസുകാരിയായ ബാലികയുടെ വീട്ടില്‍ അതിക്രമിച്ചു കടക്കുകയും കുട്ടിയെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നാണ് കേസ്. പിഴത്തുക അടക്കാത്ത പക്ഷം രണ്ടു വര്‍ഷവും ഒന്‍പതു മാസവും കൂടി ശിക്ഷ അനുഭവിക്കണം. ജയില്‍ ശിക്ഷ ഒന്നിച്ച് അനുഭവിക്കുകയാണെങ്കില്‍ 20 വര്‍ഷം കഠിന തടവ് അനുഭവിച്ചാല്‍ മതി.വലപ്പാട് എസ്ഐ ആയിരുന്ന ഇ.ആര്. ബൈജു രജിസ്റ്റര്‍ ചെയ്ത കേസില്‍ സിഐ ആയിരുന്ന ടി.കെ. ഷൈജു ആണ് കേസ് അന്വേഷണം നടത്തിയത്. പ്രതിക്ക് ചുവന്ന പൊടി കിട്ടിയത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.