കരുവന്നൂര്‍ മേഖലയിലെ 20,000 ത്തോളം വാഴകള്‍ വെള്ളത്തില്‍
കരുവന്നൂര്‍ മേഖലയിലെ 20,000 ത്തോളം വാഴകള്‍ വെള്ളത്തില്‍
കരുവന്നൂര്‍: തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കരുവന്നൂര്‍ മേഖലയിലെ നേന്ത്രവാഴകൃഷി വെള്ളത്തിലായി. കരുവന്നൂര്‍ കിഴക്കെ പുഞ്ചപ്പാടം, ആറാട്ടുപുഴ കൊക്കിരിപള്ളം പ്രദേശത്തെ 20,000 ത്തോളം കുലച്ച നേന്ത്രവാഴകളാണ് വെള്ളക്കെട്ടിലായിരിക്കുന്നത്. ഏകദേശം ഒരു കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്സ് പ്രൊമോഷന് കൗണ്‍സില്‍ കരുവന്നൂര്‍ സ്വാശ്രയ കര്‍ഷകസമിതിയുടെ കീഴിലുള്ള കര്‍ഷകരുടെ വാഴകളാണ് വെള്ളത്തിലായിരിക്കുന്നത്. പുഴേക്കടവില്‍ പ്രകാശന്റെ തോട്ടത്തില്‍ മൂവായിരത്തോളം വാഴകളും വെള്ളത്തിലാണ്. ഇതിനുപുറമേ പുഴേക്കടവില്‍ രവി, കാഞ്ഞിരക്കാടന്‍ ആന്റു, തളിയക്കാട്ടില്‍ വേലായുധന്, കോലോന് കുട്ടന്, കാഞ്ഞിരക്കാടന്‍ ആന്റണി, തളിയക്കാട്ടില്‍ വേലായുധന്, തെക്കൂടന്‍ പോള്‍, തെക്കൂടന്‍ ഡേവീസ്, കാഞ്ഞിരക്കാടന്‍ ജോയി, കാഞ്ഞിരക്കാടന്‍ ഡേവീസ് തുടങ്ങി 40ഓളം കര്‍ഷകരുടെ തോട്ടങ്ങളും മുട്ടിനൊപ്പം വെള്ളത്തിലാണ്.
കടം വാങ്ങിയാണ് കൃഷി ചെയ്തിരിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ നശിച്ചുപോയതിന് ശേഷം വീണ്ടും കൃഷി ചെയ്തതാണിവ. ഓണത്തിന് വിളവെടുക്കാന്‍ പാകത്തിന് കുലച്ച വാഴകളാണ് മുഴുവനും. വെള്ളം കയറിയ പാടശേഖരങ്ങള്‍ കര്‍ഷകസമിതി പ്രസിഡന്റ് കെ.സി. ജെയിംസ്, വിഎഫ്പിസികെ ഡെപ്യൂട്ടി മാനേജര്‍ ടി.വി. അരുണ്‍കുമാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അടിയന്തരമായി സര്‍ക്കാര്‍ സഹായം ലഭ്യമാക്കാന്‍ നടപടി ഉണ്ടാകണമെന്ന് കെ.സി. ജെയിംസ് ആവശ്യപ്പെട്ടു.