ഉണങ്ങാതെ ചോരപ്പാട്……ആനീസ് കൊലപാതകം…… കണ്ണീരോര്മയ്ക്ക് ഇന്ന് മൂന്നാമാണ്ട്
ഇരിങ്ങാലക്കുട: നാടിനെ നടുക്കിയ കോമ്പാറ ആനീസ് കൊലക്കേസിലെ പ്രതി ആര്….? ഈ ചോദ്യത്തിന് ഉത്തരം തേടിയുള്ള പോലീസിന്റെ യാത്രയ്ക്കും ഇനിയും ഫലം കണ്ടെത്താനായിട്ടില്ല. 2019 നവംബര്‍ 14 നാണു ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയില്‍ കൂനന്‍ വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യ ആനീസ് കൊല്ലപ്പെട്ടത്. ചുരുളഴിയാത്ത
കൊലപാതകത്തിന് ഇന്ന് മൂന്നു വര്‍ഷം പിന്നിടുമ്പോഴും കൊലയാളി അഥവാ കൊലയാളി സംഘം അജ്ഞാതരായി കഴിയുന്നു. 2020 ഡിസംബറില്‍ ക്രൈംബ്രാഞ്ച് സംഘം കേസന്വേഷണം ഏറ്റെടുത്തുവെങ്കിലും കുറ്റവാളികളെ പിടികൂടാന്‍ കഴിയുന്നില്ലെന്നതാണു ശ്രദ്ധേയമാണ്.
കൊലപാതകം നടന്നത് 2019 നവംബര്‍ 14 ന്….തെളിവുകള്‍ ശൂന്യം….
ഭര്‍ത്താവിന്റെ മരണശേഷം ഒറ്റയ്ക്കു താമസിച്ചിരുന്ന ആനീസിനു രാത്രി കൂട്ടുകിടക്കാന്‍ വരാറുള്ള അടുത്ത വീട്ടിലെ പരിയാടത്ത് രമണി വൈകീട്ട് വീട്ടില്‍ എത്തിയപ്പോഴാണു വീടിന്റെ മുന്നിലെ വാതില്‍ പുറത്തുനിന്ന് അടച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് അകത്തു കയറിനോക്കിയപ്പോഴാണു രക്തത്തില്‍ കുളിച്ചു മരിച്ച നിലയില്‍ ആനീസിനെ കണ്ടത്. ഒരു മോഷ്ടാവ് ഒരിക്കലും മോഷണമോ കൊലയോ നടത്താന്‍ തെരഞ്ഞെടുക്കാത്ത സമയമാണു ആനീസ് കൊലക്കേസിലുണ്ടായിരിക്കുന്നത്. ഒരു തെളിവു പോലും ഇതുവരെയും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളോ ദൃക്സാക്ഷികളോ
ഇതുവരെ ഉണ്ടായിട്ടില്ല. സാധാരണ കൊലപാതകം നടന്ന സ്ഥലത്തുനിന്നും ലഭിക്കുന്ന സൂചനകളോ തുമ്പുകളോ തെളിവുകളോ വിരലടയാളമോ ഒന്നും ഈ കേസുകളില്‍ സഹായകമായിട്ടില്ല. ഇതു ബോധപൂര്‍വം ചെയ്തതാണോ അതോ അവിചാരിതമായി സംഭവിച്ചതാണോ എന്ന കാര്യത്തില്‍ ആശയകുഴപ്പമുണ്ട്. സമീപപ്രദേശങ്ങളിലെല്ലാം കാടും പടലും വെട്ടിതെളിച്ചു തിരച്ചില്‍ നടത്തിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. കൊലപാതകം നടന്ന വീട്ടിലോ അയല്‍പ്പക്കങ്ങളിലോ സിസിടിവി കാമറ ഇല്ല.
അന്വേഷണം നേരായ ദിശയില്‍ പ്രതീക്ഷ കൈവിടാതെ ക്രൈംബ്രാഞ്ച് സംഘം
2020 ഡിസംബറിലാണു ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുക്കുന്നത്. ശരിയായ ദിശയിലാണ് അന്വേഷണം നടക്കുന്നതെന്നും പ്രതികള്‍ പിടിയിലാകുമെന്നാണു കരുതുന്നതെന്നുമാണ് അന്വേഷണ സംഘം നല്കുന്ന സൂചന. ആനീസിന്റെ ഭര്‍ത്താവ് പോള്‍സണ്‍ മുമ്പ് ഇറച്ചി വ്യാപാരം നടത്തിയിരുന്നതിനാല്‍ ഇവരുടെ സ്ഥാപനത്തില്‍ മുമ്പ് ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കൊലപാതകം നടന്ന ദിവസം രാവിലെ 9.30 സമയത്ത് കര്ട്ടണ് വില്‍ക്കുന്നതിനായി രണ്ടു പേര് വന്നിരുന്നു. ഇതനുസരിച്ച് വീടുകളില്‍ കയറി
ഗൃഹോപകരണങ്ങളും തുണിത്തരങ്ങളും മറ്റും വില്ക്കുവാന് വരുന്ന പരിചയക്കാരല്ലാത്തവരെ കുറിച്ചും അന്വേഷണം നടത്തി. തെളിവുകള്‍ ഒന്നും തന്നെ അവശേഷിക്കാതെയാണു കൃത്യം നടത്തിയിരിക്കുന്നത്. കൊലയാളി വിരലടയാളം പതിയാതിരിക്കുവാന്‍ അതീവ ജാഗ്രത പാലിച്ചിരുന്നുവെന്നാണു കരുതുന്നത്. മൂര്‍ച്ചയേറിയ ആയുധം കൊലയ്ക്കു ഉപയോഗിച്ചതിനാലും മനക്കരുത്തുള്ള വ്യക്തികള്‍ക്കാണു ഇത്തരം കൃത്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കൂ എന്നാണു കരുതുന്നത്. സംശയം തോന്നാത്ത വിധത്തില്‍ വീടിനകത്തേക്കു കയറുവാനും കൃത്യം നടത്തിയ ശേഷം ആഭരണങ്ങളുമായി എളുപ്പത്തില്‍ പുറത്തേക്കിറങ്ങി രക്ഷപ്പെടുവാനും സാധിക്കണമെങ്കില്‍ വീടും പരിസരവും വീട്ടുകാരെയും കുറിച്ച് വ്യക്തമായ അറിവുണ്ടെങ്കിലേ സാധിക്കൂ. അതിനാല്‍ വീടുമായി അടുത്ത ബന്ധമുള്ളവരും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നാണ് അന്വേഷണ സംഘം നല്കുന്ന സൂചന.