സേവാഭാരതിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച സംഗമേശ്വര വാനപ്രസ്ഥാശ്രമ മന്ദിരോദ്ഘാടനം ഇന്ന്
ഇരിങ്ങാലക്കുട: സേവാഭാരതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേത്യത്വത്തില്‍ പുരുഷ വയോജനങ്ങള്‍ക്കായുള്ള വാനപ്രസ്ഥാശ്രമത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. കൂടല്‍മാണിക്യ ക്ഷേത്ര വടക്കേ നടയില്‍ എസ്എംവി റോഡിലുളള സംഗമേശ്വര വാനപ്രസ്ഥാശ്രമത്തിന്റെ ഉദ്ഘാടനം അഞ്ചിന് രാവിലെ പത്തിന് ഹൈക്കോടതി ജഡ്ജി സി.എസ.് ഡയാസ് നിര്‍വഹിക്കും. എണ്ണായിരം ചതുരശ്ര അടിയില്‍ ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങളോടെ രണ്ട് കോടി രൂപ ചിലവിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതെന്ന് സേവാഭാരതി പ്രസിഡന്റ് നളിന്‍ എസ്. മേനോന്, സെക്രട്ടറി പി.കെ. ഉണ്ണികൃഷ്ണന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ്, സേവാഭാരതി അധ്യക്ഷന്‍ ഡോ. രഞ്ജിത്ത് വിജയ ഹരി, ആര്‍എസ്എസ് മുന്‍ പ്രാന്ത സംഘചാലക് പിഇബി മേനോന് തുടങ്ങിയവര്‍ പങ്കെടുക്കും. മാടായിക്കോണത്ത് വയോജനങ്ങളായ സ്ത്രീകള്‍ക്കായുള്ള സേവനിലയം, താലൂക്ക് ആശുപത്രിയില്‍ നിത്യേനയുളള അന്നദാനം, മെഡിസെല്‍ വിദ്യാഭ്യാസ സമിതി, ആംബുലന്‍സ്, കാട്ടൂരില്‍ ഭിന്നശേഷിക്കാര്ക്കുയുള്ള സ്വാശ്രയനിലയം, എടക്കുളത്ത് മാനസിക വൈകല്യമുള്ളവര്‍ക്കായുള്ള ബോധിനി എന്നീ സ്ഥാപനങ്ങള്‍ സേവാഭാരതിയുടെ നേത്യത്വത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ട്രഷറര്‍ കെ.ആര്. സുബ്രമണ്യന്‍, നിര്‍മ്മാണ സമിതി കണ്‍വീനര്‍ സതീഷ് പള്ളിച്ചാടത്ത്, വാനപ്രസ്ഥാശ്രമം ചെയര്മാന് ഗോപിനാഥ് പീടികപ്പറമ്പില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.