കാട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഐ ഏറ്റെടുത്തില്ല, സിപിഎമ്മിലെ ടി.വി. ലത പ്രസിഡന്റ്
സിപിഐ ഏറ്റെടുത്തില്ല, സിപിഎമ്മിലെ ടി.വി. ലത പ്രസിഡന്റ്
കാട്ടൂര്‍: കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഐ ഏറ്റെടുക്കാത്തതിനെത്തുടര്ന്ന് സിപിഎം അംഗം ടി.വി. ലത പ്രസിഡന്റായി. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും പഞ്ചായത്ത് സ്ഥിരം സമിതി അംഗവുമാണ്. സിപിഎം അംഗം ഷീജാ പവിത്രന് നേരത്തേയുണ്ടായിരുന്ന ധാരണപ്രകാരം രാജിവെച്ചതിനെത്തുടര്‍ന്നായിരുന്നു തിരഞ്ഞെടുപ്പ്. ആദ്യ രണ്ടുവര്‍ഷം സിപിഎമ്മിനും ഒരു വര്‍ഷം സിപിഐയ്ക്കും ബാക്കിയുള്ള രണ്ടുവര്‍ഷം വീണ്ടും സിപിഎമ്മിനും പ്രസിഡന്റ് സ്ഥാനമെന്നതായിരുന്നു ധാരണ. എന്നാല്‍, കാട്ടൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് കമ്മിറ്റി ധാരണപ്രകാരം ആദ്യത്തെ നാലുവര്‍ഷം സിപിഎമ്മിനും ശേഷിക്കുന്ന ഒരുവര്‍ഷം സിപിഐയ്ക്കും പ്രസിഡന്റ് സ്ഥാനമെന്നായിരുന്നു തീരുമാനിച്ചിരുന്നതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനം ഏറ്റെടുക്കാതിരുന്നതെന്നും സിപിഐ നേതാക്കള്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ സിപിഐയുടെ രണ്ട് അംഗങ്ങളുടേതടക്കം ടി.വി. ലതയ്ക്ക് ഒമ്പത് വോട്ട് ലഭിച്ചു. എതിര്‍സ്ഥാനാര്‍ഥി യുഡിഎഫിലെ അംബുജ രാജന് നാല് വോട്ടാണ് കിട്ടിയത്. ഏക ബിജെപി അംഗം തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു.
വാദം പൊളിഞ്ഞുയൂത്ത് കോണ്‍ഗ്രസ്
ഷീജാ പവിത്രന് രാജിവെച്ച ഒഴിവിലേക്ക് സിപിഎം മറ്റൊരു അംഗത്തെ പ്രസിഡന്റാക്കിയതോടെ പൊളിഞ്ഞത് എല്‍ഡിഎഫ് ധാരണപ്രകാരമാണ് രാജിയെന്ന സിപിഎം വാദമാണെന്ന് യൂത്ത് കോണ്‍ഗ്രസ്. കള്ളുഷാപ്പ് സല്കാര വിവാദത്തെത്തുടര്‍ന്നാണ് ഷീജാ പവിത്രന്റെ രാജി. യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും ശക്തമായ ഇടപെടലാണ് രാജിയിലെത്തിച്ചതെന്നും മണ്ഡലം പ്രസിഡന്റ് ഷെറീന് തേര്‍മഠം പത്രക്കുറിപ്പില്‍ പറഞ്ഞു.