കൂടല്‍മാണിക്യം ദേവസ്വം കൊട്ടിലാക്കല്‍ പറമ്പില്‍ ദേവാങ്കണം ചാരുഹരിതം പദ്ധതി ഉദ്ഘാടനം
ഇരിങ്ങാലക്കുട: ക്ഷേത്രാങ്കണങ്ങളെയും കുളങ്ങളെയും കാവുകളെയും പരിപാലിച്ച് ഹരിതാഭം ആക്കാന്‍ ദേവസ്വം വകുപ്പ് നടപ്പിലാക്കുന്ന ദേവാങ്കണം ചാരുഹരിതം എന്ന പദ്ധതിക്ക് കൂടല്‍മാണിക്യം ദേവസ്വം കൊട്ടിലാക്കല്‍ പറമ്പില്‍ ആരംഭം കുറിച്ചു. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് അശോക വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് ഈ പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു. കൂടല്‍മാണിക്യം ദേവസ്വം സംഗമേശ്വര ആയുര്‍വേദ ഗ്രാമം, കേരള സംസ്ഥാന ഔഷധ സസ്യ ബോര്‍ഡിന്റെയും, മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെയും സാങ്കേതിക സഹായത്തോടെ നടപ്പിലാക്കുന്ന അശോക വനം പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം 2022 ഡിസംബര്‍ 4ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോക്ടര്‍ ആര്. ബിന്ദു നിര്‍വഹിച്ചിരുന്നു. അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന അശോകവൃക്ഷ സംരക്ഷണമാണ് ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ആയുര്‍വേദ ഔഷധ നിര്‍മ്മാണത്തില്‍ ഒരു സുപ്രധാന ചേരുവയായ അശോകം ഇന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. സ്ത്രീ രോഗ ചികിത്സയില്‍ വളരെ പ്രധാനപ്പെട്ട ഔഷധമാണ് അശോകം. കൂടല്‍മാണിക്യം ദേവസ്വത്തിന്റെ അധീനതയിലുള്ള 75 ഏക്കറോളം വരുന്ന ഭൂമിയില്‍ ഘട്ടം ഘട്ടമായി പതിനായിരം അശോക വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ദേവസ്വത്തിന്റെ മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കോ വികസന പദ്ധതികള്‍ക്കോ കോട്ടം വരാത്ത രീതിയില്‍ ക്ഷേത്രാങ്കണത്തിന്റെ അതിരുകളിലായാണ് ഇവ നട്ട് സംരക്ഷിക്കുന്നത്. അശോക വനം പദ്ധതിയുടെ രണ്ടാം ഘട്ടത്തിനാണ് ആരംഭം കുറിച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് മെമ്പര്‍മാര്‍, ജീവനക്കാര്‍, ഭക്തജനങ്ങള്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ എത്തിയിരുന്നു.