എടതിരിഞ്ഞി സെന്ററിലെ ജലസംഭരണി ജല അതോറിറ്റി പുനര്‍നിര്‍മിക്കാനൊരുങ്ങുന്നു.
എടതിരിഞ്ഞി: സെന്ററിലെ ജലസംഭരണി ജല അതോറിറ്റി പുനര്‍നിര്‍മിക്കാനൊരുങ്ങുന്നു. നഗര സഞ്ചയിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ ടാങ്ക് നിര്‍മിക്കാനാണ് നീക്കം. അഞ്ച്ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള പുതിയ ടാങ്ക് നിര്‍മിക്കാന്‍ പുതിയ പദ്ധതി സമര്‍പ്പിച്ച് ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങാനുള്ള തയാറെടുപ്പിലാണ് ജല അതോറിറ്റി. 35 വര്‍ഷം പഴക്കമുള്ള ജല അതോറിറ്റിയുടെ കോണ്‍ക്രീറ്റ് ചെയ്ത തൂണുകളും ടാങ്കിന്റെ അടിഭാഗവും പൊട്ടിപൊളിഞ്ഞ് അടര്‍ന്ന് വീണുകൊണ്ടിരിക്കുകയാണ്. കോണ്‍ക്രീറ്റ് തകര്‍ന്നുപോയ ഭാഗങ്ങളില്‍ പുറത്തായ കമ്പികള്‍ തുരുമ്പെടുത്ത് ജീര്‍ണാവസ്ഥയിലാണ്. അപകടാവസ്ഥയിലായ ജലസംഭരണി അറ്റകുറ്റപണി നടത്തി നവീകരിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമായിരുന്നു. അറ്റകുറ്റപ്പണിക്കായി പലതവണ ടെന്‍ഡര്‍ വിളിച്ചിരുന്നെങ്കിലും ആരും ഏറ്റെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ ജലസംഭരണി നിര്‍മിക്കാനൊരുങ്ങുന്നത്. കാറളം പടിയൂര്‍ ശുദ്ധജല പദ്ധതിയുടെ ഭാഗമായി 1986ലാണ് പടിയൂര്‍ പഞ്ചായത്തിലെ എടതിരിഞ്ഞിയില്‍ 3.70 ലക്ഷത്തോളം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക് കമ്മിഷന് ചെയ്തത്. ടാങ്കിനു മുകളില്‍ കയറാനുള്ള ഇരുമ്പ് ഏണി തുരുമ്പു പിടിച്ച് ദ്രവിച്ച് ഏതുമയവും വീഴാറായ അവസ്ഥയിലാണെന്നും നാട്ടുക്കാര് പറഞ്ഞു.