ആൾ താമസമില്ലാത്ത വീട്ടിൽ മോഷണം; രണ്ടര പവനും 20,000 രൂപയും കവർന്നു
ഇരിങ്ങാലക്കുട: ആൾ താമസമില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം. രണ്ടര പവൻ സ്വർണ്ണവും 20,000 രൂപയും നഷ്ടപ്പെട്ടു. കാറളം പഞ്ചായത്തിൽ താണിശ്ശേരി പാലത്തിന് സമീപം ചിത്തിര വീട്ടിൽ കുറുമാത്ത് നാരായണമേനോന്റെ വീട്ടിലാണ് മോഷണം നടന്നത്. നാരായണമേനോനും ഭാര്യയും മകൻ സുരേഷും കുടുംബവും മുബൈയിലാണ് താമസം. വീട്ടിൽ മോഷണശ്രമം നടന്നതായി സംശയിക്കുന്നതായി ജൂൺ 17 ന് സുരേഷിനെ നാട്ടിലുള്ള ബന്ധു വിവരമറിയിച്ചിരുന്നു. ഇതേ തുടർന്ന് ബുധനാഴ്ച രാവിലെ എട്ട് മണിയോടെ മുബൈയിൽ നിന്ന് വീട്ടിൽ എത്തിയ സുരേഷ് മുൻവശത്തെ വാതിലിന്റെ പൂട്ടും അകത്തുള്ള രണ്ട് അലമാരികളുടെ പൂട്ടുകളും ലോക്കറും കുത്തിപ്പൊളിച്ചതായി കണ്ടെത്തുകയായിരുന്നു. ലോക്കറിൽ സൂക്ഷിച്ചിരുന്ന പണവും തലയിണയുടെ അടിയിൽ വച്ചിരുന്ന കമ്മലുമാണ് നഷ്ടപ്പെട്ടതെന്ന് സുരേഷ് പറഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് കാട്ടൂർ പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തിയിരുന്നു.