മാപ്രാണം വാതിൽമാടം കോളനിയിൽ മണ്ണിടിച്ചിൽ; ഏഴ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു
നഗരസഭ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് വച്ചു
ഇരിങ്ങാലക്കുട: മാപ്രാണം വാതിൽമാടം കോളനിയിൽ തുടർച്ചയായ മഴയിൽ മണ്ണിടിച്ചിൽ. തെക്കൂടൻ കൊച്ചക്കൻ മകൾ രേഖയുടെ വീടിന്റെ പുറകിലേക്കാണ് ഇന്നലെ പുലർച്ചെയോടെ മണ്ണിടിഞ്ഞത്. ഇതോടെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കോളനിയിലെ ഏഴു വീട്ടുകാരും ആശങ്കയിലായി. ഇവരെ മാറ്റി താമസിപ്പിച്ചു. മുരിങ്ങത്ത് കുട്ടൻ, പാളയംകോട്ട് സുഹറ, ചേനത്ത് കാളിക്കുട്ടി, തെച്ചിൽ ഭവാനി, പേടിക്കാട്ടുപറമ്പിൽ ഗിരീഷ്, മുരിങ്ങത്ത് രേഖ, കാട്ടൂക്കാരൻ ജോബി എന്നിവരെയാണ് മാറ്റി താമസിപ്പിച്ചത്. സംഭവ സമയത്ത് ലൈഫ് പദ്ധതിയിൽ വീട് നിർമ്മിക്കുന്ന അടുത്ത വീട്ടുകാരായ കുട്ടനും ഭാര്യയുമാണ് ഇവിടെ ഉണ്ടായിരുന്നത്. മഴ കനത്താൽ ഈ കോളനി നിവാസികളുടെ നെഞ്ചിൽ തീയാണ്. ജീവൻ പോലും പണയം വച്ചാണ് ഓരോ ദിവസവും അവർ തള്ളിനീക്കുന്നത്. 40 അടിയോളം ഉയരത്തിൽ നിൽക്കുന്ന മണ്ണ് ഏതു നിമിഷവും താഴേക്ക് പതിക്കുമെന്ന ഭീതിയിൽ കഴിയുകയാണ് ഈ വീട്ടുകാർ. ഇതിനുമുമ്പ് മണ്ണിടിച്ചിൽ ഉണ്ടായത് പുലർച്ചെയായതിനാൽ രാത്രി സമയത്ത് മഴ കനത്താൽ ഉറക്കമൊഴിച്ച് കാവലിരിക്കേണ്ട ഗതികേടിലാണ് ഇവിടത്തുകാർ. മഴക്കാലമായാൽ പലരും ബന്ധുക്കളുടെ വീട്ടിൽ പോയി നിൽക്കുകയാണ് ചെയ്യുന്നത്. മാത്രവുമല്ല, ഏതു സമയവും വീഴാവുന്ന രീതിയിൽ കുന്നിന്റെ മേൽഭാഗം വിണ്ടു നിൽക്കുകയാണ്. വർഷങ്ങൾക്കു മുമ്പ് മണ്ണെടുപ്പ് നടത്തിയതിന്റെ ഭാഗമായി നിരവധി തവണ മണ്ണിടിയുകയും അതിന്റെ കെടുതികൾ നേരിടുകയും ചെയ്ത പരിസ്ഥിതി ദുർബല പ്രദേശങ്ങളിലൊന്നാണിത്. കൂലിപണി ചെയ്തു ജീവിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ് ഈ വീടുകളിൽ താമസിക്കുന്നത്. വിവരമറിഞ്ഞ് എത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഡിവൈഎഫ്ഐയുടെ നേത്യത്വത്തിൽ തടഞ്ഞ് വച്ചു.
വിഷയത്തിൽ നഗരസഭ ജാഗ്രത പുലർത്തിയില്ലെന്ന് ഇവരുടെ ആരോപണം. നഗരസഭ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ, കൗൺസിലർ ബൈജു കുറ്റിക്കാടൻ, മുകുന്ദപുരം താലൂക്ക് ഡെപ്യൂട്ടി കളക്ടർമാരായ മനോജ് നായർ, ശ്യാമള, വില്ലേജ് ഓഫീസർ യു.സി. സന്ദീപ് എന്നിവർ സ്ഥലം സന്ദർശിച്ചു. തുടർന്ന് കോളനിവാസികളുമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ അപകട ഭീഷണി നേരിടുന്ന വീട്ടുകാരെ മാറ്റി പാർപ്പിക്കാനും അടിയന്തരമായി മണ്ണ് നീക്കുന്ന വിഷയം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ്് എം.ബി. രാജുമാസ്റ്റർ, വാർഡ് കൗൺസിലർ കെ.ആർ. ലേഖ, സിപിഎം ലോക്കൽ സെക്രട്ടറി ആർ.എൽ. ജീവൻലാൽ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.
വാതിൽമാടം കോളനിയെച്ചൊല്ലി നഗരസഭാ യോഗത്തിൽ ബഹളം
ഇരിങ്ങാലക്കുട: മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന മാപ്രാണം വാതിൽമാടം കോളനിയെച്ചൊല്ലി നഗരസഭാ യോഗത്തിൽ ബഹളം. കോളനി നിവാസികളെ പുനരധിവസിപ്പിക്കുന്നതും കോളനിയിൽ സംരക്ഷണഭിത്തി നിർമാണം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കാൻ രാഷ്ട്രീയത്തിനതീതമായി ഒരുമിക്കണമെന്ന എൽഡിഎഫ് അംഗം സി.സി. ഷിബിന്റെ അഭിപ്രായം ബിജെപി അംഗം ടി.കെ. ഷാജു എറ്റുപിടിച്ചതാണു തർക്കത്തിനിടയാക്കിയത്. എഴര വർഷം വാതിൽമാടം വാർഡിനെ പ്രതിനിധീകരിച്ചതും കഴിഞ്ഞ ദിവസം കോളനിയിൽ മണ്ണിടിഞ്ഞ സമയത്ത് ജാഥയും പ്രതിഷേധവും നടത്തുകയും നഗരസഭ ആരോഗ്യ വിഭാഗത്തെ തടഞ്ഞ് വച്ചതും ആരാണെന്നും എല്ലാവരും കണ്ടതാണെന്ന് ടി.കെ. ഷാജു മറുപടി നൽകി. ഇടിഞ്ഞ മണ്ണ് നീക്കം ചെയ്തപ്പോൾ മണ്ണിന്റെ മുകളിൽ ബിജെപി കൊടി നാട്ടിയെന്നും സമൂഹ മാധ്യമത്തിൽ വന്ന ചിത്രം ഉയർത്തിക്കാട്ടി ഷിബിനും പറഞ്ഞു. ബിജെപിയുടെ വാതിൽമാട രാഷ്ട്രീയം നടക്കില്ലെന്നും വ്യത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ കെ.ആർ. വിജയ പറഞ്ഞു. തർക്കത്തിൽ ഇടപെട്ട ചെയർപേഴ്സണ് വാതിൽമാടം കോളനിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നുമായി ബന്ധപ്പെട്ട് യോഗം വിളിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും കോളനിവാസികളെ പുനരധിവസിപ്പിക്കാനുളള സ്ഥലം കണ്ടെത്താനും ഭിത്തി നിർമാണത്തിനു ഫണ്ടു ചെലവാക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും അറിയിച്ചു. 2023 -24 വർഷത്തെ പദ്ധതിയുമായി ബന്ധപ്പെട്ട വാർഡ് സഭകൾ ഈ മാസം പൂർത്തിയാക്കാൻ തീരുമാനിച്ചു. പദ്ധതി നിർവഹണത്തിലും വാർഡുകൾക്കു ഫണ്ട് അനുവദിക്കുന്നതിലും കഴിഞ്ഞ വർഷം വന്ന വീഴ്ചകൾ ആവർത്തിക്കാതെ നോക്കണമെന്നും നീതിപൂർവമായ സമീപനമാണ് പ്രതീ്ഷിക്കുന്നതെന്നും ബിജെപി അംഗം സന്തോഷ് ബോബൻ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തന കലണ്ടർ പ്രസിദ്ധീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് അഡ്വ കെ.ആർ. വിജയ ആവശ്യപ്പെട്ടു. നഗരസഭയുടെ നിയന്ത്രണത്തിലുള്ള പാർക്കുകളുടെ അവസ്ഥ മോശമാണെന്നും കളിയുപകരണങ്ങൾ ഉപയോഗിക്കാൻ പറ്റത്ത അവസ്ഥയിലാണെന്നും പൊറത്തിശേരി കണ്ടാരംത്തറ പാർക്ക് നവീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും ഇരിങ്ങാലക്കുട എംജി റോഡിലുള്ള മഹാത്മ പാർക്കിന്റെ ബൈലോയുമായി ബന്ധപ്പെട്ട ചർച്ചയിൽ സി.സി. ഷിബിൻ ആവശ്യപ്പെട്ടു. നഗരസഭ പാർക്കിന് സമാനമായി മഹാത്മ പാർക്ക് വികസിപ്പിച്ചെടുക്കാൻ പദ്ധതി ഫണ്ടിൽ നിന്ന് ആവശ്യമായ തുക മാറ്റിവയ്ക്കേണ്ടിവരുമെന്നു നഗരസഭാ സെക്രട്ടറി പറഞ്ഞു. സാന്പത്തിക ക്രമക്കേടുകളുടെ അടിസ്ഥാനത്തിൽ സസ്പെൻഷനിലുള്ള നഗരസഭാ ജീവനക്കാരൻ ജയശങ്കറിനെതിരേ കടുത്ത നടപടികൾ വേണമെന്നു നിർദേശിക്കുന്ന നഗരകാര്യ ഡയറക്ടറുടെ കത്ത് യോഗം അംഗീകരിച്ചു. ചെയർപേഴ്സണ് സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു.