മഴക്കെടുതി ഇരിങ്ങാലക്കുടയിൽ കനത്ത നാശം; മിന്നൽ ചുഴലിക്കു സമാനം
ഇരിങ്ങാലക്കുട: മിന്നൽ ചുഴലിക്കു സമാനമുണ്ടായ ശക്തമായ മഴയിലും കാറ്റിലും മേഖലയിൽ കനത്ത നാശം. രാവിലെ പത്തരയ്ക്ക് ഉണ്ടായ കാറ്റിൽ മരങ്ങൾ വീണ് എഴുപതോളം വൈദ്യുതി പോസ്റ്റുകൾ തകർന്നു . അറുപതിൽ അധികം കേന്ദ്രങ്ങളിൽ വൈദ്യുതി ലൈനുകളും തകർന്നിട്ടുണ്ട്. ഇതേ തുടർന്ന് മണ്ഡലത്തിൽ നഗരസഭ പരിധിയിൽ അടക്കം വൈദ്യുതി വിതരണം മുടങ്ങി. കൂടുതൽ കരാർ ജീവനക്കാരെ വച്ച് അറ്റകുറ്റപ്പണികൾ നടത്തി വരുന്നുണ്ടെങ്കിലും വൈദ്യുതി ബന്ധം പൂർണ്ണമായും പുനസ്ഥാപിക്കാൻ ഒരു ദിവസം കൂടിയെടുക്കുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ കൊരുമ്പിശ്ശേരി പുതുക്കാട്ടിൽ രാജീവിന്റെ ഓടിട്ട വീട് തെങ്ങ് വീണ് ഭാഗികമായി തകർന്നു. ശക്തമായ കാറ്റിൽ ഠാണാവിലെ മൂലൻസ് സൂപ്പർ മാർക്കറ്റിൽ സ്ഥാപിച്ചിരുന്ന പരസ്യ ബോർഡ് വീണ് രണ്ട് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കക്കാട്ട് ക്ഷേത്ര പരിസരത്ത് കൊച്ചുപ്പറമ്പത്ത് സനോജിന്റെ കിണർ ഇടിഞ്ഞ് താഴ്ന്നിട്ടുണ്ട്. കോമ്പാറ ഐക്കര വീട്ടിൽ ചിന്നപ്പ മേനോന്റെ പറമ്പിൽ നൂറോളം വാഴകളും പതിനഞ്ചോളം മരങ്ങളും വീണിട്ടുണ്ട്. കാട്ടൂരിൽ തെങ്ങ് വീണ് കട്ട്ളപ്പീടിക ഹൈദരലിയുടെ വീടിനും കാറുകൾക്കും നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കാട്ടൂരിൽ കൊടുക്കൻ വീട്ടിൽ ലീല , കുറുക്കൻ പുരയ്ക്കൽ കൃഷ്ണൻ എന്നിവരുടെ വീടുകളും മരങ്ങൾ വീണ് ഭാഗികമായി തകർന്നിട്ടുണ്ട്. ആളൂർ പഞ്ചായത്തിൽ തെങ്ങ് വീണ് അരീക്കാട്ട് അനീഷിന്റെ വീട് ഭാഗികമായി തകർന്നു. വിളങ്ങാട്ടിൽ രാജേഷിന്റെ കൃഷിയിടത്തിൽ 500 ഓളം വാഴകൾ വെള്ളം കയറി നശിച്ചിട്ടുണ്ട്. മുരിയാട് പഞ്ചായത്തിൽ രാവിലെ ഉണ്ടായ ശക്തമായ കാറ്റിൽ വ്യാപകമായ കൃഷി നാശം ഉണ്ടായിട്ടുണ്ട്. മരങ്ങൾ വീണ് എട്ട് വൈദ്യുതി പോസ്റ്റുകൾ തകർന്നിട്ടുണ്ട്. കാറളം പഞ്ചായത്തിൽ മരം വീണ് കിഴുത്താണി മനപ്പടിയിൽ പാറയിൽ ജയയുടെ അടുക്കള ഭാഗം ഭാഗികമായി തകർന്നു . കിഴുത്താണിയിൽ തന്നെ തെങ്ങ് വീണ് ത്യത്താണി ജയന്റെ തൊഴുത്തും ഭാഗികമായി തകർന്നു.