ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ പൂര്‍വ്വ വിദ്യാര്‍ഥിയും കരുവന്നൂര്‍ പുത്തന്‍തോട് സ്വദേശിയുമായ ഹൃഷികേശ് ജയന് ശൗര്യചക്ര
ഇരിങ്ങാലക്കുട: ഒന്നാംക്ലാസ് മുതല്‍ ഹൃഷികേശിന്റെ സ്വപ്നം പൈലറ്റാകണമെന്നതായിരുന്നു. കഴിഞ്ഞദിവസം വ്യോമസേനയ്ക്കും നാടിനും അഭിമാനമായി രാഷ്ട്രപതിയില്‍നിന്ന് ഈ 25കാരന് ശൗര്യചക്ര പുരസ്കാരം ഏറ്റുവാങ്ങി. കരുവന്നൂര്‍ പുത്തന്‍തോട് സ്വദേശിയും എയര്‍ഫോഴ്സ് ഓഫീസറുമാണ് ഫ്ലെെറ്റ് ലഫ്റ്റനന്റ് ഹൃഷികേശ് ജയന്. 2023 മേയ് 24ന് ഔദ്യോഗിക പരിപാടിക്കായി പോയി സേനാംഗങ്ങളുമായി മടങ്ങവേയുണ്ടായ അപകടത്തില്‍നിന്ന് സേനാംഗങ്ങളേയും വിമാനവും രക്ഷിച്ചതിനാണ് ഹൃഷികേശിന് ശൗര്യചക്ര സമ്മാനിച്ചത്. ദുബായിലെ ഇന്ത്യന്‍ ഹൈസ്കൂളിലും ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനിലുമാണ് ഹൃഷികേശ് പഠിച്ചത്. പഠനത്തോടൊപ്പം അത്ലറ്റിക്സിലും മികച്ച പ്രകടനം കാഴ്ചവച്ചു. പൈലറ്റ് പരിശീലനത്തിനും മറ്റുമുള്ള ഭാരിച്ച ചെലവുകള്‍ തിരിച്ചറിഞ്ഞാണ് പ്ലസ്ടു പരീക്ഷയ്ക്ക് പിന്നാലെ എന്‍ഡിഎ പ്രവേശനപരീക്ഷയെഴുതാന്‍ ഹൃഷികേശ് തീരുമാനിച്ചതെന്ന് അച്ഛനമ്മമാര്‍ പറയുന്നു. ആദ്യശ്രമംതന്നെ വിജയംകണ്ടു. പുണെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പ്രവേശനം നേടി. 2020ലാണ് എയര്‍ഫോഴ്സില്‍ ചേര്‍ന്നത്. ഇപ്പോള്‍ ഡല്‍ഹിയിലാണ്. വായനയും യാത്രയുമാണ് മറ്റ് താത്പര്യങ്ങള്‍. മകന്റെ നേട്ടത്തില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് മുംബൈ ബാബ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ മുന്‍ ഉദ്യോഗസ്ഥനായ അച്ഛന് കറുത്തേടത്ത് ജയനും അധ്യാപികയായ അമ്മ നിഷയും പറഞ്ഞു. കുസാറ്റില്‍ പഠിക്കുന്ന അഷിതയാണ് ഹൃഷികേശിന്റെ സഹോദരി.