കൃഷിയിടങ്ങളില്‍ കണ്ണീര് മഴ, കരുവന്നൂരില്‍ വാഴകൃഷി മുങ്ങി; നശിച്ചത് ഓണവിപണി ലക്ഷ്യമിട്ട വാഴകൃഷി
ഇരിങ്ങാലക്കുട: ‘ഇങ്ങനെ വെള്ളം വരുമ്പോള്‍ എന്തു ചെയ്യാനാണ്, കുലച്ച് മൂപ്പെത്താത്ത വാഴകുലകള്‍ വെട്ടിയെടുത്ത് കിട്ടിയ കാശിനു കൊടുക്കുയേ രക്ഷയുള്ളൂ’. കരുവന്നൂര്‍ പ്രിയദര്‍ശനി ഹാളിനു പുറകില്‍ കിഴക്കേപുഞ്ച പാടത്ത് വാഴകൃഷി നടത്തിയിരുന്ന കര്‍ഷകരുടെ വാക്കുകളാണിത്. തോരാമഴയിലും വെള്ളക്കെട്ടിലും കരുവന്നൂര്‍ മേഖലയില്‍ വാഴകൃഷിക്കു വ്യാപക നഷ്ടമാണ് സംഭവിച്ചത്. പാടത്തും പറമ്പിലും വെള്ളം കയറുമ്പോള്‍ മുങ്ങിപോകുന്ന വാഴകളില്‍ നിന്നും പരമാവധി കുലകള്‍ വെട്ടിയെടുത്ത് വഞ്ചിയില്‍ വീട്ടിലേക്കു മാറ്റുന്ന തിരക്കിലാണ് കരുവന്നൂരിലെ വാഴകര്‍ഷകര്‍.
താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായതോടെ ഏക്കറു കണക്കിനു വാഴകൃഷിയാണ് നശിച്ചത്. പത്ത് ഏക്കറിലേറെ വാഴകൃഷി മുങ്ങിപോയിട്ടുണ്ട്. കരുവന്നൂര്‍ കിഴക്കേ പുഞ്ചപ്പാടം, ആറാട്ടുപ്പുഴ കൊക്കരിപ്പള്ളം എന്നീ പ്രദേശങ്ങളില്‍ കുലച്ച വാഴകളാണ് നശിച്ചത്. കല്ലേരി കാഞ്ഞിരക്കാടന്‍ ആന്റുവിന്റെ 700 വാഴകളാണ് നശിച്ചത്. ലോണെടുത്താണ് വാഴകൃഷി ഇറക്കിയത്. ഓണ വിപണി ലക്ഷ്യമിട്ടാണ് കൃഷി ചെയ്തത്. നേന്ത്രക്കായ, ഞാലിപൂവന്, പാളയംകോടന് എന്നീ വാഴകളാണ് നശിച്ചതില്‍ ഏറെയും. മഴവെള്ളത്തില്‍ കിടന്ന് ചീഞ്ഞു പോകരുതെന്ന് കരുതി വഞ്ചിയില്‍ മൂപ്പെത്താത്ത വാഴകുലകള്‍ വെട്ടി കിട്ടിയ കാശിനു വില്‍ക്കുകയാണ് ഉണ്ടായത്. ആന്റുവും ഭാര്യ മേരിയും ചേര്‍ന്നാണ് വഞ്ചിയില്‍ വാഴകുലകള്‍ വീട്ടിലേക്ക് മാറ്റിയത്. കൃഷിനാശം കൃഷി വകുപ്പില്‍ അറിയിച്ചിട്ടുണ്ട്. മൂന്നു ദിവസമായി കൊക്കരിപള്ളം പ്രദേശത്ത് വെള്ളം ഉയര്‍ന്നു നില്‍ക്കുകയാണ്. പ്രദേശത്തെ 70 വീട്ടുക്കാരാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്.