നന്മപൂക്കള്‍ വിരിയട്ടെ; മൂന്ന് മാസത്തെ പെന്ഷന് തുക ദുരിതാശ്വാസ നിധിയിലേക്ക് നല്കി
ഇരിങ്ങാലക്കുട: വയനാട് ദുരന്തത്തിന് സാന്ത്വനമേകികൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പങ്കാളിത്ത പെന്‍ഷനില്‍ നിന്നും ലഭിക്കുന്ന മൂന്ന് മാസത്തെ പെന്ഷന് തുക ഇരിങ്ങാലക്കുട സ്വദേശി ജോസ് മാമ്പിള്ളി നല്കി. ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദുവിന് ചെക്ക് കൈമാറി. 2018 ലെ പ്രളയകാലത്ത് ക്രൈസ്റ്റ് കോളേജില്‍ നടന്ന മെഡിക്കല്‍ ക്യാമ്പിന് ആദ്യത്തെ പതിനായിരം രൂപയുടെ മരുന്ന് നല്‍കിയത് ജോസ് മാമ്പിള്ളി ആയിരുന്നു. ആ ക്യാമ്പ് 7 ദിവസത്തോളം 42 മറ്റ് ക്യാമ്പുകളിലേക്ക് കൃത്യമായി മരുന്ന് കൊടുത്തയച്ച ഒരു സെന്റര്‍ ആയി മാറുകയും ചെയ്തു. കോവിഡ് മഹാമാരി കാലത്ത് വൈകീട്ട് ഏഴു മണി മുതല്‍ ഇരിങ്ങാലക്കുടയിലൂടെ കടന്ന് പോകുന്ന എല്ലാ ലോറി ഡ്രൈവര്‍മാര്‍ക്കും ബിരിയാണി കിറ്റും മകളുടെ വിവാഹത്തിന് സദ്യയ്ക്കായി നീക്കി വെച്ചിരുന്ന രൂപ പലവ്യഞ്ചന കിറ്റുകളായി 100 പേര്‍ക്ക് നല്‍കുകയും ചെയ്ത് മാതൃകയായിട്ടുണ്ട്. കെ.എസ്.ഇ ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ പര്‍ച്ചെയ്സിംഗ് വിഭാഗത്തില്‍ 34 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനു ശേഷമാണ് ജാസ് മാമ്പിള്ളി വിരമിച്ചത്. ഇരിങ്ങാലക്കുട രൂപത കെസിവൈഎം മുന്‍ ചെയര്‍മാനും ഇരിങ്ങാലക്കുട പീപ്പിള്‍സ് കോ- ഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡന്റും ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക ദീപിക ഫ്രണ്ട് ക്ലബ് പ്രസിഡന്റും കൂടിയാണ് ജോസ് മാമ്പിള്ളി.