കളഞ്ഞു പോയ സ്വര്‍ണ്ണമാല ഉടമയ്ക്ക് തിരിച്ചു നല്കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി
ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്ത് ആനന്ദപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ലാബ് ടെക്നീഷ്യന് ലാവണ്യ ആശുപത്രി ജംഗ്ഷനില്‍ നിന്ന് ബസില്‍ കയറുമ്പോഴാണ് രണ്ട് പവനോളം വരുന്ന താലിമാല താഴെ വീണത്. ലാവണ്യ അതു പക്ഷേ അറിഞ്ഞിരുന്നില്ല. മാല താഴെ വീഴുന്നതു കണ്ട ഓട്ടോ ഡ്രൈവര്‍ രതീഷ് തച്ചനാടന്‍ ഉടന്‍ തന്നെ അതു ആശുപത്രി ഓഫീസില്‍ കൊണ്ടു കൊടുത്തു. പിറ്റേ ദിവസം ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. ശ്രീവത്സന്റെ സാന്നിധ്യത്തില്‍ രതീഷ് മാല ലാവണ്യയ്ക്ക് കൈമാറി. രതീഷിനെ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ നിജി വത്സന്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് കെ.യു. വിജയന്, ഒന്നാം വാര്‍ഡ് മെമ്പര്‍ സുനില്‍കുമാര്‍ എന്നിവര്‍ വസതിയിലെത്തി അനുമോദിച്ചു.