കാപ്പ നിയമപ്രകാരം തൃശൂര്‍ ജില്ലയില്‍ നിന്നു നാടുകടത്തിയ പ്രതിയെ പിടികൂടി
ഇരിങ്ങാലക്കുട: കാപ്പ നിയമപ്രകാരം തൃശൂര്‍ ജില്ലയില്‍ നിന്നു നാടുകടത്തിയ പ്രതിയെ ഒളിത്താവളത്തില്‍ നിന്നു പിടികൂടി. ആളൂര്‍ സ്റ്റേഷന് റൗഡി ലിസ്റ്റിലുള്ളയാളും മാനാട്ടുകുന്നു സ്വദേശിയുമായ മുറി രതീഷ് എന്ന രതീഷിനെയാണ് (42) റൂറല്‍ എസ്പി നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, ആളൂര്‍ ഇന്‍സ്പെക്ടര്‍ കെ.എം. ബിനീഷും സംഘവും അറസ്റ്റു ചെയ്തത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തൃശൂര്‍ റെയ്ഞ്ച് ഡിഐജി ആറ് മാസത്തേക്ക് ജില്ലയില്‍ നിന്ന് നാടുകടത്തി ഉത്തരവ് ഇറക്കിയിരുന്നു. ഇത്തരം ആളുകള്‍ ജില്ലയില്‍ പ്രവേശിക്കുന്നത് നിരീക്ഷിച്ചു നടത്തിയ അന്വേഷണത്തിലാണ് രതീഷ് അറസ്റ്റിലായത്.
വരന്തരപ്പിള്ളി കാരിക്കുളത്താണ് ഇയാള്‍ ഒളിവില്‍ താമസിച്ചു വന്നിരുന്നത്. കാപ്പ നിയമലംഘന നിയമപ്രകാരം അറസ്റ്റു ചെയ്ത് കേസെടുത്ത പോലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ ആളൂര്‍ ഇന്‍സ്പെക്ടര്‍ കെ.എം. ബിനീഷ്. സീനയര്‍ സിപിഒ ഇ.എസ്. ജീവന്, സിപിഒ മാരായ കെ.എസ്. ഉമേഷ്, ഹരികൃഷ്ണന്, യു. ആഷിഖ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.