ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന് ഭിന്നശേഷി സൗഹാര്‍ദ്ദ സ്ഥാപനത്തിനുള്ള സംസ്ഥാന അംഗീകാരം
ഇരിങ്ങാലക്കുട: സാമൂഹ്യ നീതി വകുപ്പ് നല്കുന്ന സംസ്ഥാനതല മികച്ച ഭിന്നശേഷി സൗഹാര്‍ദ്ദ സ്ഥാപനമായി സെന്റ് ജോസഫ്സ് കോളജ് തെരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും ഡിസംബര്‍ മൂന്നിന് തൃശൂരില്‍ നടക്കുന്ന ചടങ്ങില്‍ കോളജിന് സമ്മാനിക്കും. കോളജ് ഒരുക്കിയ ഭിന്നശേഷി സൗകര്യങ്ങള്‍, സൗഹൃദ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തിയാണ് അവാര്‍ഡ്. ഭിന്നശേഷി സൗഹൃദ റാംപ്, ക്ലാസ് മുറികള്‍, സെമിനാര്‍ ഹോള്‍, ശുചിമുറികള്‍, ലിഫ്റ്റ് സൗകര്യം, വീല്‍ചെയര്‍ സൗകര്യം എന്നിവ കോളജ് ഒരുക്കിയിട്ടുണ്ട്.
കാഴ്ചപരിമിതര്‍ക്കുള്ള കീബോ സോഫ്റ്റ്വെയര് ലഭ്യമായ ലൈബ്രറിയുടെ ഉള്ളില്‍ പ്രത്യേക ലിഫ്റ്റ് സൗകര്യവുമുണ്ട്. കാഴ്ച പരിമിതര്‍ക്കു വായിക്കാനാവുന്ന സൈന്‍ ബോര്‍ഡുകള്‍, പാര്‍ക്കിംഗ് സൗകര്യം എന്നിവയും കോളജ് ഒരുക്കിയിട്ടുണ്ട്. പരീക്ഷയെഴുതാനുള്ള സ്ക്രൈബ് സൗകര്യം, ഷാഡോ ടീച്ചര്‍ സൗകര്യം, വാചാ പരീക്ഷകള്‍ എന്നിവയും കോളജിന്റെ പ്രത്യേകതയാണ്.
കോളജിലെ എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ എല്ലാ വിദ്യാര്‍ഥിനികള്‍ക്കും അധ്യാപക അനധ്യാപകര്‍ക്കും കൈ മൊഴി പരിശീലനം നല്‍കുകയും സമ്പൂര്‍ണ ആംഗ്യഭാഷാ സാക്ഷരത നേടിയ ആദ്യ കോളജ് ബഹുമതി സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് നേതൃത്വം നല്കുന്ന സാന്‍ജോ ക്രാഫ്റ്റ് എന്ന വിപണന മേളയിലൂടെ ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്.
ഭിന്നശേഷി സൗഹൃദ അവാര്‍ഡ് നേട്ടം ഉറപ്പായും കോളജിലെ കൂട്ടായ്മയോടെയുള്ള പ്രവര്‍ത്തനഫലമാണ്. കൂടുതല്‍ സേവനേച്ഛയോടെ പ്രവര്‍ത്തിക്കാന്‍ അത് ഞങ്ങള്‍ക്ക് ഊര്‍ജമാകും. എന്‍എസ്എസ് നേതൃത്വം നല്കിയ പല പ്രവര്‍ത്തനങ്ങളോടൊപ്പം ജൊസൈന് ക്രാഫ്റ്റ് എന്ന പേരില്‍ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് നടത്തുന്ന വിപണന മേളയും ഭിന്നശേഷി സൗഹൃദ കാമ്പസാകാന്‍ സഹായിച്ചിട്ടുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യരാകാനും മനുഷ്യരെ പരിമിതരെന്നു മാറ്റി നിര്‍ത്താതിരിക്കാനുമുള്ള ശ്രമത്തിന് പ്രോത്സാഹനമാണിത് എന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി പറഞ്ഞു.

നൃത്തച്ചുവടുകളുമായി പുലിക്കൂട്ടം, ആരവം മുഴക്കി പുരുഷാരം
തിരുവോണം വരെ മഴ; പുലിക്കളിക്ക് വെയിലിന്റെ വരവേല്‍പ്പ്!
കരിമ്പുലിയും പുള്ളിപ്പുലിയും റെഡി, ഇന്ന് പുലിയിറക്കം
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
തിരുവോണ നാളില്‍ പട്ടിണി സമരം; ടൗണ്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍
പിടിച്ചുകെട്ടാമെങ്കില്‍ കെട്ടിക്കോ, വ്യാഴാഴ്ച ഇരിങ്ങാലക്കുടയില്‍ പുലിയിറക്കം