സംസ്ഥാന സ്കൂള്‍ കലോത്സവം കലാപ്രതിഭകളെ മന്ത്രി ഡോ. ആര്. ബിന്ദു ആദരിച്ചു
ഇരിങ്ങാലക്കുട: കാല്‍നൂറ്റാണ്ടിന്റെ ഇടവേളക്കു ശേഷം സംസ്ഥാന സ്കൂള്‍ കലോത്സവ കിരീടം തൃശൂരിലെത്തിച്ച ഇരിങ്ങാലക്കുടയിലെ വിദ്യാര്‍ഥിപ്രതിഭകള്‍ക്ക് നാടിന്റെ സ്നേഹാദരം സമര്‍പ്പിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ നേതൃത്വത്തില്‍ കുട്ടംകുളം പരിസരത്തു നിന്നും ആരംഭിച്ച സ്വീകരണ ഘോഷയാത്രയോടെ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടന്ന പൊതുസമ്മേളനം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കലോത്സവത്തില്‍ വിജയതിലകമണിഞ്ഞ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട സ്കൂളുകളിലെ വിദ്യാര്‍ഥികളെയും മറ്റു വിദ്യാലയങ്ങളില്‍ നിന്നും കലാ മത്സരങ്ങളില്‍ പങ്കെടുത്ത് സംസ്ഥാന കലോത്സവത്തില്‍ വിജയികളായ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാരെയും ചടങ്ങില്‍ പുരസ്കാരം നല്കി മന്ത്രി ആദരിച്ചു.
ഇരിങ്ങാലക്കുട പൗരാവലിക്ക് വേണ്ടി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ നിയോജകമണ്ഡലം തല പുരസ്കാരമാണ് സമ്മാനിച്ചത്. തുടര്‍ന്ന് സമ്മാനാര്‍ഹമായ കലാസൃഷ്ടികളുടെ അരങ്ങേറി. മൃദംഗ വിദ്വാന് കെ.എസ്. സുധാമന്, കഥകളി കലാകാരികളായ ജയന്തി ദേവരാജ്, ജയശ്രീ ഗോപി എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലളിതാ ബാലന്, സുധാ ദിലീപ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷൈലജ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.സി. നിഷ, ഡിപിസിമാരായ സത്യപാലന്, ഗോഡ്വിന് തുടങ്ങിയവര്‍ സംസാരിച്ചു.