അംബേദ്കർ ഗ്രാമവികസന പദ്ധതി; മുരിയാട് ഒരുകോടിയുടെ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം

അംബേദ്കർ ഗ്രാമവികസനപദ്ധതിയിൽ ഉൾപ്പെടുത്തി മുരിയാട് കുന്നത്തറ നഗറിൽ നടപ്പാക്കുന്ന ഒരുകോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കുന്നു.
മുരിയാട്: അംബേദ്കർ ഗ്രാമവികസനപദ്ധതിയിൽ ഉൾപ്പെടുത്തി മുരിയാട് പഞ്ചായത്തിൽ കുന്നത്തറ നഗറിൽ നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. കുന്നത്തറ നഗറിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു. പട്ടികജാതി വികസനവകുപ്പിന്റെ നേതൃത്വത്തിൽ പട്ടികജാതി നഗറുകളുടെ സമഗ്രവികസനത്തിനായി നടപ്പാക്കുന്ന പദ്ധതിയാണ് അംബേദ്കർ ഗ്രാമ വികസനപദ്ധതി. കുന്നത്തറ നഗറിൽ പശ്ചാത്തലവികസനം, ഭവനപുനരുദ്ധാരണം, റോഡുകൾ, കിണർ എന്നിവയുടെ നവീകരണം തുടങ്ങി വിവിധ വികസനപ്രവർത്തനങ്ങളാണു നടപ്പാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പള്ളി അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന നിർമിതികേന്ദ്രം റീജനൽ എൻജിനീയർ സതീദേവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസിഡന്റ് രതി ഗോപി, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ പി.എസ്. പ്രിയ, വാർഡ് മെന്പർ ജിനി സതീശൻ തുടങ്ങിയവർ പങ്കെടുത്തു.