ഇരിങ്ങാലക്കുടയില്‍ ആരു ചൂടും വിജയകുട
അഡ്വ. തോമസ് ഉണ്ണിയാടന്, ഡോ. ആര്. ബിന്ദു, സന്തോഷ് ചെറാക്കുളം.
ഇരിങ്ങാലക്കുട: പ്രിയപ്പെട്ടവരെ കുടചൂടിച്ചു കൂടെ കൊണ്ടുനടക്കുന്നവരാണു ഇരിങ്ങാലക്കുടക്കാര്‍. സ്വന്തമെന്ന് ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെ വിശ്വസിച്ചുപോരുന്ന നിയമസഭമണ്ഡലം. കൂത്തിന്റെയും കൂടിയാട്ടത്തിന്റെയും ക്ഷേത്രകലകളുടെയും നാടായ ഇരിങ്ങാലക്കുടയില്‍ മൂന്ന് മുന്നണികളും തികഞ്ഞ ആത്മ വിശ്വാസത്തിലാണ് ഇത്തവണ. മഹാത്മാഗാന്ധിയുടെ പാദസ്പര്‍ശനമേറ്റ് സ്വാതന്ത്രസമര പോരാട്ടങ്ങളില്‍ ജ്വലിച്ച നാട്.
മുരിയാട് കോള്‍ പാടങ്ങള്‍ ഉള്‍പ്പെടുന്ന വിശാലമായ കാര്‍ഷിക മേഖലയും വെളിച്ചെണ്ണക്കമ്പനികളും കാലിത്തീറ്റ കമ്പനികളും ഉള്‍പ്പെട്ട വ്യവസായ മേഖലയും ഉള്‍പ്പെടുന്നതാണ് മണ്ഡലം. രാഷ്ട്രീയ ചരിത്രത്തില്‍ ഇരുമുന്നണികളെയും മാറി മാറി പിന്തുണച്ചീട്ടുണ്ട്. 2001 വരെ ഇടയ്ക്കിടെ വലത്തോട്ടും ഇടത്തോട്ടും ചാഞ്ഞും ചരിഞ്ഞും നിലകൊണ്ട ചരിത്രമാണു മണ്ഡലത്തിനുള്ളത്. പിന്നീട് ഹാട്രിക് വിജയം യുഡിഎഫിലെ തോമസ് ഉണ്ണിയാടനു സ്വന്തം. പക്ഷേ, 2016 ലും 2021 ലും യുഡിഎഫിനെ കൈ വിട്ടു. വ്യക്തിബന്ധങ്ങളും വികസനനായകനെന്ന മുഖമുദ്രയും കരുത്താക്കി കൈവിട്ടുപോയ മണ്ഡലം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണു തോമസ് ഉണ്ണിയാടന് ഏഴാം തവണ കളത്തിലിറങ്ങിയിരിക്കുന്നത്.
എന്നാല്‍, ഇതിനെ തടയിടാനുള്ള അധ്വാനത്തിലാണ് എല്‍ഡിഎഫ്. ഒട്ടനവധി ശിഷ്യസമ്പത്തും സഹപാഠികളും ബന്ധുബലവും കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി മന്ത്രി ഡോ. ആര്. ബിന്ദുവിനെയാണ് എല്‍ഡിഎഫ് കളത്തിലിറക്കിയിട്ടുള്ളത്. മണ്ഡലത്തില്‍ ഓരോ തെരഞ്ഞെടുപ്പിലും തങ്ങള്‍ക്കുണ്ടാകുന്ന മുന്നേറ്റം ഇത്തവണയും തുടര്‍ന്നാല്‍ വിജയിക്കാമെന്നാണ് എന്‍ഡിഎയുടെ വിലയിരുത്തല്‍.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലുണ്ടായ വോട്ട് നേടുമെന്നാണ് ബിജെപിയുടെ വിജയ പ്രതീക്ഷ. ഇതിനായി സന്തോഷ് ചെറാക്കുളത്തെയാണ് ഇതിനായി എന്‍ഡിഎ രംഗത്തിറക്കിയിരിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭയും കാട്ടൂര്‍, കാറളം, പടിയൂര്‍, പൂമംഗലം, മുരിയാട്, വേളൂക്കര, ആളൂര്‍ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് മണ്ഡലം. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ ഇരിങ്ങാലക്കുട നഗരസഭയും ആളൂര്‍ പഞ്ചായത്തും യുഡിഎഫിനാണ് ഭരണം. കാട്ടൂര്‍, കാറളം, പടിയൂര്‍, പൂമംഗലം, മുരിയാട്, വേളൂക്കര എന്നീ പഞ്ചായത്തുകളില്‍ ഇടതു പക്ഷമാണ് ഭരിക്കുന്നത്.
രാഷ്ട്രീയ ഭൂപടം
1957-ല്‍ ജന്മംകൊണ്ട നിയോജകമണ്ഡലങ്ങളില്‍ ഒന്നാണ് ഇരിങ്ങാലക്കുട. 1957 ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യമന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്ന സി. അച്യുതമേനോന് ഇരിങ്ങാലക്കുടയില്‍ സിപിഐ സ്ഥാനാര്ഥിയായിരുന്നാണ് വിജയിച്ചത്. കോണ്‍ഗ്രസിലെ കെ.ടി. അച്യുതനെ 2,660 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. 1960 ലും സി. അച്യുതമേനോന് മണ്ഡലം പിന്തുണ നല്കി. 1960-ല്‍ പിഎസ്പിയിലെ (പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി) പി. അച്യുതമേനോനെയാണ് 361 വോട്ടിന് പരാജയപ്പെടുത്തിയത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിനുശേഷം 1965-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മും സിപിഐയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയപ്പോള്‍ നിയോജകമണ്ഡലം കോണ്‍ഗ്രസിന് അനുകൂലമായി. കോണ്‍ഗ്രസിലെ കെ.ടി. അച്യുതന് സിപിഎം സ്വതന്ത്രനായ പി. അപ്പുക്കുട്ടമേനോനെ 6159 വോട്ടിന് തോല്പിച്ചു. 1967-ല്‍ സിപിഐയിലെ സി.കെ. രാജനിലൂടെ ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചു. കോണ്‍ഗ്രസിലെ രാഘവന് പൊഴേക്കടവിലിനെയാണ് സി.കെ. രാജന് 3636 വോട്ടിന് പരാജയപ്പെടുത്തിയത്.
1970-ല്‍ വീണ്ടും മത്സരത്തിനെത്തിയ സി.കെ. രാജനെ കെഎസ്പിയിലെ സി.എസ്. ഗംഗാധരന് 7814 വോട്ടിന് പരാജയപ്പെടുത്തി. 1977-ല്‍ കോണ്‍ഗ്രസിലെ സിദ്ധാര്ഥന് കാട്ടുങ്ങല്‍ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി ജോണ്‍ മാഞ്ഞൂരാനെ 2124 വോട്ടിന് പരാജയപ്പെടുത്തി. 1980 ല്‍ കോണ്‍ഗ്രസിലെ ജോസ് താണിക്കല്‍ ജനതാ പ്ലാര്ട്ടി സ്ഥാനാര്‍ഥി എ.പി. ജോര്‍ജ്ജിനെ 7690 വോട്ടിന് പരാജയപ്പെടുത്തി. 1982 മുതല്‍ 1996 വരെയുള്ള 14 വര്‍ഷം നാലുതവണയായി മണ്ഡലം ലോനപ്പന് നമ്പാടനൊപ്പം നിന്നു.
1982-ല്‍ കേരളാ കോണ്‍ഗ്രസ് (സോഷ്യലിസ്റ്റ്) പാര്‍ട്ടി സ്ഥാനാര്‍ഥിയായി എല്‍ഡിഎഫ് പിന്തുണയോടെ വിജയിച്ച ലോനപ്പന് നമ്പാടന് പിന്നിട് മൂന്നുതവണയും എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായിട്ടാണ് വിജയിച്ചത്. 1982-ല്‍ സിറ്റിംഗ് എംഎല്‍എയായിരുന്ന കോണ്‍ഗ്രസിലെ ജോസ് താണിക്കലിനെ 6766 വോട്ടിനും 1987-ല്‍ കോണ്‍ഗ്രസിലെ എം.സി. പോളിനെ 11098 വോട്ടിനും 1991-ല്‍ കേരളാ കോണ്‍ഗ്രസിലെ എ.എല്‍. സെബാസ്റ്റ്യനെ 9427 വോട്ടിനും തോല്പിച്ച് നമ്പാടന് നിയമസഭയിലെത്തി.
1996-ല്‍ കേരളാ കോണ്‍ഗ്രസിലെ അഡ്വ. തോമസ് ഉണ്ണിയാടനെ ലോനപ്പന് നമ്പാടന് 6126 വോട്ടിന് പരാജ യപ്പെടുത്തി. ആദ്യ പരാജയത്തിന്റെ കണക്കു തീര്‍ത്ത ഉണ്ണിയാടന് 2001-ല്‍ എല്ഡിഎഫ്ലെ ടി. ശശിധരനെ 406 വോട്ടിനും 2006-ല്‍ സി.കെ ചന്ദ്രനെ 7995 വോട്ടിനും 2011-ല്‍ അഡ്വ. കെ.ആര്. വിജയയെ 12404 വോട്ടിനും തോല്പിച്ചു. 2016 ല്‍ എല്ഡിഎഫ്ലെ പ്രഫ. കെ.യു. അരുണന് 2711 വോട്ടിനും 2021 ല്‍ എല്‍ഡിഎഫിലെ ഡോ. ആര്. ബിന്ദു 5949 വോട്ടിന് തോമസ് ഉണ്ണിയാടനെ പരാജയപ്പെടുത്തി.

മുന്‍ഗാമികള്‍
(വര്‍ഷം, വിജയി, പാര്‍ട്ടി)
1957 സി. അച്യുതമേനോന് സിപിഐ
1960 സി അച്യുതമേനോന് സിപിഐ
1965 കെ.ടി. അച്യുതന് കോണ്‍ഗ്രസ്
1967 സി.കെ. രാജന് സിപിഐ
1970 സി.എസ്. ഗംഗാധരന് കെഎസ്പി
1977 സിദ്ധാര്ഥന് കാട്ടുങ്ങല്‍ കോണ്‍ഗ്രസ്
1980 ജോയ്സ് താനിക്കല്‍ ഐഎന്‍സി (യൂ)
1982 ലോനപ്പന് നമ്പാടന് സ്വതന്ത്രന്
1987 ലോനപ്പന് നമ്പാടന് സ്വതന്ത്രന്
1991 ലോനപ്പന് നമ്പാടന് സ്വതന്ത്രന്
1996 ലോനപ്പന് നമ്പാടന് സ്വതന്ത്രന്
2001 അഡ്വ. തോമാസ് ഉണ്ണിയാടന് കേരള കോണ്‍. (എം)
2006 അഡ്വ. തോമാസ് ഉണ്ണിയാടന് കേരള കോണ്‍. (എം)
2011 അഡ്വ. തോമാസ് ഉണ്ണിയാടന് കേരള കോണ്‍. (എം)
2016 പ്രഫ. കെ.യു. അരുണന് സിപിഎം
2021 ഡോ. ആര്. ബിന്ദു സിപിഎം
തെരഞ്ഞെടുപ്പ് ഫലം
2024 ലെ ലോകസഭ തെരഞ്ഞെടുപ്പ്
ബിജെപി (സുരേഷ് ഗോപി) 59515
യുഡിഎഫ് (കെ. മുരളീധരന്) 46499
എല്‍ഡിഎഫ് (അഡ്വ. വി.എസ്. സുനില്‍കുമാര്‍) 45022
ഭൂരി പക്ഷം (ബിജെപി)13016
2021 ലെ നിയസഭ തെരഞ്ഞെടുപ്പ്
എല്‍ഡിഎഫ് (ഡോ. ആര്. ബിന്ദു) 62,493
യുഡിഎഫ് (അഡ്വ. തോമസ് ഉണ്ണിയാടന്) 56,544
ബിജെപി (ജേക്കബ് തോമസ്) 34,329
ഭൂരിപക്ഷം 5949
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആസ്വാദകര്‍ക്ക് പുതുമയായി ലയവിസ്മയം
മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് അറേബ്യന്‍ പാലസ് ഇടപ്പള്ളി വിജയികള്‍
സി.കെ. ചന്ദ്രപ്പന് അനുസ്മരണം നടത്തി
പ്രമുഖരെ കണ്ട് പ്രചരണ രംഗത്ത് സജീവമായി ആര്. ബിന്ദു
ഇരിങ്ങാലക്കുട രൂപത കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതി
പരിശീലക ഇല്ലാതായി, പടിയൂര്‍ പഞ്ചായത്തിലെ വനിതാ ജിം പ്രവര്‍ത്തനം നിലച്ചു