ഓര്‍മകളില്‍ ഒരു തെരഞ്ഞെടുപ്പു കാലം
പോൾ കോക്കാട്ട്.
മാളയില്‍ കരുണാകരനെ നേരിട്ട പോള്‍ കോക്കാട്ട്
സൈക്കിളില്‍ കോളാബി മൈക്ക് വച്ച് പ്രചരണം നടത്തിയ കാലം
ആളൂര്‍: ഇന്ന് സോഷ്യല്‍ മീഡിയകളില്‍ തെരഞ്ഞെടുപ്പു പ്രചരണം ചൂടുപിടിക്കുമ്പോള്‍ സൈക്കിളില്‍ മൈക്ക് കെട്ടിവച്ച് പ്രചരണം നടത്തിയ കനലെരിഞ്ഞ ഭൂതകാലം ഓര്‍ത്ത് പങ്കുവെക്കുകയാണ് ലീഡറോട് പോരാടിയ പോള്‍ കോക്കാട്ട്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനോട് രണ്ടു വട്ടം തുടര്‍ച്ചയായി മത്സരിച്ചതിന്റെ അനുഭവം പങ്കുവെക്കുമ്പോള്‍ പോള്‍ കോക്കാട്ടിന്റെ വാക്കുകളില്‍ ആദരം. 1977-ല്‍ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതിനു മുന്‍പായിരുന്നു ആദ്യ മത്സരം. 9,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കരുണാകരന് ജയിച്ചു. രണ്ടാമത്തെ മത്സരം 1980-ല്‍. 3,000 വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് കരുണാകരന്റെ വോട്ട് കുറഞ്ഞു.
രണ്ടു മത്സരവും മാള നിയോജ കമണ്ഡലത്തില്നിന്ന് നിയമസഭയിലേക്കായിരുന്നു. 1965 മുതല്‍ മത്സരരംഗത്തുള്ള കരുണാകരനോട് 77-ല്‍ കന്നിമത്സരം നടത്തുമ്പോള്‍ പോള്‍ കോക്കാട്ടിന് 40 വയസാണ്. കരുണാകരന്റെ നാലാമത്തെ മത്സരവും. കല്ലേറ്റുകര ബിഷപ്പ് വാഴപ്പിള്ളി മെമ്മോറിയല്‍ ( ബിവിഎം) ഹൈസ്കൂളിലെ അധ്യാപകനായിരുന്നു. 30 വര്‍ഷം അധ്യാപന രംഗത്തില്‍ മൂന്നുമാസം പ്രധാനധ്യാപകനായ ശേഷമാണ് വിരമിക്കല്‍. അടിയന്തരാവസ്ഥയില്‍ രണ്ടു പ്രാവശ്യമായി ആറു മാസം ജയില്ലിലായിരുന്നു.
തിരുവനന്തപുരം ജയിലില്‍ ഇ.എം.എസ്., എ.കെ.ജി. സുശീലാ ഗോപാലന്, ആര്. ശങ്കരനാരായണന്, ഒ. രാജഗോപാല്‍, ആര്. ബാലകൃഷ്ണപിള്ള, കെ.എം. ജോര്‍ജ് എന്നിവര്‍ക്കൊപ്പമായിരുന്നു. ഇടതുപക്ഷ നേതാക്കളൊടൊപ്പം ജയില്‍ വാസം അനുഭവിച്ചതോടെ ഇവരുമായുള്ള സൗഹൃദം വളര്‍ന്നു. ഇതോടെ ഇടതുപക്ഷ സഹയാത്രികനായി. 1970 ല്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന ഗംഗാധരന്റെ തെരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാനായിരുന്നു.
ഓര്‍മയിലെ പണ്ടത്തെ കാല്‍നട ജാഥയും സൈക്കിളില്‍ മൈക്കു വച്ചു കെട്ടിയുള്ള പ്രചരണവും
1977 വരെ ആളൂര്‍ പഞ്ചായത്ത് ചാലക്കുടി നിയോജക മണ്ഡലത്തിന്റെ ഭാഗമായിരുന്നു. കോണ്‍ഗ്രസിന് ഏറെ മുന്‍തൂക്കമുള്ള ഈ പഞ്ചായത്ത് കെ. കരുണാകരന്റെ പ്രത്യേക താത്പര്യത്തില്‍ മാളയുടെ ഭാഗമാക്കി. അതുവരെ മാളയുടെ ഭാഗമായിരുന്ന പടിയൂര്‍ പഞ്ചായത്ത് ഇരിങ്ങാലക്കുടയുടെ ഭാഗമാക്കി. കെ. കരുണാകരനു വിജയിക്കാന്‍ തയ്യാറാക്കിയ മണ്ഡലത്തിന്റെ പുനര്‍ നിര്‍ണയമായിരുന്നു ഇത്. ഇടതുപക്ഷം പോള്‍ കോക്കാട്ടിനെ സ്ഥാനാര്‍ഥിയാക്കി.
അന്ന് ടിവിയോ ഇന്നത്തെ പോലെ സമൂഹ മാധ്യമങ്ങളോ ഇല്ല. എന്തിനേറെ ബഹുജന കണ്‍വെന്‍ഷനുകള്‍ പോലുമില്ല. കോളാമ്പി പോലുള്ള മൈക്ക് സൈക്കിളില്‍ വച്ചു കെട്ടി, ആ സൈക്കിള്‍ ചവിട്ടി ആളുകള്‍ കൂടുന്നിടത്ത് പ്രസംഗിക്കും. രാത്രികാലങ്ങളില്‍ പെട്രോള്‍ മാക്സിന്റെ വെളിച്ചത്തിലായിരുന്നു പ്രചരണം. ചുരുക്കം ചില കാല് നടജാഥകള് നടത്തും. ഇതായിരുന്നു അന്നത്തെ തെരഞ്ഞെടുപ്പു ശൈലി.
ഈ തെരഞ്ഞെടുപ്പില്‍ ലീഡര്‍ കെ കരുണാകരനോട് 9000 വോട്ടുകള്‍ക്കാണ് പരാജയം ഏറ്റുവാങ്ങിയത്. തെരഞ്ഞെടുപ്പില്‍ പരാജിതനായെങ്കിലും പോരാട്ടവീര്യം കുറഞ്ഞില്ല. ആളൂര്‍ പഞ്ചായത്തിലെ ഓരോ വാര്‍ഡുകളും കേന്ദ്രീകരിച്ചും പാര്‍ട്ടി പ്രവര്‍ത്തനം സജീവമാക്കി. 1978 ല്‍ ആളൂര്‍ പഞ്ചായത്തില്‍ ആദ്യമായി ലോക്കല്‍ കമ്മിറ്റി രൂപീകൃതമായി. ആദ്യ ബ്രാഞ്ച് സെക്രട്ടറിയായി പോള്‍ കോക്കാട്ടിനെ തെരഞ്ഞെടുത്തു.
ഒന്നു മില്ലായ്മയില്നിന്നും പഞ്ചായത്ത് ഭരണം
അങ്ങനെ 1979 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. 16 വര്‍ഷം തുടര്‍ച്ചയായി കോണ്‍ഗ്രസ് ഭരണത്തിലായിരുന്നു ആളൂര്‍ പഞ്ചായത്ത. കോണ്‍ഗ്രസിലെ എം.പി. റപ്പായി മാസ്റ്ററായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. സിപിഎമ്മിന് ഒരു പഞ്ചായത്തംഗം പോലുമുണ്ടായിരുന്നില്ല. 79-ലെ പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ 12 വാര്‍ഡില്‍ എട്ട് സീറ്റ് സിപിഎം നേടിഭരണം പിടിച്ചെടുത്തു. ചിട്ടയായ പ്രവര്‍ത്തനമാണ് ഭരണം നേടാനായതെന്ന് പോള്‍ കോക്കാട്ട് പറയുന്നു.
സൈക്കിളില്‍ എത്തിയ പ്രസിഡന്റ്
1980-ലെ രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ ആളൂര്‍ പഞ്ചായത്തില്‍ കരുണാകരനെക്കാള്‍ 1,600 വോട്ടിനു മുന്നിലായിരുന്നു. 1982 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നാം അങ്കത്തിന് അവസരം നല്കിയിരുന്നെങ്കില് വിജയം ഉറപ്പായിരുന്നുവെന്ന് പോള്‍ കോക്കാട്ട് പറയുന്നു. പക്ഷേ ഈ സീറ്റ് ഘടക കക്ഷിയായി സിപിഐക്കു നല്‍കിയതോടെ മത്സരിക്കാനായില്ല. താന്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി രംഗത്ത് ഉണ്ടാകുമെന്നു കരുതിയ കെ. കരുണാകരന് പരാജയ ഭീതിയില്‍ ആ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തിലും കൂടി മത്സരിച്ചു.
1988 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റായി. സൈക്കില്‍ ചവട്ടിയാണ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ എത്തിയത്. 1992 ല്‍ അധ്യാപന രംഗത്തു നിന്നും വിരമിക്കുബോള്‍ ലഭിച്ച തുക കൊണ്ട് സ്കൂട്ടര്‍ വാങ്ങി പിന്നീട് അതിലായിരുന്നു യാത്ര. ഭാര്യ കാതറിന് പോള്‍ 2000- 2005 കാലഘട്ടത്തില്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പിന്നീട് ജില്ലാ പഞ്ചായത്തംഗവുമായി.
കരുണാകരനോടു തോറ്റെങ്കിലും മുഖ്യമന്ത്രിയുടെ ഒന്നാം നമ്പര്‍ കാറില്‍ യാത്ര
ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയം മുഖ്യമന്ത്രിയായിരുന്ന കരുണാകരനെ പഞ്ചായത്ത് പരിപാടികളുടെ ഉദ്ഘാടനത്തിനു ക്ഷണിക്കാന്‍ പോള്‍ മാഷ് തിരുവനന്തപുരത്തെത്തി. തിരിച്ചിറങ്ങാന്‍ യാത്ര പറഞ്ഞപ്പോള്‍ ഗണ്‍മാനെ വിളിച്ച് റെയില്‍വേസ്റ്റേഷനില്‍ കൊണ്ടുവിടാന്‍ ആവശ്യപ്പെട്ടു.
ഈ സമയത്ത് ക്ലിഫ്ഹൗസിന്റെ മുറ്റത്ത് മുഖ്യമന്ത്രിയുടെ ഒന്നാം നമ്പര്‍ കാര്‍ മാത്രമേയുള്ളൂവെന്ന് ഗണ്മാന് അറിയിച്ചു. എന്നാല്‍, അതില്‍ കൊണ്ടുവിടാന്‍ കരുണാകരന് പറഞ്ഞു. അങ്ങനെ കരുണാകരനോടു തോറ്റ ഞാന്‍ മുഖ്യമന്ത്രിയുടെ ഒന്നാം നമ്പര്‍ കാറില്‍ റെയില്‍വേസ്റ്റേഷനില്‍ ചെന്നിറങ്ങിയെന്ന് പോള്‍ കോക്കാട്ട് തുറന്നു പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആസ്വാദകര്‍ക്ക് പുതുമയായി ലയവിസ്മയം
മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് അറേബ്യന്‍ പാലസ് ഇടപ്പള്ളി വിജയികള്‍
സി.കെ. ചന്ദ്രപ്പന് അനുസ്മരണം നടത്തി
പ്രമുഖരെ കണ്ട് പ്രചരണ രംഗത്ത് സജീവമായി ആര്. ബിന്ദു
ഇരിങ്ങാലക്കുട രൂപത കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതി
പരിശീലക ഇല്ലാതായി, പടിയൂര്‍ പഞ്ചായത്തിലെ വനിതാ ജിം പ്രവര്‍ത്തനം നിലച്ചു