ആളൂര്‍ ഡിവിഷന്-കോട്ടകാക്കാന്‍ എല്‍ഡിഎഫ്, തിരിച്ചു പിടിക്കാന്‍ യുഡിഎഫ്, കരുത്തു കാട്ടാന്‍ ബിജെപി
ഇരിങ്ങാലക്കുട: ജില്ലാ പഞ്ചായത്തിന്റെ ആളൂര്‍ ഡിവിഷനില്‍ കരുത്തിനൊപ്പം അഭിമാനപ്പോരാട്ടം കൂടിയാണ്. എല്‍ഡിഎഫിനു സീറ്റ് നിലനിര്‍ത്തുകയാണു ലക്ഷ്യമെങ്കില്‍ ഏതുവിധേനയും സീറ്റ് നേടാനുള്ള കരുനീക്കത്തിലാണു യുഡിഎഫ്. ബിജെപി വിജയത്തില്‍ കുറവൊന്നും പ്രതീക്ഷിക്കുന്നില്ല. 58 വാര്‍ഡുകളാണു ഈ ഡിവിഷനിലുള്ളത്. ആളൂര്‍, പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങള്‍ പൂര്‍ണമായും വേളൂക്കര പഞ്ചായത്തിലെ 11 വാര്‍ഡുകളും മാള ഗ്രാമപഞ്ചായത്തിലെ നാലു വാര്‍ഡുകളും വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ അഞ്ചു വാര്‍ഡുകളും ചേര്‍ന്നതാണു ആളൂര്‍ ഡിവിഷന്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കാതറിന് പോളിനായിരുന്നു വിജയം. ഇക്കുറി പി.കെ. ഡേവിസ് മാസ്റ്ററാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കൊടുങ്ങല്ലൂര്‍ പൊയ്യ സ്വദേശിയാണ്. വിദ്യാര്‍ഥി-യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്കു കടന്നുവന്ന വ്യക്തിയാണു ഡേവിസ് മാസ്റ്റര്‍. സിപിഎം മാള ഏരിയ സെക്രട്ടറിയായി 17 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊയ്യ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പരിചയം ഡേവിസ് മാസ്റ്ററിനു കൈമുതലായുണ്ട്. കൂടാതെ 2010-15 കാലയളവില്‍ ജില്ലാ പഞ്ചായത്ത് ആളൂര്‍ ഡിവിഷനില്‍ നിന്നു അംഗമായി വിജയിച്ച് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം, കേരള കര്‍ഷക സംഘം തൃശൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, കേരള ഫീഡ്സ് വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. അഡ്വ. ഒ.ജെ. ജെനീഷാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കുഴൂര്‍ ഓടാശേരി വീട്ടില്‍ പരേതനായ ഒ.സി. ജനരഞ്ജനന്റെയും പുഷ്പരജയുടെയും മകനാണ്. കോളജ് പഠന കാലഘട്ടത്തില്‍ കേരള വിദ്യാര്‍ഥി യൂണിയനിലൂടെയാണു പൊതുപ്രവര്‍ത്തന രംഗത്തേക്കു കടന്നുവന്നത്. വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തനത്തോടൊപ്പം തൃശൂര്‍ ഗവണ്മെന്റ് ലോ കോളജില്‍ നിന്നു ബിബിഎ എല്‍എല്‍ബി (ഹോണേഴ്സ്) ബിരുദവും, ഗവണ്മെന്റ് പോളി ടെക്നിക് കോളജ് പെരുമ്പാവൂരില്‍ നിന്നു ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ഡിപ്ലോമയും നേടയിട്ടുണ്ട്. 2006-07 കാലയളവില്‍ കെഎസ്യു യൂണിറ്റ് പ്രസിഡന്റായിട്ടാണു രാഷ്ട്രീയ രംഗത്തേക്കു തുടക്കം കുറിക്കുന്നത്. 2007-09 കാലയളവില്‍ മാള നിയോജകമണ്ഡലം കെഎസ്യു പ്രസിഡന്റ്, 2009-11 കാലയളവില്‍ കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, 2011-16 കാലയളവില്‍ കെഎസ്യു തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തന കാലത്തു തന്നെ നെഹ്റു യുവ കേന്ദ്രയുടെ മാള ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ കുഴൂര്‍ ഗ്രാമപഞ്ചായത്ത് കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020 മാര്‍ച്ച് മുതല്‍ തൃശൂര്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരുന്നതിനിടയിലാണ് ത്രിതല പഞ്ചായത്ത് ഭരണ സംവിധാനത്തില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്തിലേക്കു ആളൂരില്‍ നിന്ന് മത്സരിക്കുവാനുള്ള അവസരം ലഭിച്ചത്. റിസണാണ് ബിജെപി സ്ഥാനാര്‍ഥിയായി മല്‍സര രംഗത്തുള്ളത്. പാരമ്പര്യമായി കച്ചവടം നടത്തുന്ന പുതുക്കാട് ചെവിടന്‍ കുടുംബത്തിലെ അംഗമാണ്. കഴിഞ്ഞ 25 വര്‍ഷമായി ബിജെപി അംഗമാണ്. ബിജെപി പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ്, നിയോജകമണ്ഡലം സെക്രട്ടറി, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ബിജെപിയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്.