ചെറിയ പഞ്ചായത്ത് പിടിക്കാന്‍ വലിയ പോരാട്ടം, അങ്കതട്ടില്‍ ഉരുക്കു കോട്ടകാക്കാന്‍ എല്‍ഡിഎഫ്, കോട്ട തകര്‍ക്കാൻ യുഡിഎഫും ബിജെപിയും
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ ഏറ്റവും ചെറിയ പഞ്ചായത്തുകളില്‍ ഒന്നാണു 13 വാര്‍ഡുകളുള്ള പൂമംഗലം. പൂമംഗലം പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാന്‍ യുഡിഎഫും വികസന നേട്ടങ്ങളുമായി ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫും കരുത്തു തെളിയിക്കുവാന്‍ ബിജെപിയും തെരഞ്ഞെടുപ്പു രംഗത്തേക്കിറങ്ങി. ഇതിനായി യുഡിഎഫിന്റെയും ബിജെപിയുടെയും സീറ്റു ചര്‍ച്ച തര്‍ക്കങ്ങളില്ലാതെ പൂര്‍ത്തീകരിച്ചപ്പോള്‍ ഇടതു മുന്നണിയുടെ സീറ്റു ചര്‍ച്ചകള്‍ തര്‍ക്കങ്ങള്‍ മൂലം നീണ്ടു പോകുകയായിരുന്നു. സിപിഎം- സിപിഐ തര്‍ക്കങ്ങള്‍ ഇതുവരെയും പരിഹിക്കപ്പെട്ടീട്ടില്ല. പൂമംഗലം ഗ്രാമപഞ്ചായത്ത് അഞ്ചു വാര്‍ഡുകളില്‍ സിപിഐ ഒറ്റയ്ക്ക് മത്സരിക്കും. പഞ്ചായത്തിലെ 13 വാര്‍ഡുകളില്‍ ഒന്നു മുതല്‍ മൂന്നു വരെയുള്ള വാര്‍ഡുകളിലും 12, 13 വാര്‍ഡുകളിലുമാണു സിപിഐ സ്ഥാനാര്‍ഥികള്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത്. ഈ മല്‍സരം ഇടതു മുന്നണിയുടെ വിജയ സാധ്യതയ്ക്കു മങ്ങലേല്പ്പിച്ചീട്ടുണ്ട്. എല്‍ഡിഎഫ് ഭരണകാലയളവില്‍ പഞ്ചായത്തില്‍ നടത്തിയതു ദുര്‍ഭരണവും സ്വജനപക്ഷപാതവുമാണെന്നും ഫണ്ടുകളെല്ലാം ദുരുപയോഗം ചെയ്തുവെന്നാരോപിച്ചുമാണു ഇക്കുറി യുഡിഎഫ് പോരിനിറങ്ങുക. പൂമംഗലം പഞ്ചായത്ത് എല്‍ഡിഎഫില്‍ നിന്നും തിരിച്ചുപിടിക്കാമെന്നാണു യുഡിഎഫ് കേന്ദ്രങ്ങള്‍ കരുതുന്നത്. ദശകങ്ങള്‍ നീണ്ട തുടര്‍ച്ചയായ ഭരണത്തിലൂടെ സൃഷ്ടിച്ചെടുത്ത ജനസംതൃപ്തിയും വികസനങ്ങളുടെ നീണ്ട പട്ടികയും നിരത്തുമ്പോള്‍ ഇത്തവണയും പൂമംഗലം പഞ്ചായത്ത് എല്‍ഡിഎഫിനു എന്നു പറയുമ്പോഴും ഇടതിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും ഈ തെരഞ്ഞെടുപ്പെന്നു കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. 1978 മുതല്‍ ചെങ്കൊടി പാറുന്ന പഞ്ചായത്താണു പൂമംഗലം. 1995 ലാണു ആദ്യമായി യുഡിഎഫിനു ഭൂരിപക്ഷം കിട്ടിയത്. എന്നാല്‍ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമായിരുന്നതിനാല്‍ പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിനു നല്‍കേണ്ടിവന്നു. പിന്നീട് 2010 ല്‍ യുഡിഎഫിനു ഭൂരിപക്ഷം കിട്ടുന്നതുവരെ കാത്തിരിക്കേണ്ടി വന്നു ആദ്യമായി ഒരു കോണ്ഗ്രസുക്കാരനു പ്രസിഡന്റ് പദവിയിലെത്താന്‍. ജോസ് മൂഞ്ഞേലിയായിരുന്നു അത്തവണ അഞ്ചു വര്‍ഷവും പ്രസിഡന്റ് പദവിയില്‍. പഞ്ചായത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ തങ്ങളെ തുണക്കുമെന്ന പ്രതീക്ഷയിലാണു എല്‍ഡിഎഫ്. ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി, പൂമംഗലം, പടിയൂര്‍ എന്നീ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഷണ്മുഖം കനാല്‍ നവീകരണം, നാട്ടില്‍ ഉത്പാദിപ്പിക്കുന്ന പൂമംഗലം മട്ടയുടെ പ്രവര്‍ത്തനം ആരംഭിച്ചു, പൂമംഗലം കുടുംബാരോഗ്യകേന്ദ്രത്തില്‍ പാലിയേറ്റീവ് കെയര്‍ സെന്റര്‍ ഉദ്ഘാടനം, പൂമംഗലം പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തല്‍,. കാര്‍ഷിക മേഖലയില്‍ അഞ്ചു പാടശേഖരങ്ങളില്‍ ആധുനിക രീതിയിലുള്ള വെര്‍ട്ടിക്കല്‍ ആക്സിസ് പമ്പ് സെറ്റ് സ്ലൂയിസ് ഷെല്‍ട്ടര്‍ എന്നിവ സ്ഥാപിക്കല്‍, സമഗ്ര കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാക്കല്‍ എന്നിവയാണു ഇടതു മുന്നണി ഭരണത്തിന്റെ നേട്ടങ്ങളായി ചൂണ്ടികാട്ടുന്നത്. ഇടതു ഭരണ തസ്തികയില്‍ വികസന മുരടിപ്പാണു നടന്നതെന്നു യുഡിഎഫ് ആരോപിക്കുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ പദ്ധതികള്‍ സ്വന്തമാക്കാനുള്ള ശ്രമമല്ലാതെ സ്വന്തമായി ഒന്നും ചെയ്തില്ലെന്നു യുഡിഎഫ് ആരോപിക്കുന്നു. നാലു കോടി രൂപയില്‍ സമയത്തിനു പദ്ധതികള്‍ സമര്‍പ്പിക്കാതെ 2.41 കോടി രൂപ പാഴാക്കി, അഞ്ചാം വാര്‍ഡ് തോപ്പില്‍ 30 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കാന നിര്‍മാണം ശരിയല്ലെന്നും യുഡിഎഫ് ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ഭരണ സമിതിയില്‍ എല്‍ഡിഎഫ് ഒമ്പത്, യുഡിഎഫ് നാല് എന്നിങ്ങനെയാണു കക്ഷി നില.