കളരിക്ക് രൂപരേഖയായി; ഇനി കാത്തിരിപ്പ് ഭരണാനുമതിക്ക്
ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിന് കേരളീയ വാസ്തുശൈലിയില്‍ പുതിയ കളരി നിലയം നിര്‍മിക്കുന്നതിനായി തയ്യാറാക്കിയ രൂപരേഖ.

ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിലെ 3.7 കോടിയുടെ പദ്ധതി അനിശ്ചിതത്വത്തില്‍
അനുമതി വൈകുന്നതോടെ നിര്‍മാണനടപടികള്‍ നിലച്ചു
ഇരിങ്ങാലക്കുട: കേരളത്തിന്റെ കഥകളി പാരമ്പര്യത്തിന് അരനൂറ്റാണ്ടിലേറെയായി തണലേകുന്ന ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിന് പുതിയ കളരി നിലയം ഒരുക്കാനുള്ള പദ്ധതി ഭരണാനുമതി കാത്ത് നീളുന്നു. 3.7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി വൈകുന്നതാണ് നിര്‍മാണ നടപടികള്‍ക്ക് തടസമാകുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ഘട്ടത്തിലാണ് പദ്ധതിക്കായി 25 ലക്ഷം രൂപയുടെ ആദ്യഗഡു അനുവദിച്ചത്. നിര്‍മാണച്ചുമതല ഏറ്റെടുത്ത കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് കോര്പറേഷന് തുക കൈമാറുകയും കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പദ്ധതിക്ക് സാങ്കേതിക അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ പെരുമാറ്റച്ചട്ടം കാരണം ഭരണാനുമതി ലഭിച്ചില്ല.
പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷവും ഭരണാനുമതി ലഭിക്കാത്തതിനാല്‍ തുടര്‍നടപടികള്‍ മുന്നോട്ടുപോകാനാകാത്ത സ്ഥിതിയാണ്. ചെറിയ തുക അനുവദിച്ചതുകൊണ്ട് മാത്രം നിര്‍മാണം ആരംഭിക്കാനാകില്ലെന്നും മുഴുവന്‍ പദ്ധതിക്കും ഭരണാനുമതി ലഭിച്ചാലേ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂവെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കേരള ശാകുന്തളം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നളചരിതം ആട്ടക്കഥയുടെ കര്‍ത്താവ് ഉണ്ണായി വാരിയരുടെ ജന്മഗൃഹം നിലനിന്നിരുന്ന കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തെക്കേനടയിലാണ് 1955ല്‍ കലാനിലയം സ്ഥാപിച്ചത്. കഥകളി അഭ്യസിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന രണ്ട് പരിശീലന കേന്ദ്രങ്ങളിലൊന്നാണ് ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം. കാലപ്പഴക്കത്തില്‍ പരിതാപകരമായ അവസ്ഥയിലായ കലാനിലയം ഓഡിറ്റോറിയം പൊളിച്ചുമാറ്റി അതിന്റെ സ്ഥാനത്ത് പുതിയ കളരി നിലയവും ഓഫീസ് കെട്ടിടവും നിര്‍മിക്കാനാണ് ഭരണസമിതി ലക്ഷ്യമിടുന്നത്.
ആറന്മുള വാസ്തുവിദ്യാ ഗുരുകുലമാണ് കേരളീയ വാസ്തുശൈലി പിന്തുടര്ന്ന് പുതിയ കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. നിലവിലെ ജീര്‍ണാവസ്ഥയിലുള്ള മുന്‍വശത്തെ ഓഡിറ്റോറിയം മാറ്റി, ഇപ്പോള്‍ പിന്നിലുള്ള ഓഫീസ് കെട്ടിടം മുന്നിലേക്ക് മാറ്റുകയും അതിന് പിന്നിലായി പുതിയ കളരി നിലയം ഒരുക്കുകയും ചെയ്യുന്ന രീിയിലാണ് പദ്ധതി. 4858 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ കളരി നിലയത്തില്‍ 150 പേര്‍ക്ക് ഇരുന്ന് കഥകളി ആസ്വദിക്കാനുള്ള സൗകര്യമുണ്ടാകും. കളരിക്കൊപ്പം സ്റ്റേജ്, അണിയറ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. പാരമ്പര്യവും ആധുനിക സൗകര്യങ്ങളും സമന്വയിപ്പിച്ചുള്ള പുതിയ കെട്ടിടം കലാനിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വേകുമെന്നാണ് പ്രതീക്ഷ.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മൂര്‍ക്കനാട് തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മാണം; നീക്കം ഉപേക്ഷിച്ച് നഗരസഭ
നീഡ്സിന്റെ ഗാന്ധിജയന്തി ദിനാഘോഷം നടത്തി
കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മറ്റി ഗാന്ധി ജയന്തി ദിനചാരണം നടത്തി
പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി ദിനചാരണം നടത്തി
പള്ളീലച്ചന്മാരുടെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് തരംഗമായി
മുനിസിപ്പല്‍ വയോജന കൂട്ടായ്മ ലോക വയോജന ദിനാചരണം നടത്തി