കോടികള്‍ ചെലവഴിച്ചു, ഒരു വര്‍ഷം തികയും മുമ്പേ കാടുകയറി; പൊതുമ്പുചിറയോരം ടൂറിസം പദ്ധതി തകര്‍ച്ചയില്‍
മുരിയാട് പഞ്ചായത്തിന്റെ പൊതുമ്പുചിറയോരം ടൂറിസം പദ്ധതി കാടുകയറി കിടക്കുന്ന നിലയില്‍.
പദ്ധതിയുടെ ഭാഗമായി നല്കിയ ബോട്ടുകള്‍ വെള്ളം കയറി ഉപയോഗശൂന്യമായി; പരിപാലനമില്ലാതെ ടൂറിസം കേന്ദ്രം നശിക്കുന്നു
ഇരിങ്ങാലക്കുട: കോടികള്‍ ചെലവഴിച്ച് ഒരുക്കിയ പൊതുമ്പുചിറയോരം ഡെസ്റ്റിനേഷന്‍ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷം തികയും മുമ്പേ കാടുകയറി നശിക്കുന്ന നിലയില്‍. മുരിയാട് പഞ്ചായത്തിന്റെ സ്വപ്നപദ്ധതിയായി ഏറെ പ്രതീക്ഷയോടെ ആരംഭിച്ച പദ്ധതിയിലെ ബോട്ടിംഗ് നിലച്ചതോടെ ചിറയാകെ പായലും കാടും വളര്‍ന്ന് ടൂറിസം കേന്ദ്രത്തിന്റെ മുഖച്ഛായ തന്നെ മാറി. 2025 സെപ്റ്റംബര്‍ 22നാണ് ഇരിങ്ങാലക്കുടയിലെ ആദ്യ ഡെസ്റ്റിനേഷന്‍ ടൂറിസം പദ്ധതിയായ പൊതുമ്പുചിറയോരം മുന്‍ മന്ത്രി ഡോ. ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ 80 ലക്ഷം രൂപയും, മുന്‍ എംഎല്‍എ ഡോ. ആര്. ബിന്ദുവിന്റെ വികസനനിധിയില്നിന്നുള്ള 25 ലക്ഷം രൂപയും, മുരിയാട് പഞ്ചായത്തിന്റെ 21 ലക്ഷം രൂപയും ഉള്‍പ്പടെ 1.26 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്.
പദ്ധതി പ്രദേശത്തേക്കുള്ള ആമ്പിപ്പാടം പൊതുമ്പുചിറ റോഡിന്റെ നിര്‍മാണത്തിനായി ഡോ. ആര്. ബിന്ദുവിന്റെ എംഎല്‍എ ഫണ്ടില്‍നിന്ന് 18 ലക്ഷം രൂപയും ചെലവഴിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് പൊതുമ്പുചിറയോരം ടൂറിസം ഡെസ്റ്റിനേഷന്‍ പദ്ധതി നടപ്പാക്കിയത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ ആകര്‍ഷണമായിരുന്നു മൂന്നാം ഘട്ടത്തില്‍ ഒരുക്കിയ ബോട്ടിംഗ് സൗകര്യം. ചിറയോരത്തിന്റെ മനോഹാരിത ആസ്വദിക്കുന്നതിനൊപ്പം സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ബോട്ടിംഗ് ആരംഭിച്ചത്. ബോട്ടിംഗ് ആരംഭിച്ചത് നാട്ടുകാര്‍ക്കിടയിലും വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ ചിറയില്‍ പായല്‍ വ്യാപിച്ചതോടെ ബോട്ടുകളുടെ പെഡല്‍ ഇടയ്ക്കിടെ തകരുന്നത് പതിവായതോടെ ബോട്ടിംഗ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ബോട്ടുകളുടെ സര്‍വീസിംഗ് നടത്തിയിരുന്ന ജീവനക്കാരനും ജോലി രാജിവെച്ചതോടെ സംവിധാനം പൂര്‍ണമായും നിലച്ചു. ഇരിങ്ങാലക്കുടയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയ ബോട്ടുകളാണ് ഇപ്പോള്‍ വെള്ളം കയറി ഉപയോഗശൂന്യമായ നിലയില്‍ ചിറയില്‍ കിടക്കുന്നത്.
കൃത്യമായ പരിപാലനമില്ലായ്മയാണ് ബോട്ടുകള്‍ നശിക്കുന്നതിനും ബോട്ടിംഗ് നിലയ്ക്കുന്നതിനും കാരണമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി സൗനദര്യവത്കരണത്തിനായി ചിറയുടെ ഭിത്തികളില്‍ സ്ഥാപിച്ച പൂച്ചെടികളും കരിഞ്ഞുണങ്ങിയ നിലിലാണ്. ഒരിക്കല്‍ സഞ്ചാരികളെ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പൊതുമ്പുചിറയോരം ഇന്ന് കാടും പായലും നിറഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിലേക്ക് നീങ്ങുകയാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങള്‍ പോലും സംരക്ഷിക്കപ്പെടാത്തത് പദ്ധതിയുടെ ഭാവിയെക്കുറിച്ചും ചോദ്യമുയര്‍ത്തുന്നു. ടൂറിസം കേന്ദ്രം വീണ്ടും സജീവമാക്കുന്നതിനും ബോട്ടിംഗ് പുനരാരംഭിക്കുന്നതിനും അടിയന്തര ഇടപെടല്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഫണ്ട് ലഭിക്കാത്തതു മൂലമാണ് നിര്‍മാണ പ്രവര്‍ത്തികള്‍ വൈകുന്നത്: സരള വിക്രമന് (മുരിയാട് പഞ്ചായത്ത് പ്രസിഡന്റ്)

ടൂറിസം പദ്ധതിക്ക് ആവശ്യമായ ഫണ്ട് ഇതുവരെയും ലഭിച്ചിട്ടില്ല. ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ കഴിഞ്ഞാല്‍ മാത്രമാണ് പൊതുമ്പുചിറ ടൂറിസം പദ്ധതിക്ക് ആവശ്യമായ ഫണ്ട് ലഭിക്കുകയുള്ളൂ. കോണ്ട്രാക്ടര്ക്കും, ലൈറ്റും കാമറയും വച്ചവര്‍ക്കും ഇതുവരെയും കൂലി കൊടുത്തിട്ടില്ല, ഫണ്ട് ലഭിച്ചെങ്കില്‍ മാത്രമേ സാധിക്കുകയുള്ളൂ. പൊതുമ്പുചിറയില്‍ പായലും മറ്റും നിറഞ്ഞതുമൂലം ആണ് ബോട്ട് ഇറക്കാന്‍ സാധിക്കത്തത്. പായല്‍ നീക്കിയാലും വീണ്ടും പായല്‍ വളര്‍ന്ന് ചിറ മുഴുവന്‍ നിറയുന്ന സ്ഥിതിയാണ്. അതിന് പരിഹാരമായി പായല്‍ തിന്നുന്ന മത്സ്യത്തെ വളര്‍ത്താന്‍ പഞ്ചായത്ത് തീരുമാനിക്കുകയും അതിനായുള്ള കാര്യങ്ങള്‍ നടത്തിയ സമയത്താണ് നിയമസഭ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അതുമൂലം പ്രവര്‍ത്തികള്‍ നീണ്ടുപോകുകയായിരുന്നു. അതിനു ശേഷം മഴ പെയ്തതോടെ ചിറ നിറഞ്ഞതുമൂലം ശുചീകരണ പ്രവര്‍ത്തികള്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ചിറയില്‍ കിടക്കുന്ന ബോട്ട് കരക്ക് എത്തിച്ച് സൂക്ഷിച്ചുവച്ചിരിക്കാണ്. ചിറയിലെ ചെളി വാരികഴിഞ്ഞാല് പുതിയ കെയര്‍ ടെയ്ക്കറെ നിയമിക്കും.

പദ്ധതി പാളിയത് അനാവശ്യ ധൃതിമൂലം: തോമസ് തത്തംപിള്ളി (പ്രതിപക്ഷനേതാവ്, മുരിയാട് പഞ്ചായത്ത്)
പൊതുമ്പുച്ചിറയിലെ ഡെസ്റ്റിനേഷന്‍ ടൂറിസം പദ്ധതിയുടെ ഇന്നത്തെ അവസ്ഥക്ക് കാരണം അനാവശ്യമായി കാണിച്ച ധൃതിയാണ്. പൊതുമ്പുചിറ പൂര്‍ണമായും വൃത്തിയാക്കാതെയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങളുടെ പ്രധാന ജലസ്രോതസാണ് പൊതുമ്പുചിറ. മുരിയാട് കായലില്‍ നിന്നും വെള്ളമെത്തിച്ച് ചിറ നിറക്കുന്ന പദ്ധതി ഇതുവരെയും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ചിറയില്‍ കെട്ടി കിടക്കുന്ന ചെളി പൂ്ണമായും നീക്കം ചെയ്യാനോ പായലും ചണ്ടിയും വരാതിരിക്കാനുള്ള പ്രവൃത്തികള്‍ ചെയ്യാനോ സാധിച്ചിട്ടില്ല. ബോട്ട് സവാരി അപകടം കൂടാതെ സുഗമമായി നടക്കണമെങ്കില്‍ ഈ പ്രവര്‍ത്തികളെല്ലാം ചെയ്യേണ്ടതുണ്ട്. മാസങ്ങളോളം സവാരി ചെയ്യാന്‍ സാധിക്കാതെ ബോട്ട് കരയില്‍ കിടന്നത് ഇക്കാരണം കൊണ്ടാണ്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൃശൂര്‍ സെന്‍ട്രല്‍ സഹോദയ കലോത്സവം 2026: ലോഗോ പ്രകാശനം
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
കരുവന്നൂര്‍ നിക്ഷേപക കൂട്ടായ്മ സൂചനാ സമരം നടത്തി
മകളുടെ പഠനത്തിന് പണം വേണം; നിക്ഷേപം തിരികെ കിട്ടാതെ ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം