പാലം പൊളിച്ചിട്ട് ഒരു മാസം; പുനര്‍നിര്‍മാണം എങ്ങുമെത്തിയില്ല
പാലം പൊളിച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും പുനര്‍നിര്‍മാണം ആരംഭിക്കാത്ത കല്ലേരിത്തോടിലെ പാലം.
കാല്‍നടയാത്രക്കാര്‍ക്ക് വാട്ടര്‍ അഥോറിറ്റി പൈപ്പിനെ ആശ്രയിക്കണം; സിവില്‍ സ്റ്റേഷനിലേക്കുള്ള എളുപ്പവഴി അടഞ്ഞു
ഇരിങ്ങാലക്കുട: പുതിയ കള്‍വര്‍ട്ട് നിര്‍മിക്കുന്നതിനായി പാലം പൊളിച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും പുനര്‍നിര്‍മാണ നടപടികള്‍ ആരംഭിക്കാതെ നഗരസഭ. കാട്ടൂര്‍ റോഡില്‍നിന്ന് പുറ്റിങ്ങല്‍ ക്ഷേത്രം റോഡിലേക്കുള്ള വഴിയില്‍ കല്ലേരിത്തോടിന് കുറുകെയുണ്ടായിരുന്ന പാലമാണ് പൊളിച്ചുനീക്കിയത്. പാലം പൊളിച്ചതോടെ ഇരുവശത്തും ടാര്വീപ്പകള് സ്ഥാപിച്ച് ഗതാഗതം പൂര്‍ണമായും തടഞ്ഞിരിക്കുകയാണ്. പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തതല്ലാതെ പുതിയ കള്‍വര്‍ട്ട് നിര്‍മാണത്തിനാവശ്യമായ മെറ്റല്‍, മണല്‍, കമ്പി തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ പോലും സ്ഥലത്ത് എത്തിച്ചിട്ടില്ല. ഇതോടെ പാലത്തിന്റെ പുനര്‍നിര്‍മാണം ഇനിയും വൈകുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. കാട്ടൂര്‍ റോഡില്‍നിന്ന് തിരക്കേറിയ എകെപി ജംഗ്ഷന് ഒഴിവാക്കി സിവില്‍ സ്റ്റേഷനിലെത്താന്‍ കഴിയുന്ന പ്രധാന എളുപ്പവഴിയാണിത്.
കാട്ടൂര്‍ ഭാഗത്തുനിന്നുള്ള നിരവധി പേരാണ് ഈ വഴിയെ ആശ്രയിച്ചിരുന്നത്. പാലം അടച്ചതോടെ യാത്രക്കാര്‍ക്ക് അധികദൂരം ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്. കാല്‍നടയാത്രക്കാരുടെ ദുരിതമാണ് ഏറെ രൂക്ഷം. തോടിന്റെ ഇരുവശത്തേക്കും കടക്കാന്‍ നിലവില്‍ വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. സുരക്ഷിതമായ താല്‍ക്കാലിക സംവിധാനമൊരുക്കാതെയാണ് പാലം പൊളിച്ചുനീക്കിയതെന്നും ആക്ഷേപമുണ്ട്. വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ്ലൈന് മാറ്റി സ്ഥാപിക്കുന്നതിന് കാലതാമസമുണ്ടായതാണ് പുതിയ കള്‍വര്‍ട്ട് നിര്‍മാണം വൈകാന്‍ കാരണമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. എന്നാല്‍ പാലം പൊളിച്ച് ഒരു മാസം പിന്നിട്ടിട്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തത് യാത്രക്കാരിലും പ്രദേശവാസികളിലും പ്രതിഷേധത്തിനിടയാക്കുകയാണ്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
കൈരളി നാട്യ കലാക്ഷേത്രം നൃത്ത വിദ്യാലയത്തിന്റെ 44 ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി