ഷണ്മുഖം കനാലില്‍ അറവുമാലിന്യം തള്ളി; രാത്രിയുടെ മറവില്‍ മാലിന്യ നിക്ഷേപം വ്യാപകം
പടിയൂര്‍ പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഷണ്മുഖം കനാലിനോടുചേര്ന്ന സൗത്ത് ഈസ്റ്റ് ബണ്ട് റോഡില്‍ അറവുമാലിന്യം തള്ളിയ സ്ഥലം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് പരിശോധന നടത്തുന്നു.
അഞ്ചിടങ്ങളില്‍ മാടുകളുടെ ശരീരഭാഗങ്ങള്‍; കനാല്‍ മലിനമാകാനും തെരുവുനായ ശല്യം രൂക്ഷമാകാനും സാധ്യത
പടിയൂര്‍: ഇരിങ്ങാലക്കുട നഗരസഭയില്‍നിന്ന് ആരംഭിച്ച് പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകളിലൂടെ ഒഴുകി കാക്കാത്തുരുത്തി കനോലി കനാലില്‍ ചെന്നുചേരുന്ന ഷണ്മുഖം കനാലില്‍ വീണ്ടും അറവുമാലിന്യം തള്ളി. പടിയൂര്‍ പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഷണ്മുഖം സൗത്ത് ബണ്ട് റോഡില്‍ കനാലിനോടുചേര്‍ന്നുള്ള അഞ്ച് സ്ഥലങ്ങളിലാണ് മാടുകളുടെ ശരീരഭാഗങ്ങള്‍ ഉള്‍പ്പടെയുള്ള അറവുമാലിന്യം വന്‍തോതില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. ഷണ്മുഖം കനാലിന്റെ തെക്കുഭാഗത്തെ ബണ്ട് റോഡില്‍ രാത്രിയുടെ മറവില്‍ സ്ഥിരമായി അറവുമാലിന്യം തള്ളുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ബണ്ട് റോഡില്‍ സിസിടിവി ക്യാമറകളില്ലാത്തത് മാലിന്യം തള്ളുന്നവര്‍ക്ക് സഹായകരമാകുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
മഴ ശക്തമാകുന്നതോടെ മാലിന്യം കനാലിലെ വെള്ളത്തിലേക്ക് ഒഴുകിയെത്താനും ജലസ്രോതസുകള്‍ മലിനമാകാനും സാധ്യതയുണ്ട്. ഇതോടെ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള ഭീഷണിയും നിലനില്ക്കുന്നു. അറവുമാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കളുടെ ശല്യവും പ്രദേശത്ത് രൂക്ഷമായിട്ടുണ്ട്. ഇതോടെ പ്രദേശവാസികളുടെ ജീവിതവും ബണ്ട് റോഡിലൂടെയുള്ള യാത്രയും ദുരിതത്തിലായിരിക്കുകയാണ്. പഞ്ചായത്തിലെ തോടുകളിലും കനാലുകളിലും അറവുമാലിന്യം ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നത് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
നേരത്തേ പൂമംഗലം പഞ്ചായത്ത് പരിധിയിലായിരുന്നു കൂടുതലായും മാലിന്യം തള്ളിയിരുന്നത്. പ്രദേശത്തെ കാട് വെട്ടിത്തെളിച്ചതോടെ മാലിന്യം തള്ളുന്നത് പടിയൂര്‍ ഭാഗത്തേക്ക് മാറ്റിയതായാണ് നാട്ടുകാരുടെ ആരോപണം. ബണ്ട് റോഡില്‍ സിസിടിവി സ്ഥാപിക്കാന്‍ പൂമംഗലം പഞ്ചായത്ത് നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് മാലിന്യം തള്ളിയവരെ കണ്ടെത്തണമെന്നും കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്തംഗം ബിനോയ് കോലാന്തറ പടിയൂര്‍ പഞ്ചായത്തിലും കാട്ടൂര്‍ പോലീസിലും പരാതി നല്കി.
സിസിടിവി സ്ഥാപിക്കും, കെ.പി. കണ്ണന് (പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്)
മലിന്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മാലിന്യത്തിന് മുകളില്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറിയശേഷം കുഴിയെടുത്ത് മൂടിയതായി പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന് പറഞ്ഞു. പ്രദേശത്തെ കാട് വെട്ടിത്തെളിച്ച് സിസിടിവി ക്യാമറ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സെന്റ് ജോസഫ്സ് കോളജില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്സ് ശില്പശാലയ്ക്ക് തുടക്കം
ഒരുമയുടെ ഓര്‍മകള്‍ പങ്കുവച്ച് ഉദയ പ്രൊവിന്‍സ് അലുമ്നി മീറ്റ്
ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി