മുരിയാട്, വേളൂക്കര കുടിവെള്ള പദ്ധതിയില്‍ ഇരിങ്ങാലക്കുട നഗരസഭയും
ഇരിങ്ങാലക്കുട: മുരിയാട്, വേളൂക്കര കുടിവെള്ള പദ്ധതില്‍ ഇരിങ്ങാലക്കുട നഗരസഭയേയും ഉള്‍പ്പെടുത്തുവാന്‍ തീരുമാനമായി. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി പ്രഫ. കെ.യു. അരുണന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണു തീരുമാനം കൈകൊണ്ടത്. ജലജീവന്‍ മിഷന് പദ്ധതിക്കു പൂരകമായ രീതിയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ട പുതിയ സാഹചര്യമുള്ളതിനാല്‍ പ്രസ്തുത പദ്ധതിയില്‍ ഇരിങ്ങാലക്കുട നഗരസഭയേയും ചേര്‍ത്ത് മുരിയാട്, വേളൂക്കര പഞ്ചായത്തുകള്‍ക്കും ഇരിങ്ങാലക്കുട നഗരസഭക്കും വേണ്ടിയുള്ള സമഗ്ര ശുദ്ധജല പദ്ധതി എന്നാക്കുന്നതിനു യോഗം തീരുമാനിച്ചു. പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി ഉത്പാദന ഘടകത്തിനായി 60.68 ലക്ഷം രൂപയും വിതരണ ശൃഖലയ്ക്കും എല്ലാ വീടുകളിലേക്കുമുള്ള കുടിവെള്ള കണക്ഷനു വേണ്ടി 55.09 ലക്ഷം രൂപയുമടക്കം മൊത്തം 115.77 ലക്ഷം രൂപയാണ് വേണ്ടത്. ഇതിനായി 2020-21 വര്‍ഷത്തിലെ കേരള സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിട്ടുള്ള 8500 ലക്ഷം രൂപക്കു പുറമെ വരുന്ന സംഖ്യ ജലജീവന്‍ മിഷനില്‍ നിന്നും കണ്ടെത്തും. ഈ പദ്ധതിയുടെ സ്രോതസ് കരുവന്നൂര്‍ പുഴയിലെ 12 എം വ്യാസമുള്ള പുതിയ കിണറും പമ്പ് ഹൗസുമായിരിക്കും. 18 ദശലക്ഷം ലിറ്ററിന്റെ ജലശുദ്ധീകരണ ശാല ഇരിങ്ങാലക്കുട നഗരസഭയിലെ മാങ്ങാടിക്കുന്നും 12 ലക്ഷം ലിറ്ററിന്റെ ജല സംഭരണികള്‍ മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലും 22 ലക്ഷം ലിറ്ററിന്റെ ജലസംഭരണി ഇരിങ്ങാലക്കുട നഗരസഭയിലും ഉണ്ടായിരിക്കും. പമ്പിംഗ് മെയിനായി 5800 എംഎം, 600 എംഎം വ്യാസമുള്ള ഡിഐകെ9 റോ വാട്ടര്‍ പമ്പിംഗ് മെയിനും ട്രാന്സ്മിഷന് മെയിനായി 450 എംഎം മുതല്‍ 300 എംഎം വ്യാസമുള്ള 14,275 മീറ്റര്‍ പൈപ്പ് ലൈനുമാണു ഉപയോഗിക്കുക. വിതരണ ശൃഖലയ്ക്കായി മുരിയാട് പഞ്ചായത്തില്‍ 137.035 കിലോമീറ്റര്‍ പൈപ്പും വേളൂക്കര പഞ്ചായത്തില്‍ 216.047 കിലോമീറ്റര്‍ പൈപ്പ് ലൈനും സ്ഥാപിക്കണം. കൂടാതെ മുരിയാട് പഞ്ചായത്തിലും വേളൂക്കര പഞ്ചായത്തിലും കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങള്‍ വാട്ടര്‍ അഥോറിറ്റിക്കു വിട്ടു കൊടുക്കാനും യോഗത്തില്‍ തീരുമാനമായി. ഇരിങ്ങാലക്കുട പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ വച്ച് ചേര്‍ന്ന യോഗത്തില്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, കേരള വാട്ടര്‍ അഥോറിറ്റി നാട്ടിക പ്രൊജക്ട് ഡിവിഷന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ടി.ബി. ബിന്ദു, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.പി. പ്രസാദ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ ടി.എസ്. മിനി എന്നിവര്‍ പങ്കെടുത്തു.