ഇരിങ്ങാലക്കുടയിൽ പൈപ്പ് പൊട്ടി വെള്ളം പാഴായി
ദാഹമുള്ളവര്‍ നോക്കരുത്, ഇത് കുടിവെള്ളം തന്നെ
പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥ, കുടിക്കാനുള്ള വെള്ളം നടുറോഡില്‍
തടസപ്പെട്ടത് നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം
ഇരിങ്ങാലക്കുട: ക്ഷാമം വെള്ളത്തിനേയുള്ളൂ, പൈപ്പ് പൊട്ടലിനില്ല എന്നുള്ളതാണു ഇപ്പോള്‍ നാട്ടിലെ സ്ഥിതി. കുടിവെള്ളത്തിനായി ദാഹിച്ചു വലയുമ്പോഴും നഗരത്തില്‍ വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് പൊട്ടല്‍ മൂലം പാഴാകുന്നതു ആയിരക്കണക്കിനു ലിറ്റര്‍ വെള്ളം. ഇരിങ്ങാലക്കുട, കാട്ടൂര്‍ മേഖലകളിലെ പല റോഡുകളിലും ജല അഥോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതു സ്ഥിരം കാഴ്ചയാണ്. ഇരിങ്ങാലക്കുട ഠാണാ തൃശൂര്‍ റോഡില്‍ ഇന്നലെ പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം ഒഴുകിയത്. ഇതു മൂലം കുടിവെള്ള വിതരണം താറുമാറായ സ്ഥിതിയിലാണ്. മങ്ങാടികുന്നിലെ ജലശുദ്ധീകരണ സംഭരണിയില്‍ നിന്നും നഗരസഭാ പ്രദേശത്തേക്കുള്ള കുടിവെള്ള വിതരണ പൈപ്പാണു പൊട്ടിയത്.
നാലു ദിവസത്തിലൊരിക്കല്‍ മാത്രമാണു ഇപ്പോള്‍ കുടിവെള്ള വിതരണം നഗരസഭാ പ്രദേശത്തു നടക്കുന്നത്. പൈപ്പ് പൊട്ടിയതോടെ കുടിവെള്ള വിതരണം ഓന്നോ രണ്ടോ ദിവസങ്ങള്‍ വൈകാനാണു സാധ്യത. പൈപ്പു പൊട്ടി ഒഴുകുന്ന വെള്ളം റോഡിലെ കുഴിയില്‍ നിറയുന്നതോടെ ഈ വെള്ളം പിന്നീട് സമീപത്തെ തോട്ടിലേക്കു ഒഴുകും. ഇതോടെ ആയിരക്കണക്കിനു ഗുണഭോക്താക്കള്‍ക്കു ലഭിക്കേണ്ട കുടിവെള്ളം പാഴാകുകയും ജലവിതരണം നിര്‍ത്തി വെയ്ക്കുകയും ചെയ്യും. അറ്റകുറ്റപണികള്‍ നടത്തിയ ശേഷമേ ജലവിതരണം നടത്തുകയുള്ളൂവെങ്കിലും അറ്റകുറ്റപണികള്‍ക്കായി ദിവസങ്ങളെടുക്കുന്നതാണു പലപ്പോഴും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്.
ഒന്നോ രണ്ടോ ദിവസത്തേക്കുള്ള വെള്ളം പിടിച്ചുവയ്ക്കാന്‍ സംവിധാനമില്ലാത്തവരാണു നഗരത്തില്‍ ഏറെയുമുള്ളത്. കാലപ്പഴക്കമാണു അടിക്കടി പൈപ്പു പൊട്ടുന്നതിന്റെ പ്രധാന കാരണം. പൈപ്പു പൊട്ടിയാല്‍ അതു കണ്ടെത്തി നന്നാക്കുകയെന്നതാണു ജല അഥോറിറ്റിയുടെ പ്രധാന വെല്ലുവിളി. റോഡിലൂടെ വെള്ളം ഒഴുകുന്നതു കാണാമെങ്കിലും പൈപ്പു പൊട്ടല്‍ എവിടെയാണെന്നു കണ്ടെത്താനാണു ഏറെ പ്രയാസം. അതു കണ്ടെത്തി ശരിയാക്കിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും അതേ സ്ഥലത്തോ കുറച്ചു മാറിയോ പൊട്ടുന്നതു പതിവാണ്. പൈപ്പ് സ്ഥാപിച്ചിരിക്കുന്നതിനു മേല്‍ ടാറിംഗ് വന്നതോടെ ഇതു വെട്ടിപ്പൊളിക്കാതെ പൈപ്പ് നന്നാക്കാന്‍ കഴിയാതായി.
റോഡ് പൊളിക്കുന്നതിനെത്തുടര്ന്നുണ്ടാകുന്ന കുഴി താത്കാലികമായി മുടിയെങ്കിലും ടാറിംഗ് നടന്നിട്ടില്ല. ഏതു സമയത്താണു റോഡിലെ ഈ കുഴി മരണകെണികളാകുന്നതെന്നു പറയുക അസാധ്യം. വഴിയാത്രക്കാരും ബൈക്കടക്കമുള്ള ചെറുവാഹനങ്ങളിലെ യാത്രക്കാരും ഇത്തരം ചതിക്കുഴിയില്‍ വീഴുന്നതു പതിവായിട്ടുണ്ട്. പുതിയ പൈപ്പുലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അഥോറിറ്റിയുടെ ഡിവിഷന് ഓഫീസിനു പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും എന്നു പ്രാവര്‍ത്തികമാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫണ്ടിന്റെ അപര്യാപ്തതയാണു പ്രധാന കാരണമായി ഉദ്യോഗസ്ഥര്‍ ചൂണ്ടികാണിക്കുന്നത്. ബ്രദര്‍ മിഷന് റോഡ്, മെറീന ആശുപത്രിക്കു സമീപം, കാട്ടൂര്‍ പോംപെ സ്കൂളിനു മുന്നിലുള്ള റോഡ്, എടത്തിരിഞ്ഞി എന്നിവടങ്ങളില്‍ പലപ്പോഴും പൈപ്പ് പൊട്ടി വെള്ളം പാഴാകാറുണ്ട്.