വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ വിസ തട്ടിപ്പ്, രണ്ട് പേര് അറസ്റ്റില്‍
ഇരിങ്ങാലക്കുട കേന്ദ്രികരിച്ച് എമിഗ്രോ സ്റ്റഡി അബ്രോര്‍ഡ് എന്ന സ്ഥാപനം വഴി നടന്ന കോടികളുടെ വിസാ തട്ടിപ്പ് കേസില്‍ രണ്ട് പേര് അറസ്റ്റിലായി. കേസിലെ മുഖ്യപ്രതികളായ ഒന്നാം പ്രതി കുന്നംകുളം സ്വദേശി കിടങ്ങന്‍ വീട്ടില്‍ മിജോ കെ മോഹന്‍ (31),മൂന്നാം പ്രതി ഇരിങ്ങാലക്കുട ചക്കാലക്കല്‍ വീട്ടില്‍ സുമേഷ് ആന്റണി (39) എന്നിവരെയാണ് തൃശ്ശൂര്‍ റൂറല്‍ എസ്പി ഐശ്യര്യ ഡോംഗ്രേ ഐപിഎസ്, ഇരിങ്ങാലക്കുട ഡി വൈ എസ് പി ബാബു കെ തോമസിന്റെ നേതൃത്വത്തില്‍ കാട്ടൂര്‍ സി ഐ മഹേഷ്കുമാര്‍ അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതി എടപ്പാള്‍ സ്വദേശി ആസിഫ് ഒളിവിലാണ്. ഇയാള്‍ വിദേശത്തേയ്ക്ക് കടന്നതായി സൂചനയുണ്ട്.അമേരിക്ക,കാനഡ,യു കെ എന്നി വിദേശ രാജ്യങ്ങളിലേയ്ക്ക് ജോലിയ്ക്കായി വിസ വാഗ്ദാനം ചെയ്ത് സോഷ്യല്‍ മീഡിയ വഴി പരസ്യം നല്കി ഉപഭോക്താക്കളില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത പരാതിയിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. മൂന്ന് ലക്ഷം രൂപ വരെ വിസയ്ക്കായി നല്കി മാസങ്ങള്‍ കാത്തിരിന്നിട്ടും വിസ ലഭിയ്ക്കാതെയായതിനെ തുടര്‍ന്ന് ഇവരെ ബന്ധപെടുമ്പോള്‍ വീണ്ടും കാലവധി നീട്ടി പറയുന്നതിനെ തുടര്‍ന്നാണ് പരാതിയുമായി നിരവധി പേര് രംഗത്ത് എത്തിയത്.സംസ്ഥാനത്തിനകത്ത് വിവിധ ജില്ലകളില്‍ നിന്നായി നൂറോളം പരാതികളാണ് ഇപ്പോള്‍ തന്നെ ഇവര്‍ക്കെതിരെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലും തൃശ്ശൂര്‍ റൂറല്‍ പോലീസ് ആസ്ഥാനത്തും ലഭിച്ചിട്ടുള്ളത്. അഞ്ച് കേസുകളിലായി 27 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇപ്പോള്‍ ഇവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ഏകദേശം അഞ്ച് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രധാമിക നിഗമനം. തട്ടിപ്പ് നടത്തിയ തുക ആഡംബര ജീവിതത്തിനായി പ്രതികള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. എമിഗ്രോ സ്റ്റഡി എബ്രോഡിനോട് ചേര്‍ന്നുള്ള എമിഗ്രോ സൂപ്പര്‍മാര്‍ക്കറ്റിലും പ്രതികള്‍ മൂന്ന് പേരും പാര്‍ട്ടണര്‍മാരാണ് ഇതിന്റെ സാമ്പത്തിക സ്ത്രോതസുകളെ കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കോടതി റിമാന്റ് ചെയ്തു. എസ് ഐ മാരായ ഷാജന് എം എസ്, സി എം ക്ലീറ്റസ്, എഎസ്ഐ മാരായ ശ്രീധരന്, സേവ്യര്‍, ജസ്റ്റിന്, നൂറുദ്ദിന് എന്നിവരുടെ നേത്യത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷത്തില്‍ ഉണ്ടായിരുന്നത്.