നഗരസഭയുടെ ആധുനിക അറവുശാല പദ്ധതി; കിഫ്ബി/അമൃത് എജന്‍സിയില്‍ നിന്നും ഗ്രാന്റ് ലഭിക്കില്ല
ബദല്‍ വഴികള്‍ തേടി നഗരസഭ; ഡിപിആര്‍ തയ്യാറാക്കിയ എജന്‍സിക്ക് നഗരസഭ നല്‍കാനുള്ളത് ലക്ഷങ്ങള്‍
ഇരിങ്ങാലക്കുട: ആധുനിക അറവുശാല നിര്‍മ്മാണത്തിന് കിഫ്ബിയില്‍ നിന്നും അമൃത് പദ്ധതിയില്‍ നിന്നുമുള്ള ഗ്രാന്റ് സാധ്യത മങ്ങിയതോടെ ഫണ്ട് കണ്ടെത്താനുള്ള ബദല്‍ വഴികള്‍ തേടി ഇരിങ്ങാലക്കുട നഗരസഭ. കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഫാമിംഗ് ആന്റ് ഫുഡ് പ്രൊസസിംഗ് ഏജന്‍സിയുടെ നേതൃത്വത്തില്‍ അറവുശാലയ്ക്കായി സമഗ്രമായ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഫണ്ട് വിഷയത്തില്‍ തട്ടി തുടര്‍നടപടികള്‍ നീളുകയായിരുന്നു.
കോമ്പാറയില്‍ നഗരസഭയുടെ അറുപത് സെന്റ് സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന അറവുശാലയ്ക്ക് 2012 ഏപ്രില്‍ 22 നാണ് പൂട്ട് വീണത്. അറവുശാല കെട്ടിടത്തിന്റെ മതില് ഇടിഞ്ഞ് വീഴുകയും മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുകുകയും സമീപത്തെ കിണറുകള്‍ മലിനമാവുകയും ചെയ്തതോടെ പരിസരവാസികള്‍ പ്രതിഷേധവുമായി രംഗത്ത് വരികയും അറവുശാലയുടെ പ്രവര്‍ത്തനം താത്കാലികമായി നിറുത്തുകയായിരുന്നു.
എതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് അന്നത്തെ നഗരസഭ ഭരണനേതൃത്വം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ചട്ടങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം തുടരാന്‍ കഴിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടീസും നല്‍കിയതോടെ നഗരസഭയുടെ മുന്നിലുള്ള താത്കാലികമാര്‍ഗങ്ങള്‍ അടയുകയായിരുന്നു. തുടര്‍ന്നാണ് കിഫ്ബി, അമ്യത് പദ്ധതികളില്‍ നിന്നും ഗ്രാന്റിന്റെ സാധ്യത തേടി ആധുനിക അറവുശാല യാഥാര്‍ഥ്യമാക്കാനുള്ള ആലോചനകള്‍ സജീവമാക്കിയത്. ഇതിന്റെ മുന്നോടിയായിട്ടാണ് സര്‍ക്കാരിന്റെ അംഗീകൃത ഏജന്‍സിയായ സെന്റര്‍ ഫോര്‍ ഫാമിംഗ് ആന്‍ഡ് ഫുഡ് പ്രൊസസിംഗ് ഏജന്‍സിയെ കൊണ്ട് ഡിപിആര്‍ തയ്യാറാക്കിയിരിക്കുന്നത്.
1800 പേജ് ഉള്ള വിശദമായ റിപ്പോര്‍ട്ടാണ് എജന്‍സിയിലെ വിദഗ്ധന്‍ ഡോ. പി.വി. മോഹനന്റെ നേതൃത്വത്തില്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത്. 18.5 കോടി രൂപയാണ് നിര്‍മ്മാണത്തിനായി കണക്കാക്കിയിരിക്കുന്നത്. ഡിപിആര്‍ തയ്യാറാക്കാനുള്ള 15 ലക്ഷം രൂപയില്‍ അഞ്ച് ലക്ഷം രൂപ മാത്രമാണ് നഗരസഭ മാസങ്ങള്‍ പിന്നിട്ടിട്ടും നല്‍കിയിരിക്കുന്നത്. ഇതിനിടയില്‍ കോമ്പാറയിലെ അറവുശാല കെട്ടിടം നഗരസഭ പൂര്‍ണ്ണമായും പൊളിച്ച് നീക്കുകയും ചെയ്തു.
അറവുശാല നിര്‍മ്മാണത്തിനും നടത്തപ്പിനും ടെണ്ടര്‍ വിളിക്കാനും ഇതിന് ആവശ്യമായ ഫണ്ട് കിഫ്ബിയില്‍ നിന്ന് അഞ്ച് ശതമാനം പലിശ നിരക്കില്‍ കണ്ടെത്താനും പന്ത്രണ്ട് വര്‍ഷത്തെ നടത്തിപ്പിന് ശേഷം അറവുശാല നഗരസഭയ്ക്ക് കൈമാറാനുള്ള ആലോചനകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കിഫ്ബി ലോണ്‍ പലിശ സഹിതം നിര്‍മ്മാണ ടെണ്ടര്‍ എടുക്കുന്ന വ്യക്തി അടച്ച് തീര്‍ക്കണം. കൊച്ചി, തൃശൂര്‍, പുനലൂര്‍, ആറ്റിങ്ങല്‍ എന്നീ തദ്ദേശസ്ഥാപനങ്ങള്‍ ഇതേ മാതൃകയിലാണ് മുന്നോട്ട് നീങ്ങുന്നത്. ഡിപിആര്‍ തയ്യാറാക്കിയതിന്റെ മുഴുവന്‍ തുക പദ്ധതി റിവിഷനില്‍ ഉള്‍പ്പെടുത്തി നല്‍കുമെന്നാണ് നഗരസഭ അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.