ഈസ്റ്റര്, പ്രത്യാശയുടെ ജീവിതത്തിനുള്ള ആഹ്വാനം- മാര് പോളി കണ്ണൂക്കാടന്

വീഡിയോ സന്ദേശം കേള്ക്കുവാന്👇
https://www.facebook.com/share/v/1QuKFcZEpE/
ക്രൈസ്തവ വിശ്വാസത്തിന്റെ ആധാരശിലയാണ് ദൈവപുത്രനായ ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ അനുസ്മരിക്കുകയും ആചരിക്കുകയും ചെയ്യുന്ന ഈസ്റ്റര്. അന്ധകാരശക്തികള്ക്കും പീഡനങ്ങള്ക്കും കുരിശുമരണത്തിനുംമേല് വിജയം വരിച്ച നിത്യതയുടെ വിളംബരമായിരുന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം.
തളര്ച്ചയിലും തകര്ച്ചയിലും പ്രതിസന്ധികളിലും വെല്ലുവിളികളിലും സമസ്ത ജനങ്ങള്ക്കും പ്രത്യാശയുടെ ഉണര്ത്തുപാട്ടാണ് ഈസ്റ്റര്.
യുദ്ധവും സംഘര്ഷവും കലഹങ്ങളും അക്രമങ്ങളും നമ്മുടെ ജീവിത പരിസരങ്ങളില് അശാന്തിയും ആശങ്കകളും പരത്തിയിരിക്കുന്നു. വ്യക്തികളും ജനസമൂഹങ്ങളും ദേശങ്ങളും രാജ്യങ്ങളും ചിന്തയിലും പ്രവര്ത്തനങ്ങളിലും മതിലുകള് തീര്ത്ത് സ്വാര്ഥതയുടെ തുരുത്തുകളായി മാറിക്കൊണ്ടിരിക്കുന്ന കാലം.
സത്യവും നീതിയും സ്നേഹവും കാരുണ്യവും വിഭാഗീയതകള്ക്കും വിദ്വേഷപ്രചാരണങ്ങള്ക്കും മുന്നില് തമസ്ക്കരിക്കപ്പെടുന്ന കാലം. മദ്യവും ലഹരിയും അഴിമതിയും അക്രമവും ചൂഷണവും വഞ്ചനയും മനുഷ്യജീവിതങ്ങളുടെ നിറം കെടുത്തിക്കൊണ്ടിരിക്കുന്ന ആസുരമായ കാലം. ഇവയ്ക്കെല്ലാം ഇരകളായി മനസ്സുമടുത്ത് മോചനത്തിനുവേണ്ടി കേഴുന്നവരുടെ ശബ്ദങ്ങള് അടിച്ചമര്ത്തപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നു.
ക്രിസ്തുവിന്റെ ഉയിര്ത്തെഴുന്നേല്പ്പ് ചൂണ്ടിക്കാട്ടുന്നത് പ്രത്യാശയിലേക്കും നവജീവിതത്തിലേക്കുമുള്ള നടപ്പാതകളെയാണ്. സാര്വത്രിക കത്തോലിക്കാസഭ ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ 2025-ാമാണ്ട് ആഘോഷിക്കുന്ന ജൂബിലി വേളയില് ഇത്തവണത്തെ ഈസ്റ്ററിന് പ്രത്യേക പ്രാധാന്യം കൈവരുന്നു. ദൈവത്തിന്റെ പിതൃത്വവും മനുഷ്യവംശത്തിന്റെ സാഹോദര്യവും ഊന്നിപ്പറയുന്നതാണ് സര്വ മതങ്ങളുടെയും അന്തഃസത്ത.
വിദ്വേഷവും വിഭാഗീയതയും ശത്രുവല്ക്കരണവും അന്യവല്ക്കരണവും മനസ്സില് നിന്നകറ്റി പുതിയ ജീവിതത്തിലേക്ക് ചുവടു വയ്ക്കാന് ഈസ്റ്റര് പ്രചോദനമാകണം. സങ്കുചിത സ്വാര്ഥ ലക്ഷ്യങ്ങളില് നിന്ന് പ്രത്യാശയിലേക്കും വിശ്വമാനവികതയിലേക്കും ഉയിര്ത്തെഴുന്നേല്ക്കാന് വ്യക്തികള്ക്കും സമൂഹങ്ങള്ക്കും ക്രിസ്തുവിന്റെ പുനരുത്ഥാനതിരുനാള് – ഈസ്റ്റര് – നിമിത്തമാകട്ടെ. പ്രത്യാശയുടെ മഹോല്സവമായ ഈസ്റ്ററിന്റെ ആശംസകള് എല്ലാവര്ക്കും നേരുന്നു.