കൂടല്‍മാണിക്യം മണിമാളിക സ്ഥലത്ത് പുതിയ കെട്ടിടസമുച്ചയം, മണ്ണുപരിശോധന ആരംഭിച്ചു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം മണിമാളിക സ്ഥലത്ത് പുതിയ കെട്ടിടസമുച്ചയം നിര്‍മിക്കുന്നതിന് നവംബറില്‍ തറക്കല്ലിടാനൊരുങ്ങി ദേവസ്വം. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്നും പ്രവൃത്തികള്‍ ആരംഭിച്ചാല്‍ എട്ട് മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ദേവസ്വം ചെയര്മാന് യു. പ്രദീപ്മേനോന്‍ പറഞ്ഞു. ഇതിന്റെ മുന്നോടിയായി സ്ഥലത്ത് മണ്ണുപരിശോധന ആരംഭിച്ചു. തൃശൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ നിന്നുള്ള വിദഗ്ധസംഘത്തിന്റെ നേതൃത്വത്തിലാണ് മണ്ണുപരിശോധന നടക്കുന്നത്. മണിമാളിക സ്ഥലത്ത് കെട്ടിടസമുച്ചയം നിര്‍മിക്കുന്നതിന് നേരത്തെതന്നെ ദേവസ്വം കമ്മീഷണറുടെ ഭരണാനുമതി ലഭിച്ചിരുന്നു. മൂന്നു നിലകളിലായി ഠാണാവില്‍ ദേവസ്വം നിര്‍മിച്ച സംഗമേശ്വര കോംപ്ലക്സിന്റെ മാതൃകയിലാണ് ഇവിടേയും നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ദേവസ്വമായതിനാല് പദ്ധതിയുമായി സഹകരിക്കാന്‍ താത്പര്യമുള്ളവരില്‍നിന്ന് മൂന്നോ, നാലോ വര്‍ഷത്തെ പണം മുന്‍കൂറായി വാങ്ങി കെട്ടിടം നിര്‍മിക്കാനാണ് തീരുമാനം. ഒട്ടേറെപേര്‍ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നും അവരുമായി സംസാരിച്ച് കരാര്‍ ഒപ്പുവെച്ചാല്‍ പണി ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെയര്മാന് കൂട്ടിച്ചേര്‍ത്തു. നേരത്തെ പ്ലാനും മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിരുന്നെങ്കിലും കെട്ടിടത്തിലെ വാടകക്കാരില്‍ ചിലര്‍ കെട്ടിടം പൊളിക്കുന്നതിനെതിരെ രംഗത്തെത്തിയതോടെ ദേവസ്വം പദ്ധതിയില്‍നിന്ന് പിറകോട്ടുപോകുകയായിരുന്നു. പേഷ്കാര്‍ റോഡിനും കുട്ടംകുളത്തിനും അഭിമുഖമായി നിന്നിരുന്ന മണിമാളിക കെട്ടിടം വര്‍ഷങ്ങളായി ചോര്‍ന്നൊലിച്ച് അപകട ഭീഷണിയിലായിരുന്നു. തുടര്‍ന്ന് നഗരസഭ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കെട്ടിടം പൊളിച്ചുനീക്കാന്‍ ദേവസ്വം നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് വാടകക്കാരില്‍ ചിലര്‍ ഒഴിഞ്ഞുപോയെങ്കിലും ചിലര്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് കെട്ടിടം പൊളിച്ചുനീക്കാന്‍ ദേവസ്വത്തിന് സാധിച്ചിരുന്നില്ല. പിന്നീട് ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത വാടകക്കാരുടെ യോഗത്തിലെ ധാരണയെ തുടര്‍ന്നാണ് കെട്ടിടം പൊളിച്ചുനീക്കിയത്.