വയോജന പരാതി പരിഹാര അദാലത്തുകള്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ ആഭിമുഖ്യത്തില്‍ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും നിയമം 2007 പ്രകാരം താലൂക്ക് തല പരാതി പരിഹാര അദാലത്തുകള്‍ സംഘടിപ്പിച്ചു. ചാലക്കുടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അദാലത്തില്‍ പരിഗണിച്ച 40 കേസുകളില്‍ 34 കേസുകള്‍ തീര്‍പ്പാക്കി. മെയിന്റനന്‍സ് ട്രൈബ്യൂണല്‍ പ്രിസൈഡിംഗ് ഓഫീസറും ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണല്‍ ഓഫീസറുമായ എം.കെ. ഷാജി പരാതികള്‍ നേരിട്ട് കേട്ടു. ചാലക്കുടി തഹസില്‍ദാര്‍ (എല്‍ആര്‍) എന്‍. അശോക് കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ (എച്ച്ക്യു) കെ.ഡി. രാജന്, ചാലക്കുടി താലൂക്ക് ജൂണിയര്‍ സൂപ്രണ്ട് ഐ.കെ. പൂക്കോയ, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണല്‍ ഓഫീസ് ജൂണിയര്‍ സൂപ്രണ്ട് കെ. ബിന്ദു, സെക്ഷന്‍ ക്ലര്‍ക്ക് കസ്തൂര്‍ബായ്, കണ്‍സിലിയേഷന്‍ ഓഫീസര്‍മാര്‍, മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണല്‍ ഓഫീസ്, കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച മുകുന്ദപുരം താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ 19 കേസുകളില്‍ 14 കേസുകള്‍ തീര്‍പ്പാക്കി. രണ്ടു ദിനങ്ങളിലായി നടത്തിയ വയോജന പരാതിപരിഹാര അദാലത്തില്‍ 59 കേസുകളില്‍ 48 കേസുകള്‍ തീര്‍പ്പായതായി ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍, പ്രിസൈഡിംഗ് ഓഫീസര്‍ എം.കെ. ഷാജി അറിയിച്ചു.