ജനസമക്ഷം 2022 അദാലത്തില്‍ മുകുന്ദപുരം താലൂക്ക് അദാലത്തിന്റെ പരിഗണനയ്ക്കായി വന്നത് 47 അപേക്ഷകള്‍
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് തലത്തില്‍ നടത്തിയ ജനസമക്ഷം 2022 അദാലത്തില്‍ പ്രശ്നങ്ങളും പരാതികളും നേരിട്ടറിയാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദു എത്തി. നിര്‍ധന രോഗികകള്ക്കുളള ധനസഹായം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് പരിഹാരം ഉടനടി കണ്ടെത്തുമെന്ന് മന്ത്രി അറിയിച്ചു. ജില്ലയില്‍ മൂന്നാമതായി നടന്ന താലൂക്ക് അദാലത്തില്‍ 47 അപേക്ഷകളാണ് പരിഗണിച്ചത്. റവന്യൂ, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, സിവില്‍സപ്ലൈസ്, സാമൂഹ്യനീതി, ആരോഗ്യം, എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകളാണ് പരിഗണിച്ചത്. റവന്യൂ 26, തദ്ദേശ സ്വയംഭരണം 11, വിദ്യാഭ്യാസം രണ്ട്, സാമൂഹ്യനീതി ഒന്ന്, സിവില്‍സപ്ലൈസ് മൂന്ന്, ആരോഗ്യം ഒന്ന്, മറ്റ് വകുപ്പുകള്‍ മൂന്ന് എന്നിങ്ങനെയാണ് ലഭിച്ച അപേക്ഷകളുടെ വകുപ്പ് തിരിച്ചുള്ള എണ്ണം. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ആറ് അപേക്ഷകള്‍ നേരിട്ട് തീര്‍പ്പാക്കി. മറ്റ് പരാതികള്‍ പരിശോധിച്ച് അടുത്ത അദാലത്തിന് മുന്‍പ് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാകലക്ടര്‍ ഹരിത വി. കുമാര്‍ നിര്‍ദ്ദേശം നല്കി. ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനില്‍ നടന്ന അദാലത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ വി.എം. ജയകൃഷ്ണന്, ആര്‍ഡിഒ എം. കെ. ഷാജി, തഹസില്‍ദാര്‍ കെ. ശാന്തകുമാരി, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.