നഗ്ന ചിത്രങ്ങളും വീഡിയോയും കാണിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ഒരു ലക്ഷം രൂപ കവരുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട: നഗ്ന ചിത്രങ്ങളും വീഡിയോകളും കാണിച്ച് ഭീഷണി പ്പെടുത്തി വീട്ടമ്മയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ കാട്ടൂര്‍ തൊപ്പിത്തറ പോക്കാക്കില്ലത്ത് വീട്ടില്‍ ആസിഖ് എന്ന സുധീറിനെ (39 ) കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയുടെ ജീവിത സാഹചര്യം മുതലെടുത്ത് സഹായിക്കാനെന്ന വ്യാജേന ഇവരുടെ വീട്ടുകാരുമായി സൗഹൃദം സ്ഥാപിക്കുകയും ഇവരുടെ വീഡിയോകളും ഫോട്ടോകളും എടുക്കുകയും പിന്നീട് അത് കാണിച്ച് ഭീഷണിപ്പെടുത്തി പല തവണകളായി ഒരു ലക്ഷം രൂപയോളം കൈക്കലാക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. നാട്ടില്‍ നിന്നും മാറി താമസിച്ചിരുന്ന പ്രതിയെ കാട്ടൂര്‍ സി ഐ ഇ ആര് ബൈജുവിന്റെ നേതൃത്വത്തില്‍ മണ്ണുത്തി മുടിക്കോട് വാടക വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രി പിടികൂടുകയായിരുന്നു. അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ രമേഷ്, അസി സബ് ഇന്‍സ്പെക്ടര്‍ മിനി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ധനേഷ് സി ജി, ഷൗക്കര്‍ എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.