റോഡില്‍ അപകടക്കുഴികള്‍; ഗതാഗത റൂട്ട് മാറ്റിയോടി സ്വകാര്യ ബസുകള്‍, പ്രതിഷേധവുമായി നാട്ടുകാര്‍
ഇരിങ്ങാലക്കുട: വലിയ കുഴികള്‍മൂലം റോഡ് സഞ്ചാരയോഗ്യമല്ലെന്നാരോപിച്ച് സ്വകാര്യ ബസുകള്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ തിരിച്ചുവിട്ടു. മാര്‍ക്കറ്റിലെ ഇരട്ട കപ്പേളയ്ക്കു സമീപമുള്ള റോഡിലാണ് വലിയ കുഴികള്‍മൂലം തകര്‍ന്നുതരിപ്പണമായി ഗതാഗതം അപകടകരമായ അവസ്ഥയിലുള്ളത്. ബസ് ജീവനക്കാരുടെ നേതൃത്വത്തില്‍ റോഡിലെ കുഴികള്‍ക്കു സമീപമെത്തി പ്രതിഷേധിക്കുകയും തുടര്‍ന്ന് സപീപത്തെ ജംഗ്ഷനിലെത്തി കുരിശങ്ങാടി കപ്പേള വഴി സ്വകാര്യ ബസുകള്‍ തിരിച്ചുവിടുകയായിരുന്നു. കൊടകര, ചാലക്കുടി ആമ്പല്ലൂര്‍ എന്നീ റൂട്ടിലോടുന്ന ബസുകളാണ് ഇതുവഴി കടന്നുപോകുന്നത്.
ബസുകള്‍ വഴിമാറ്റി തിരിച്ചുവിട്ടതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തിയതോടെ പോലീസും സംഭവസ്ഥലത്തെത്തി. റോഡിലെ അപകടകരമായ കുഴികളടച്ച് ഗതാഗതം സുഗമമാക്കാത്തപക്ഷം ബദല്‍ സംവിധാനം എന്ന നിലയ്ക്കാണ് ബസുകള്‍ തിരിച്ചുവിടുന്നതെന്ന് ബസ് തൊഴിലാളികള്‍ പറഞ്ഞു. ബസുകള്‍ റൂട്ട് മാറ്റിയോടുന്നത് ഏറെ അപകടകരമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും നിരവധി പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നതായും പ്രദേശവാസികള്‍ അറിയിച്ചു. റോഡിലെ കുഴി നികത്തണമെന്നാവശ്യവുമായി നഗരസഭാ അധികൃതരെ നിരവധിതവണ സമീപിച്ചെങ്കിലും നടപടി ഉണ്ടാകാത്തതിനാലാണ് ഇത്തരം സമരവുമായി രംഗത്തിറങ്ങിയതെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്.
തുടര്‍ച്ചയായിപെയ്യുന്ന മഴയില്‍ കുഴിയില്‍ വെള്ളംകെട്ടി നില്ക്കുന്നതുമൂലം അപകടസാധ്യത ഏറെയാണ്. നിരവധി പേരാണ് ഈ റോഡില്‍ അപകടത്തില്‍പ്പെടുന്നത്. 2023 ഓക്ടോബര്‍ 23ന് മടത്തിക്കര ലൈനില്‍ മുക്കുളംവീട്ടില് മോഹനന്റെ മകന് ബിജോയ്(43) എന്ന യുവാവ് ഇവിടത്തെ കുഴിയില്‍ ബൈക്ക് മറിഞ്ഞാണ് മരണപ്പെട്ടത്. ഇതേ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ കുഴികളടച്ചുവെങ്കിലും പിന്നീട് ഇതേ സ്ഥലത്ത് കുഴികള്‍ രൂപപ്പെടുകയാണ് ഉണ്ടായത്. കുറച്ചുദിവസംമുമ്പ് മനാര്ക്കറ്റിലെ വ്യാപാരിയ്ക്കും ഇവിടത്തെ കുഴിയില്‍വീണ് ഗുരുതരമായി പരിക്കുപറ്റിയിരുന്നു.
ഇപ്പോള്‍ റോഡ് തകര്‍ന്നിട്ട് രണ്ടുമാസമായെന്നും നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഫെനി എബിന് വെള്ളാനിക്കാരന്റെ വാര്‍ഡിലാണ് ഇത് ഉള്‍പ്പെടുന്നതെന്നും ജീവനക്കാര്‍ പറഞ്ഞു. റോഡിലെ കുഴികളടച്ച് ഗതാഗതം സുഗമാക്കുന്നതോടെ ശരിയായ വണ്‍വേ സമ്പ്രദായം പാലിക്കാമെന്നും അല്ലാത്തപക്ഷം കുിശങ്ങാടി വഴിയേ സ്വകാര്യ ബസുകള്‍ പോകുകയുള്ളൂവെന്നും ജീവനക്കാര്‍ പറഞ്ഞു. ഇതുവഴിയുള്ള ഗതാഗതം തടഞ്ഞാല്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനാണ് നീക്കം.
പ്രതിഷേധസമരത്തിന് ബസ് എംപ്ലോയേഴ്സ് യൂണിയന് (സിഐടിയു) ജില്ലാ ജോയിന്റ് സെക്രട്ടറി ലിസന്‍ മാടാനി, കൊടകര മേഖല സെക്രട്ടറി ജോമിസ് ജോണി, ചാലക്കുടി മേഖല വൈസ് പ്രസിഡന്റ് കെ.ആര്. ശ്രീജിത്ത്, ചാലക്കുടി മേഖല ജോയിന്റ് സെക്രട്ടറി ജോബി ജോര്‍ജ്, കൊടകര മേഖല വൈസ് പ്രസിഡന്റ് ബിജു എന്നിവര്‍ നേതൃത്വംനല്കി. തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തില്‍ പോലീസ് ഇരുകൂട്ടരെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
ഇന്ത്യ ശ്രീലങ്ക എന്‍സിസി സൈക്ലിംഗ് പര്യടനം 2027: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കേഡറ്റുകള്‍ കൊളംബോയിലെത്തി
റോട്ടറി സെന്‍ട്രല്‍ ക്ലബ്ബിന്റെ കാരുണ്യസ്പര്‍ശം; പൊറത്തിശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ഊഞ്ഞാലുകളും ബഞ്ചുകളും സമ്മാനിച്ചു
ഐടിയു ബാങ്കില്‍ വായ്പാ അദാലത്ത് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസിന് എംഎം ഗനി അവാര്‍ഡ്