വയോധികയെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ട് പോയി സ്വര്‍ണ്ണമാല മോഷണം; തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍

ഇരിങ്ങാലക്കുട: വയോധികയെ വീട്ടില്‍ കൊണ്ട് വിടാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ട് പോയി സ്വര്‍ണ്ണമാല മോഷണം നടത്തിയ സംഭവത്തില്‍ തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍. 2025 ഏപ്രില്‍ 16 നാണ് സംഭവം നടന്നത്. മുരിയാട് പാറേക്കാട്ടുകര സ്വദേശിനി വിയ്യത്ത് വീട്ടില്‍ തങ്കമണി (73) ചികിത്സക്കായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പോയി തിരികെ വീട്ടില്‍ പോകുന്നതിനായി ബസ് കാത്ത് നില്ക്കുമ്പോള് ആശുപത്രിയില്‍ വെച്ച് പരിചയപ്പെട്ട പ്രതികളായ രണ്ട് സ്ത്രീകള്‍ എവിടേക്കാണ് പോകുന്നത് എന്ന് ചേദിക്കുകയും പാറേക്കാട്ടുക്കരയിലേക്കാണെന്ന് പോകുന്നതെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളും അവിടേക്കാണെന്നും അവിടെ ആക്കാമെന്നും പറഞ്ഞു.
ഓട്ടോയില്‍ പോകുന്നതിനുള്ള പണമില്ലായെന്ന് പറഞ്ഞപ്പോള്‍ പ്രതികള്‍ പണം കൊടുക്കാമെന്ന് പറഞ്ഞ് ആശുപത്രിയുടെ മുന്നിലെ ഓട്ടോ സ്റ്റാന്റില്‍ നിന്ന് ഒരു ഓട്ടോറിക്ഷ വിളിച്ച് തങ്കമണിയെ നടുക്കിരുത്തി പോവുകയായിരുന്നു. തുടര്‍ന്ന് പാറേക്കാട്ടുകരയിലെ റേഷന്‍ കടയുടെ മുന്‍വശം തങ്കമണിയെ ഇറക്കി വിട്ട് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. ഓട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ അല്പ സമയം കഴിഞ്ഞാണ് തങ്കമണി മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഉടനെ നാട്ടുക്കാരെ അറിയിച്ച് പ്രതികളെക്കുറിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തങ്കമണിയുടെ കഴുത്തില്‍ കിടന്നിരുന്ന ഒരു ലക്ഷത്തി അറുപതിനായിരം രൂപ വിലവരുന്നതും രണ്ടേ മുക്കാല്‍ പവന് തൂക്കം വരുന്നതുമായ സ്വര്‍ണ്ണമാലയാണ് അതി വിദഗ്ദമായി മോഷണം പോയത്.
തമിഴ്നാട് പൊള്ളാച്ചി വാടിപ്പെട്ടി സ്വദേശിനി അമ്മു (26) നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തൃശൂര്‍ വനിതാ ജയിലിലേക്ക് റിമാന്റ് ചെയ്തു. ഈ കേസിലെ അന്വേഷണം നടത്തുന്നതിനിടയില്‍ പ്രതികള്‍ തങ്കമണിയുമായി ഇടപഴകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിക്കുകയും ഈ ദൃശ്യങ്ങള്‍ മറ്റ് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലേക്ക് അയക്കുകയും ചെയ്തതില്‍ പ്രതികളെക്കുറിച്ച് സൂചന ലഭിക്കുകയായിരുന്നു.
തുടര്‍ന്ന് ഈ കേസിലെ പ്രതിയായ അമ്മുവിനെ കോഴിക്കോട് നടക്കാവ് പോലീസ് സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീ് മേധാവി ബി.കൃഷ്ണകുമാര്‍ ഐ.പി.എസ് ന്റെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട പോലീസ് നടക്കാവ് പോലീസ് സ്റ്റേഷനില്‍ ചെന്ന് പ്രതിയെ കൂട്ടിക്കൊണ്ട് വന്ന് തങ്കമണിയെ കാണിച്ച് പ്രതിയെ തിരിച്ചറിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അമ്മു തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഒരു മോഷണക്കേസില്‍ പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.എസ് ഷാജന്, ജൂനിയര്‍ എസ്.ഐ. സഹദ്, എ.എസ്.ഐ. മെഹറുന്നീസ, സി.പി.ഒ. മാരായ മുരളീകൃഷ്ണന്, ഹബീബ്.എം.എ, ടെസ്നി ജോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.