ഇന്ത്യ ശ്രീലങ്ക എന്‍സിസി സൈക്ലിംഗ് പര്യടനം 2027: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കേഡറ്റുകള്‍ കൊളംബോയിലെത്തി
പി.എസ്. കല്യാണി, ലക്ഷ്മി ചന്ദന.

ഇരിങ്ങാലക്കുട: എന്‍സിസിയുടെ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സൈക്ലിംഗ് ദൗത്യമായ ഇന്ത്യ ശ്രീലങ്ക എന്‍സിസി സൈക്ലിംഗ് പര്യടനം 2027ന്റെ ഭാഗമായുള്ള അതിര്‍ത്തി കടന്നുള്ള യാത്രയ്ക്കായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ രണ്ട് എന്‍സിസി കേഡറ്റുകള്‍ ശ്രീലങ്കയിലെ കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. വിമാനത്താവളത്തില്‍ എത്തിയ കേഡറ്റുകളെ ശ്രീലങ്കയുടെ പാരമ്പരാഗത വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. കഴിഞ്ഞ മൂന്നു മാസത്തോളമായി കൊല്ലത്ത് നടന്ന ചിട്ടയായ സംയുക്ത പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് പര്യടനം ആരംഭിച്ചിരിക്കുന്നത്.
തൃശൂര്‍ ഏഴ് കേരള ഗേള്‍സ് ബറ്റാലിയന് എന്‍സിസിക്ക് കീഴിലുള്ള സെന്റ് ജോസഫ്സ് കോളജ് യൂണിറ്റിലെ ക്വാര്‍ട്ടര്‍ മാസ്റ്റര്‍ സര്‍ജന്റ് പി.എസ്. കല്യാണി, കേഡറ്റ് ലക്ഷ്മി ചന്ദന എന്നിവരാണ് ഈ അഭിമാനകരമായ ദൗത്യത്തില്‍ കേരളത്തെ പ്രതിനിധീകരിക്കുന്നത്. കേരളത്തില്‍ നിന്നും ആകെയുള്ള ആറ് വനിതാ കേഡറ്റുകളില്‍ രണ്ടുപേരും സെന്റ് ജോസഫ്സ് കോളജിലെ വിദ്യാര്‍ഥിനികളാണ്. പി.എസ്. കല്യാണി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയും ലക്ഷ്മി ചന്ദന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുമാണ്. ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലും സുരക്ഷയിലുമാണ് ഈ സാഹസിക യാത്ര നടക്കുന്നത്.
കൊളംബോയില്‍ നിന്ന് സൈക്കിള്‍ മാര്‍ഗം യാത്ര തിരിക്കുന്ന സംഘം ശ്രീലങ്കയിലെ വിവിധ പ്രദേശങ്ങള്‍ പിന്നിട്ട് കടല്‍മാര്‍ഗം ഇന്ത്യയിലെത്തുകയും തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലൂടെ സൈക്കിള്‍ ചവിട്ടി ഏകദേശം 70 ദിവസങ്ങള്‍ കൊണ്ട് ന്യൂഡല്‍ഹിയില്‍ എത്തിച്ചേരുകയും ചെയ്യും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ എത്തുന്ന കേഡറ്റുകളെ പ്രധാനമന്ത്രി നേരിട്ട് സ്വീകരിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും യുവജനങ്ങളുടെ സഹകരണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സംയുക്ത സൈക്ലിംഗ് പര്യടനം സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള ഈ ദൗത്യത്തിന് തെരഞ്ഞെടുക്കപ്പെട്ട കേഡറ്റുകള്‍ക്ക് കോളജ് അധികൃതരും ഏഴ് കേരള ഗേള്‍സ് ബറ്റാലിയന് അധികൃതരും ആശംസകള്‍ നേര്‍ന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
വെസ്റ്റാ ബാലകലോത്സവത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
ഉപജില്ലാ കലോത്സവം നാഷണല്‍ എച്ച്എസ്എസിന് ഓവറോള്‍ കിരീടം
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി