മനുഷ്യകുലത്തിന്റെ ജീവിത ശൈലികളെ മാറ്റിമറിയ്ക്കുമ്പോള്‍ ഇതാ.. കോവിഡ് കാലത്തൊരു ഹരിത കല്യാണം
പടിയൂര്‍: കോവിഡ് മനുഷ്യകുലത്തിന്റെ ആകമാന ജീവിത ശൈലികളെയും മാറ്റിമറിയ്ക്കുമ്പോള്‍ വിവാഹം പോലുള്ള ആഘോഷങ്ങള്‍ ചുരുക്കപ്പെടുന്നതിന്റെ മനോവ്യഥ പറയുന്നവരാണു പലരും. എന്നാല്‍ നാടും നാട്ടുകാരും പ്രകൃതിയോടിണങ്ങി ചേര്‍ന്ന് ലളിത സുന്ദരമായൊരു വിവാഹാഘോഷത്തിലൂടെ വേറിട്ട മാതൃകയായി എടതിരിഞ്ഞി കുഞ്ഞിലിക്കാട്ടില്‍ മണി-ശാന്ത ദമ്പതികളുടെ മകന് ശരത്തിന്റെയും പോട്ട രാമദാസ്-ഉഷ ദമ്പതികളുടെ മകള്‍ ശ്രുതിയുടെയും വിവാഹം.
തെങ്ങോലയിലെഴുതിയ സ്വാഗത ഫലകം മുതല്‍, വെള്ളം കുടിക്കാനായുള്ള മണ്‍ഗ്ലാസുകള്‍,
ഭക്ഷണം കഴിക്കാനായി പാള പാത്രങ്ങള്‍, വിവിധ തരം കിഴങ്ങു പുഴുക്കുകള്‍ നിറഞ്ഞ നാടന്‍ ഭക്ഷണം, വാഴപിണ്ടി കൊണ്ടും ചണ ചാക്കുകൊണ്ടും നിര്‍മിച്ച വിവാഹ വേദി.
എത്തി ചേര്‍ന്നവര്‍ക്കെല്ലാം വധൂവരന്മാരുടെ സ്നേഹോപഹാരമായി ഫലവൃക്ഷ തൈകള്‍, അവ വീടുകളിലേക്കു കൊണ്ടു പോകാനുള്ള തുണി സഞ്ചിവരെ സര്‍വത്ര പ്രകൃതി സൗഹാര്‍ദ വസ്തുക്കള്‍.
വര്‍ഷങ്ങളായി ജൈവ കൃഷിയുടെയും ജൈവ ഉത്പന്നങ്ങളുടെയും പ്രചാരകനായി പ്രവര്‍ത്തിയ്ക്കുന്ന ശരത്ത് തന്റെ വിവാഹം കര്‍ഷകര്‍ ബഹുമാനിയ്ക്കപ്പെടേണ്ടുന്നതിന്റെ ഹരിത സന്ദേശം സമൂഹത്തിനു
പകരുന്നതിനായി വിവാഹ ചടങ്ങായ സേവ് ദ ഡെയ്റ്റ് ഫോട്ടോഷൂട്ട് നടത്തിയതു പാടത്തിറങ്ങി വിത്ത് വിതച്ചു കൊണ്ടാണ്.
എല്ലാ ചടങ്ങുകളും കേരള സര്‍ക്കാരിന്റെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചു നടത്തിയതിനു സര്‍ക്കാര്‍ വക ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുമോദന പത്രം പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന്, വാര്‍ഡ് മെമ്പര്‍ ജയശ്രീ ലാല്‍ എന്നിവര്‍ ചേര്‍ന്നു ദമ്പതികള്‍ക്കു സമ്മാനിച്ചു.