ഇരിങ്ങാലക്കുടയില്‍ കെഎസ്ആര്‍ടിസി വരുമാനം പകുതിയായി-ട്രിപ്പുകള്‍ ക്രമീകരിച്ചു
ഇരിങ്ങാലക്കുട: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ മറികടക്കാന്‍ സര്‍വീസുകള്‍ വെട്ടികുറയ്ക്കാതെ ട്രിപ്പുകള്‍ ക്രമീകരിച്ച് ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി അധികൃതര്‍. വരുമാനം കുറഞ്ഞ ട്രിപ്പുകള്‍ ഓടിക്കാതെ വരുമാനമുള്ള ട്രിപ്പുകള്‍ കൂടുതലായി വിനിയോഗിക്കാനാണു തീരുമാനം. യാത്രക്കാര്‍ കുറഞ്ഞതോടെ ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിലെ വരുമാനം പകുതിയായെങ്കിലും സര്‍വീസുകള്‍ വെട്ടികുറച്ചിട്ടില്ലെന്നു അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസി സബ് ഡിപ്പോകളിലൊന്നാണു ഇരിങ്ങാലക്കുട. നേരത്തെ പ്രതിദിനം 1.80 ലക്ഷം വരെ ലഭിച്ചിരുന്നതാണു ഇപ്പോള്‍ ഒരു ലക്ഷത്തില്‍ താഴെയായി കുറഞ്ഞു പകുതിയായിരിക്കുന്നതെന്നു അധികൃതര്‍ പറഞ്ഞു. തൃശൂര്‍, എറണാകുളം ഫാസ്റ്റുകള്‍, എറണാകുളം ഗുരുവായൂര്‍, മാനന്തവാടി, മുണ്ടക്കയം, ചോറ്റാനിക്കര എന്നിങ്ങനെ ഇരിങ്ങാലക്കുടയില്‍ നിന്നും 12 സര്‍വീസുകളാണു ഇപ്പോള്‍ നടത്തുന്നത്. രാവിലെയുള്ള തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് കോട്ടയം വരെയായി ചുരുക്കി. ആളുകള്‍ കൂടുതലുള്ള ട്രിപ്പുകള്‍ ഓടിച്ച് വരുമാനം വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ യാത്രക്കാര്‍ കുറഞ്ഞ് കളക്ഷനു വലിയ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. രാത്രികാല കര്‍ഫ്യൂവും ബസില്‍ സ്റ്റാന്റിംഗ് പറ്റില്ലെന്നുള്ള നിര്‍ദേശം വന്നതുമാണു കളക്ഷന്‍ കുറയാന്‍ കാരണമെന്നു അധികൃതര്‍ വ്യക്തമാക്കി. നേരത്തെ കോവിഡ് വ്യാപകമായ സമയത്തുണ്ടായ അവസ്ഥയിലാണു ഇപ്പോഴത്തെ സ്ഥിതി. മാത്രമല്ല, പൊതുഗതാഗത സംവിധാനം ഉപയോഗിച്ചിരുന്ന ജോലിക്കാര്‍ കോവിഡ് ഭയന്ന് ഭൂരിഭാഗവും സ്വന്തം വാഹനം ഉപയോഗിക്കാന്‍ തുടങ്ങിയതും തിരിച്ചടിയായി. സാധാരണ യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നു ജീവനക്കാര്‍ പറഞ്ഞു. അത്യാവശ്യക്കാര്‍ മാത്രമാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്.