പുത്തന്‍തോട് ബണ്ട് സംരക്ഷണഭിത്തി നിര്‍മാണം നീളുന്നു
2018 ലെ പ്രളയത്തിലും 2019 ലേയും 2020 ലേയും കാലവര്ഷങ്ങളിലും ബണ്ട് ഇടിഞ്ഞു
കരുവന്നൂര്‍: കാലവര്‍ഷത്തില്‍ ഇടിഞ്ഞുപോയ പുത്തന്‍തോട് പാലത്തിനു സമീപത്തുള്ള ബണ്ട് റോഡില്‍ സംരക്ഷണഭിത്തി നിര്‍മാണം ഇനിയും യാഥാര്‍ഥ്യമായില്ല. അരികിടിഞ്ഞ ഭാഗങ്ങളില്‍ താത്കാലിക സംവിധാനമൊരുക്കുന്നതിനായി കരാര്‍ നല്‍കിയിരുന്നെങ്കിലും നഷ്ടം ഭയന്ന് കരാറുകാരന് പണി നടത്താതെ പോയതോടെയാണു ഇപ്പോഴത്തെ പ്രതിസന്ധി. 2018 ലേയും 2019 ലേയും 2020 ലേയും കാലവര്ഷങ്ങളിലും ഇരുകരയിലുമുള്ള ബണ്ട് റോഡുകളുടെ അരികിടിഞ്ഞിരുന്നു. 2018 ലെ പ്രളയത്തിലാണു പുത്തന്‍തോട് പാലത്തിനു സമീപം മൂര്‍ക്കനാട്, ചെമ്മണ്ട, കോന്തിപുലം എന്നീ ഭാഗങ്ങളിലേക്കു പോകുന്ന തെക്കേ ബണ്ട് റോഡിന്റെ അരിക് ആദ്യം ഇടിഞ്ഞുവീണത്. 2019 ലും 2020 ലും ബണ്ട് റോഡിന്റെ അരിക് ഇടിഞ്ഞു പോകുകയും ചെയ്തു. ഇരുകരയിലേയും ബണ്ട് റോഡുകള്‍ ഇടിഞ്ഞ് സംരക്ഷണ ഭിത്തി ഇടിയുന്ന സാഹചര്യത്തില്‍ സംരക്ഷണഭിത്തി നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. സംഭവത്തെത്തുടര്‍ന്ന് പ്രഫ. കെ.യു. അരുണന് എംഎല്‍എ അടക്കമുള്ളവരും കെഎല്‍ഡിസി അധികൃതരും സ്ഥലം സന്ദര്‍ശിക്കുകയും അടിയന്തിരമായി മണ്ണിടിച്ചില്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നു ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല. കഴിഞ്ഞ ഓഗസ്റ്റില്‍ പുത്തന്‍തോടിന്റെ വടക്കേ ബണ്ട് ഇടിഞ്ഞതിനെത്തുടര്‍ന്നു ജില്ലാ കളക്ടറുടെ നിര്‍ദേശമനുസരിച്ച് താത്കാലിക സംവിധാനമൊരുക്കാന്‍ മുനിസിപ്പല്‍ എന്‍ജിനീയര്‍ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. മണ്ണിടിച്ചില്‍ തടയാന്‍ മണല്‍ച്ചാക്കുകളിട്ട് താത്കാലിക സംവിധാനമൊരുക്കുന്നതിനു എസ്റ്റിമേറ്റ് തയാറാക്കാന്‍ ജില്ലാ കളക്ടര്‍ മുകുന്ദപുരം തഹസില്ദാറോടു നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ എന്‍ജിനീയറുമായി സ്ഥലം സന്ദര്‍ശിക്കുകയും എസ്റ്റിമേറ്റ് തയാറാക്കി ജില്ലാ കളക്ടര്‍ക്കു സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം മണ്ണിടിഞ്ഞ ഭാഗത്ത് താത്കാലിക സംവിധാനമൊരുക്കുന്നതിനായി നഗരസഭ ടെന്‍ഡര്‍ വിളിച്ച് കരാറുകാരനെ ഏല്‍പ്പിച്ചെങ്കിലും പണി നടത്താന്‍ കരാറുകാരന് തയാറായില്ല. സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനായി കെഎല്‍ഡിസി രണ്ടുതവണ ടെന്‍ഡര്‍ വിളിച്ചെങ്കിലും ഏറ്റെടുക്കാന്‍ ആളുണ്ടായിരുന്നില്ലെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ അതിനുശേഷം മാത്രമേ പുതിയ എസ്റ്റിമേറ്റ് എടുത്ത് ടെന്‍ഡര്‍ വിളിക്കാന്‍ കഴിയൂവെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ അതിനുശേഷം മാത്രമേ പുതിയ എസ്റ്റിമേറ്റ് എടുത്ത് ടെന്‍ഡര്‍ വിളിക്കാന്‍ കഴിയൂവെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാലവര്‍ഷത്തിനു മുമ്പ് സംരക്ഷണഭിത്തി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഈ വര്‍ഷവും തോടിന്റെ അരികിടിയുമോയെന്ന ആശങ്കയിലാണു പ്രദേശവാസികള്‍.