ഭക്തിസാന്ദ്രം; ആയിരങ്ങളെ സാക്ഷിയാക്കി സംഗമേശന് രാപ്പാള്‍ കടവില്‍ ആറാട്ട്
ഇരിങ്ങാലക്കുട: ഭക്തിയുടെ നിറവില്‍ ആയിരങ്ങളെ സാക്ഷിയാക്കി രാപ്പാള്‍ ആറാട്ടുകടവില്‍ സംഗമേശന്റെ ആറാട്ട്. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നിന്ന് പരിവാരസമേതം ആറാട്ടിനെഴുന്നള്ളിയ സംഗമേശന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് രാപ്പാള്‍ കടവില്‍ ആറാട്ട് നടത്തിയത്. ഇന്നലെ രാവിലെ പള്ളിയുണര്ന്ന സംഗമേശ്വരന് ആറാട്ടിനായി രാപ്പാള്‍ ആറാട്ടുകടവിലേക്ക് എഴുന്നള്ളി. വൈഷ്ണവമന്ത്രമുഖരിതമായ അന്തരീക്ഷത്തിലാണ് സംഗമേശ്വരന്റെ ആറാട്ടെഴുന്നള്ളിപ്പ് ആരംഭിച്ചത്. ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയില്‍ തിങ്ങി നിറഞ്ഞ ഭക്തരെ സാക്ഷി നിര്‍ത്തി ഭഗവാനെ പുറത്തേക്ക് എഴുന്നള്ളിച്ചു. വലിയ ബലികല്ലില് ബലി തൂവി, കൊടിമരത്തിന് പ്രദക്ഷിണം ചെയ്ത് കയ്യിലേന്തിയ വിഗ്രഹവുമായി മേല്‍ശാന്തി പ്രദക്ഷിണം പൂര്‍ത്തിയാക്കി. തുടര്‍ന്ന് സംഗമേശ്വര ചൈതന്യത്തെ തിടമ്പിലേയ്ക്കാവാഹിച്ച് ആനപ്പുറത്ത് കയറ്റി കിഴക്കേ ഗോപുര കവാടം വഴി പുറത്തേക്ക് ഇറങ്ങി. കിഴക്കെ നടയില്‍ പോലീസ് ആചാരപ്രകാരമുള്ള ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. വടക്കുംനാഥന് ശിവന് ഭഗവാന്റെ തിടമ്പേറ്റി. കൊളക്കാടന്‍ കുട്ടികൃഷ്ണനും പുതുപ്പള്ളി ഗണേശും അകമ്പടിയായി. രാപ്പാള്‍ ആറാട്ടു കടവിലേക്ക് പുറപ്പെട്ട ഭഗവാനെ നൂറുകണക്കിന് ആളുകള്‍ അനുഗമിച്ചു. രാവിലെ ഇരിങ്ങാലക്കുടയില്‍ നിന്നും കാല്‍നടയായി പുറപ്പെട്ട എഴുന്നള്ളിപ്പ് രാപ്പാള്‍ ആറാട്ടു കടവില്‍ എത്തിച്ചേര്‍ന്ന് ഉച്ചതിരിഞ്ഞ് 1.30 ഓടെയാണ് ആറാട്ട് നടന്നത്. തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടത്തിയ പൂജകള്‍ക്കുശേഷം തിടമ്പ് ഏന്തിക്കൊണ്ട് മൂന്ന് പ്രാവശ്യം പുഴയില്‍ മുങ്ങി ആറാട്ടു നടത്തിയപ്പോള്‍ ഭക്തജനങ്ങള്‍ ആര്‍പ്പുവിളികളോടെ ആറാട്ടില്‍ പങ്കെടുത്ത് നിര്‍വൃതി നേടി. മേല്‍ശാന്തി പുത്തില്ലത്ത് ആനന്ദന് നമ്പൂതിരി, പരികര്മി മണക്കാട് പരമേശ്വരന് നമ്പൂതിരി എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് മഞ്ഞള്‍പൊടി കൊണ്ട് അഭിഷേകവും പൂജയും നടത്തിയ ശേഷം മഞ്ഞള്‍പൊടി ഭക്തജനങ്ങള്‍ക്ക് പ്രസാദമായി വിതരണം ചെയ്തു. തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് കഞ്ഞിയും പുഴുക്കും പപ്പടവും മാങ്ങക്കറിയും വിതരണം ചെയ്തു. രാപ്പാള്‍ എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിലാണ് ആറാട്ടുകഞ്ഞി വിതരണം ചെയ്തത്.
കൂടല്‍മാണിക്യം ക്ഷേത്രോത്സവം സമാപിച്ചു ആറാട്ട് കഴിഞ്ഞു മടങ്ങിയ ഭഗവാന് നാടു നീളെ വരവേല്‍പ്പ്
ആറാട്ട് കഴിഞ്ഞ് കൂടല്‍മാണിക്യ ക്ഷേത്രത്തിലേക്കെഴുന്നള്ളിയ ദേവനെ വഴിയോരങ്ങളിലും വീട്ടുമുറ്റത്തും കാത്തുനിന്ന ഭക്തജനങ്ങള്‍ വണങ്ങി നമസ്കരിച്ചു. നിറപറയും കത്തിച്ചുവെച്ച വിളക്കുമായാണ് പലരും ദേവനെ സ്വീകരിക്കാന്‍ കാത്തുനിന്നത്. ചില വീടുകളുടെയും കടകളുടെയും മുന്നില്‍ കൊടിതോരണങ്ങളും ആലക്തിക ദീപങ്ങളും തൂക്കിയിരുന്നു. ഇരിങ്ങാലക്കുട പള്ളിവേട്ട ആല്‍ത്തറയില്‍ സ്വീകരണം നല്കി. എഴുന്നള്ളിപ്പ് ഇരിങ്ങാലക്കുട പള്ളിവേട്ട ആല്‍ത്തറയ്ക്കല്‍ എത്തിയതോടെ പ്രഗത്ഭ വാദ്യകലാകാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം നടന്നു. പരക്കാട് തങ്കപ്പന് മാരാരായിരുന്നു മേള പ്രമാണി. തുടര്‍ന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളി. അത്തിക്കാവ് കാര്ത്തികേയന് തിടമ്പേറ്റി. ഗുരുവായൂര്‍ വിഷ്ണുവും പാറമേക്കാവ് കാശിനഥനും അകമ്പടിയായി. ഉള്ളാനകളായ വെള്ളിമണ്‍ രാമുവും ദേവസ് ആരോമലും അകമ്പടിയുണ്ടായിരുന്നു. അഞ്ചാനകളോടെയുള്ള പഞ്ചവാദ്യ എഴുന്നള്ളിപ്പ് കുട്ടന്‍കുളം പന്തലിലെത്തിയതോട പാണ്ടിമേളം ആരംഭിച്ചു. രാജീവ് വാര്യര്‍ പാണ്ടിമേളത്തിന് നേതൃത്വം നല്കി. രാത്രി ഒന്നരയോടെ എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെ കൊടിക്കല്‍ പറ നിറച്ച് വിഗ്രഹം എഴുന്നള്ളിച്ച് പ്രദക്ഷിണം പൂര്‍ത്തിയാക്കി. ഇതോടെ കൂടല്‍മാണിക്യ സ്വാമി ദര്‍ശനം നല്കല് അവസാനിപ്പിച്ച് അകത്തേക്ക് കയറി. കൊടിയിറക്ക് കര്‍മം നിര്‍വഹിച്ച് ഭഗവാനെ അകത്തേക്കെഴുന്നള്ളിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിനകത്ത് ആറാട്ട് കലശം നടത്തി. ഇതോടെ 10 ദിവസം നീണ്ടുനിന്ന സംഗമപുരിയിലെ ഉത്സവത്തിന് പരിസമാപ്തിയായി.