ആയുധം കാട്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍
ഇരിങ്ങാലക്കുട: ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവാവിന്റെ മൊബൈല്‍ ഫോണ്‍ ആയുധം കാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്ത കേസിലെ മൂന്നു പ്രതികള്‍ പിടിയില്‍. കീഴ്ത്താണി ചെമ്മണ്ട റോഡ് സ്വദേശി പുളിക്കല്‍ വീട്ടില്‍ പാച്ചു എന്ന് വിളിക്കുന്ന സാഗവ് (20), മൂര്‍ക്കനാട് സ്വദേശി കറുത്തപറമ്പില്‍ ഗപ്പി എന്ന് വിളിക്കുന്ന ഗപ്പി അനുമോദ് (21), പൊറത്തിശ്ശേരി ദേശത്ത് മുതിരപ്പറമ്പില്‍ ഡ്യൂക്ക് എന്ന് വിളിക്കുന്ന ഡ്യൂക്ക് പ്രവീണ്‍ (21) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പ്രതി സാഗവ് ഇരിങ്ങാലക്കുട കനാല്‍ ബെയ്സില്‍ 2018 ല്‍ ചുണ്ണാമ്പ് ദേഹത്തേക്ക് തെറിച്ചതിന് ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രധാനിയാണ്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതാണ്. ക്രൈസ്റ്റ് കോളേജിനടുത്തുള്ള ഹോട്ടലില്‍ വച്ച് വില കൂടിയ മൊബൈല്‍ കൈവശം കണ്ട യുവാവിനെ കത്തി ചൂണ്ടിക്കാണിച്ച് താന്‍ കൊലക്കേസ് പ്രതിയാണ് എന്ന് പറഞ്ഞാണ് മൊബൈല്‍ തട്ടിയെടുത്തത്. പ്രതികള്‍ക്ക് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ കഞ്ചാവ്, മോഷണം, കൊലപാതകശ്രമം തുടങ്ങി നിരവധി കേസുകള്‍ നിലവിലുണ്ട്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫെയ്മസ് വര്‍ഗീസിന്റെ നിര്‍ദേശപ്രകാരം സിഐ എം.ജെ. ജിജോയുടെ നേതൃത്വത്തില്‍ എസ്.ഐ. പി.ജി അനുപും സംഘവും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത് . അഡീഷ്ണല്‍ എസ്ഐ. ക്ലീറ്റസ്സ്, എ.എസ്ഐ. ജസ്റ്റിന്, സ്പെഷല്‍ ബ്രാഞ്ച് ഓഫീസര്‍ സനീഷ് ബാബു, സി.പി. ഒ മാരായ വൈശാഖ് മംഗലന്‍, ഫൈസല്‍, അനീഷ്, അരുണ്‍ രാജ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.