കല്പറമ്പ് മുതല്‍ അരിപ്പാലം വരെ വിവിധ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
പൂമംഗലം: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളാങ്ങല്ലൂര്‍-മതിലകം പിഡബ്ല്യുഡി റോഡില്‍ തകര്‍ന്നു കിടക്കുന്ന കല്പറമ്പ് മുതല്‍ അരിപ്പാലം വരെ വിവിധ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി. കുടിവെള്ള പദ്ധതിക്ക് പൈപ്പ് ഇടാന്‍ പൊളിച്ച റോഡ് പദ്ധതി പൂര്‍ത്തീകരിച്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും പുനര്‍ നിര്‍മിക്കാത്തതില്‍ അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നു സമരക്കാര്‍ ആവശ്യപ്പെട്ടു. റോഡില്‍ അഗാധ ഗര്‍ത്തങ്ങളില്‍ വീണു യാത്രക്കാരും ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കും പരിക്ക് പറ്റുന്നതു നിത്യസംഭവം ആയിരിക്കുകയാണ്. ഇതിനു മുമ്പും പല സമരങ്ങളും റോഡ് നിര്മാണത്തിലേ അനാസ്ഥക്കെതിരെ നടത്തിയിരുന്നു. കല്പറമ്പ് സെന്റര്‍ മുതല്‍ അരിപ്പാലം വരെ അഞ്ചു കേന്ദ്രങ്ങളിലാണു സമരക്കാര്‍ പ്രതിഷേധിച്ചത്. എത്രയും പെട്ടന്ന് റോഡ് പുനര്‍ നിര്‍മിച്ചില്ലെങ്കില്‍ പ്രതിഷേധം എംഎല്‍എ ഓഫീസിനു മുമ്പില്‍ ആയിരിക്കുമെന്നു മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു. ഒരേ സമയം നടന്ന സമരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ കെ.കെ. ശോഭനന്, അഡ്വ. ജോസ് മൂഞ്ഞേലി, കെ.പി. സെബാസ്റ്റ്യന്‍, ടി.എസ്. പവിത്രന്, ടി.ആര്. ഷാജു, യൂ. ചന്ദ്രശേഖരന്, എന്‍. ശ്രീകുമാര്‍, ഇ.കെ. സുബ്രമണ്യന്‍, ടി.ആര്. രാജേഷ്, നിക്സണ് വര്‍ഗീസ്, കത്രീന ജോര്‍ജ്, പി.എസ്. ലീന എന്നിവര്‍ നേതൃത്വം നല്കി.