സോഫ്റ്റ് ടെന്നീസ് ഇന്റര്‍സോണ്‍ മത്സരത്തില്‍ ക്രൈസ്റ്റ് കോളജ് ജേതാക്കളായി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ നടത്തിയ കാലിക്കട്ട് സര്‍വകലാശാല പുരുഷ വിഭാഗം സോഫ്റ്റ് ടെന്നീസ് ഇന്റര്‍സോണ്‍ മത്സരത്തില്‍ ക്രൈസ്റ്റ് കോളജ് ജേതാക്കളായി. മുന്‍ ചാമ്പ്യന്മാരായ പിഎസ്എംഒ കോളജ് തിരുരങ്ങാടിയെ 50 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളജ് കിരീടം കരസ്ഥമാക്കിയത്. എംഎഎംഒ കോളജ് മുക്കം മൂന്നാം സ്ഥാനവും എംഇഎസ് കോളജ് മമ്പാട് നാലാം സ്ഥാനവും നേടി. സിംഗിള്‍സ് മത്സരത്തില്‍ ക്രൈസ്റ്റ് കോളജ് മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയായ ഷാരോന്‍ വി. തോമസ് ഒന്നാം സ്ഥാനവും പിഎസ്എംഒ കോളജിന്റെ അബ്ദുല്‍ ബാസിത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍, സോഫ്റ്റ് ടെന്നീസ് സംസ്ഥാന അസോസിയേഷന് സെക്രട്ടറി ഷഫീക്, കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി. കല്യാണ്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.